ജിദ്ദ: ആഗോള ഇസ്ലാമിക സമ്മേളനത്തിനെത്തിയ പ്രമുഖരുമായി സൗദി മതകാര്യ വകുപ്പ് മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ അബ്ദുൽ അസീസ് ആലുശൈഖ് കൂടിക്കാഴ്ച നടത്തി. വിവിധ രാജ്യങ്ങളിൽനിന്നുള്ള പണ്ഡിതന്മാർ, മുഫ്തിമാർ, മതകാര്യ മേധാവികൾ, ഇസ്ലാമിക സംഘടന നേതാക്കന്മാർ എന്നിവരുമായായിരുന്നു കൂടിക്കാഴ്ച.
ഓസ്ട്രിയയിലെ റിലീജ്യസ് അതോറിറ്റിയുടെ തലവൻ ശൈഖ് ഉമിത് വുറാൽ, ലബനാൻ ഗ്രാൻഡ് മുഫ്തി അബ്ദുൽ ലത്തീഫ് ദറിയൻ, ഫലസ്തീൻ മുഫ്തി ശൈഖ് മുഹമ്മദ് ഹുസൈൻ, തുർക്കി മതകാര്യ തലവൻ ശൈഖ് അലി അബ്ദുറഹ്മാൻ അർബാസ്, കസാഖ്സ്താൻ മുഫ്തി ശൈഖ് നൂറിസ്ബേ ഹാജി തഗനുലി, ജംഇയതുൽ ഉലമ ഹിന്ദ് പ്രസിഡൻറ് അർഷാദ് മദനി, ഫ്രഞ്ച് മോസ്ക് ഫെഡറേഷൻ പ്രസിഡന്റ് മുഹമ്മദ് മൗസൗയി.
പാകിസ്താൻ ഹിലാൽ കമ്മിറ്റി ചെയർമാൻ അബ്ദുൽ ഖബീർ ആസാദ്, ലാറ്റിനമേരിക്കൻ-കരീബിയൻ ഇസ്ലാമിക് കാൾ സെൻറർ മേധാവി ഡോ. അഹ്മദ് ബിൻ അലി അൽസൈഫി, മോറിത്താനിയൻ ഗ്രാൻഡ് മുഫ്തി അഹ്മദ് അൽമുറാബിത് അൽശൻഖീതി, അർജൻറിനീയൻ ഇസ്ലാമിക് സെൻറർ ഇമാം ഹാനി ബക്കീർ, അഖിലേന്ത്യ ജംഇയത്ത് അഹ്ലെ ഹദീസ് മേധാവി ശൈഖ് അസ്ഗർ അലി ഇമാം മഹ്ദി സലഫി തുടങ്ങിയവരാണ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. ഇസ്ലാമിക പ്രവർത്തനവും മുസ്ലിംകൾക്കുള്ള സേവനവുമായി ബന്ധപ്പെട്ട് പൊതുതാൽപര്യമുള്ള നിരവധി വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.
സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും ഇസ്ലാമിനും വിശുദ്ധ ഭവനങ്ങൾക്കും പുണ്യസ്ഥലങ്ങൾക്കും നൽകിവരുന്ന സേവനങ്ങൾക്കും പിന്തുണക്കും സമ്മേളന പ്രതിനിധികൾ നന്ദി പ്രകാശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.