ജിദ്ദ: ഇന്തോനേഷ്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഇഫ്താർ വിരുന്ന് ഒരുക്കി സൗദി മതകാര്യ മന്ത്രാലയം. എല്ലാ ഇന്തോനേഷ്യൻ നഗരങ്ങളിലും മന്ത്രാലയം തുടരുന്ന ‘ഖാദിമുൽ ഹറമൈൻ ഇഫ്താർ പദ്ധതി’ക്ക് കീഴിലാണിത്. പടിഞ്ഞാറൻ സുമാത്ര സംസ്ഥാനത്തെ പഡാങ്ങിൽ 1,200 മീറ്റർ നീളത്തിൽ സുപ്ര വിരിച്ച് ഒരുക്കിയ വിരുന്നിൽ ജീവിതത്തിന്റെ നാനാതുറകളിൽ നിന്നുള്ള 8,000-ത്തിലധികം ഇന്തോനേഷ്യൻ പൗരന്മാർ പങ്കെടുത്തു. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും നീളമേറിയ വിരുന്നായി ഗിന്നസ് ബുക്ക് ഓഫ് റെക്കോഡിൽ ഇത് രേഖപ്പെടുത്താൻ ഇന്തോനേഷ്യൻ സർക്കാർ ശ്രമം നടത്തുമെന്ന് വെസ്റ്റ് സുമാത്ര ഗവർണർ സൂചിപ്പിച്ചു. മഹത്തായ ഔദാര്യത്തിന് സൗദി ഭരണകൂടത്തിൽ അദ്ദേഹം നന്ദി പറഞ്ഞു. സൗദിയുടെ അറേബ്യ നടപ്പാക്കുന്ന പരിപാടികളും സംരംഭങ്ങളും നല്ല ഫലങ്ങൾ ഉണ്ടാക്കും.
ഇത് മുസ്ലിംകളും മറ്റ് സമൂഹങ്ങളും തമ്മിലുള്ള സാഹോദര്യ ബന്ധത്തെ ശക്തിപ്പെടുത്തും. 40-ഓളം റസ്റ്റാറൻറുകളുടെ ഏകോപനത്തോടെയും 400 തൊഴിലാളികളുടെ പങ്കാളിത്തത്തോടെയുമാണ് ഇങ്ങനെയൊരു ഇഫ്താർ വിരുന്ന് പൂർത്തിയാക്കാനായതെന്നും വെസ്റ്റ് സുമാത്ര ഗവർണർ പറഞ്ഞു.
ലോകത്തെ വിവിധ രാജ്യങ്ങളിൽ ഖാദിമുൽ ഹറമൈൻ ഇഫ്താർ പദ്ധതിക്ക് കീഴിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചുവരുകയാണ്. അതതു രാജ്യങ്ങളിലെ സൗദി എംബസിയുമായി സഹകരിച്ച് സൗദി മതകാര്യ വകുപ്പാണ് ഇതിന് മേൽനോട്ടം വഹിക്കുന്നത്. നിരവധി പേരാണ് ഇഫ്താറിൽ പങ്കെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.