ജിദ്ദ: ഗസ്സയിലെ സ്ഥിതി അപകടകരമാണെന്ന് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. തിങ്കളാഴ്ച ബെയ്ജിങ്ങിൽ ചൈനീസ് വിദേശകാര്യ മന്ത്രാലയ പ്രതിനിധികളും അറബ്, ഇസ്ലാമിക മന്ത്രിതല സമിതിയും ചേർന്ന് നടത്തിയ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം ആവർത്തിച്ച് വ്യക്തമാക്കിയത്. ഗസ്സയിലെ പ്രതിസന്ധിക്ക് അടിയന്തര പരിഹാരത്തിനായുള്ള ശ്രമങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിന് ചൈനയുമായി ചേർന്ന് പ്രവർത്തിക്കാൻ കഴിയുമെന്ന് സമിതി പ്രതീക്ഷിക്കുന്നതായി വിദേശകാര്യ മന്ത്രി പറഞ്ഞു.
ഫലപ്രദമായ അന്താരാഷ്ട്ര നടപടികളുടെ അഭാവത്തിലും ഇസ്രായേൽ ലംഘനങ്ങൾ തടയാൻ അന്താരാഷ്ട്ര സമൂഹം ആവശ്യമായ നിലപാടുകൾ സ്വീകരിക്കാത്ത സാഹചര്യത്തിലും ഫലസ്തീനിലെ സ്ഥിതിഗതികൾ വഷളാകുകയാണെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. ഇസ്രായേൽ ഫലസ്തീൻ ജനതക്കെതിരെ എല്ലാതരം കുറ്റകൃത്യങ്ങളും ചെയ്തു. അതിൽ ഏറ്റവും പുതിയത് വെള്ളവും വൈദ്യുതിയും വിച്ഛേദിക്കുകയും സഞ്ചാരസ്വാതന്ത്ര്യവും മാന്യമായ ജീവിതവും തടയുകയും ചെയ്തു.
അന്താരാഷ്ട്ര പ്രമേയങ്ങൾക്ക് അനുസൃതമായി ദ്വിരാഷ്ട്ര പരിഹാരം മുന്നോട്ടുവെച്ച് റിയാദ് ഉച്ചകോടി നടത്തിയ ആഹ്വാനത്തിന് ബെയ്ജിങ്ങിന്റെ പിന്തുണ ഉണ്ടാകണം. ഗസ്സയിലെ മാനുഷിക ദുരന്തം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം നടപടിയെടുക്കണമെന്നും വിദേശകാര്യ മന്ത്രി ആവശ്യപ്പെട്ടു. യുദ്ധം ഉടനടി അവസാനിപ്പിക്കണം. ഉടൻ വെടിനിർത്തലിലേക്കു നീങ്ങണം. ദുരിതാശ്വാസസാമഗ്രികളും സഹായങ്ങളും ഉടൻ പ്രവേശിക്കണം. സാധാരണക്കാരെ കൂടുതൽ കൊല്ലുന്നതും ഉപദ്രവിക്കുന്നതും ഒഴിവാക്കണമെന്നും അദ്ദേഹം യോഗത്തിൽ ശക്തമായി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.