സ്കൂൾ വിദ്യാർഥിനിയുടെ ജീവൻ അപകടത്തിലകും വിധം വാഹനമോടിച്ചതിന് ഖത്വീഫ് ട്രാഫിക് ഡിപ്പാർട്മെന്‍റ് പിടിച്ചെടുത്ത വാഹനം

വാഹനാപകടത്തിൽനിന്ന് സ്കൂൾ വിദ്യാർഥിനി അത്ഭുതകരമായി രക്ഷപ്പെട്ടു

ദമ്മാം: സ്കൂൾ ബസിൽനിന്നിറങ്ങിയ വിദ്യാർഥിനി റോഡ് മുറിച്ചുകടക്കവേ അമിത വേഗത്തിൽ വന്ന വാഹനമിടിക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. സൗദി കിഴക്കൻ പ്രവിശ്യയിലെ ഖത്വീഫിലാണ് സംഭവം. ഇതിന്‍റെ സി.സി ടി.വി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ അശ്രദ്ധയോടെ സ്കൂൾ ബസിനെ മറികടന്ന വാഹനത്തിന്‍റെ ഡ്രൈവർക്കെതിരെ നടപടി ആവശ്യപ്പെട്ട് നിരവധി പേർ രംഗത്തുവന്നിരുന്നു. തുടർന്ന് ഖത്വീഫ് ട്രാഫിക് ഡിപ്പാർട്മെന്‍റ് ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്തു.

പതിവുപോലെ കഴിഞ്ഞ ദിവസം ഉച്ചയോടെ സ്കൂൾ ബസ് വിദ്യാർഥിനിയുടെ വീടിന് സമീപം നിർത്തുകയായിരുന്നു. തുടർന്ന് ബസിൽ നിന്നിറങ്ങിയ കുട്ടി അതിന്റെ മുന്നിലൂടെ അശ്രദ്ധമായി റോഡിന്‍റെ മറുവശത്തേക്ക് ഓടിപ്പോയി. ഈ സമയം അതിവേഗത്തിലെത്തി സ്കൂൾ ബസിനെ മറികടന്ന മറ്റൊരു വാഹനത്തിന്‍റെ മുന്നിൽനിന്ന് നൂലിഴ വ്യത്യാസത്തിലാണ് കുട്ടി രക്ഷപ്പെട്ടത്.

അടുത്ത കെട്ടിടത്തിലുള്ള സി.സി.ടിവി കാമറയിലാണ് ഈ ദൃശ്യം പതിഞ്ഞത്. സ്കൂൾ ബാഗും തൂക്കി റോഡിന്‍റെ മറുവശത്തുള്ള വീട്ടിലേക്ക് ഓടിപ്പോകുന്നതും അമിത വേഗത്തിലെത്തിയ വാഹനം തൊട്ടടുത്തെത്തി ശക്തിയോടെ ബ്രേക്ക് ചവിട്ടി നിർത്തുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ഇത് ആരോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെ മണിക്കൂറുകൾക്കം ലക്ഷങ്ങളാണ് ഈ ദൃശ്യം കണ്ടത്. ശ്വാസം നിലച്ചുപോകുന്ന കാഴ്ചയാണിതെന്ന് ഒരു രക്ഷിതാവ് പ്രതികരിച്ചു.

കുട്ടികളെ സ്കൂളിലയച്ച് കാത്തിരിക്കുന്ന രക്ഷിതാക്കളെ ആശങ്കയിലാഴ്ത്തുന്ന കാഴ്ചയാണിതെന്നാണ് മറ്റൊരാളുടെ പ്രതികരണം. സ്കൂൾ ബസിനെ മറികടക്കുമ്പോൾ പാലിക്കേണ്ട ട്രാഫിക് നിയമങ്ങൾ ഡ്രൈവർ പാലിച്ചില്ലെന്ന് അധികൃതർ പറഞ്ഞു. വിദ്യാർഥികളുടെ ജീവൻ തന്നെ അപകടത്തിലാക്കുന്ന രീതിയിൽ വാഹനമോടിച്ച ഡ്രൈവർക്കെതിരെ ഉചിതമായ നടപടിയെടുക്കാനും നിർദേശിച്ചിട്ടുണ്ട്.

സ്കൂൾ ബസുകളെ മറികടക്കുമ്പോൾ വാഹനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. മാത്രമല്ല സ്കൂൾ ബസുകൾ നിർത്തുമ്പോൾ റോഡരികു ചേർത്ത് കൃത്യമായ പാർക്കിങ് നിയമങ്ങൾ പാലിച്ചു മാത്രമെ പാടുള്ളൂ. അത് പാലിക്കാതെ റോഡിന്റെ മധ്യത്തിൽ സ്കൂൾ വാഹനം നിർത്തിയ ഡ്രൈവറെയും സോഷ്യൽ മീഡിയയിൽ ആളുകൾ വിചാരണ ചെയ്തു. വിദ്യാർഥികളെ കയറ്റുമ്പോഴും ഇറക്കുമ്പോഴും സ്കൂൾ ബസുകളെ മറികടക്കരുതെന്ന് വാഹന ഉടമകൾക്ക് ട്രാഫിക് വകുപ്പ് മുന്നറിയിപ്പ് നൽകി. ഈ നിയമം ലംഘിച്ചാൽ 6,000 റിയാൽ വരെ പിഴയീടാക്കാവുന്ന കുറ്റമാണെന്നും ട്രാഫിക് വകുപ്പ് വിശദീകരിച്ചു.

Tags:    
News Summary - The school girl miraculously survived the car accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.