റിയാദ്: ചില്ല സർഗവേദിയുടെ പ്രതിമാസ വായനയുടെ ഭാഗമായി ജനുവരിയിൽ മലയാളത്തിലെ മികച്ച ചില കഥകളെയും അവയിൽ ചർച്ചയാകുന്ന സാമൂഹിക-രാഷ്ട്രീയ പ്രശ്നങ്ങളെയും ആസ്പദമാക്കി വായനയും ചർച്ചയും സംഘടിപ്പിച്ചു. ബത്ഹ ലുഹ ഓഡിറ്റോറിയത്തിൽ നടന്ന വായനാനുഭവ ചർച്ചയിൽ ഡോ. എൻ.വി.പി. ഉണിത്തിരി എഴുതിയ ‘ഭാരതീയ ദർശനത്തിന്റെ അറിയപ്പെടാത്ത മുഖം’ എന്ന പുസ്തകത്തിന്റെ വായനയാണ് ആദ്യം നടന്നത്.
സതീഷ് കുമാർ വളവിൽ പുസ്തകം അവതരിപ്പിച്ചുകൊണ്ട് സംസാരിച്ചു. ഇന്ത്യൻ തത്ത്വചിന്തയിലെ വൈവിധ്യമാർന്ന ദർശനധാരകളെ സമഗ്രമായി പ്രതിപാദിക്കുന്ന കൃതിയാണ് ഈ പുസ്തകം. തത്ത്വചിന്തയിലെ ഷഡ്ദർശനങ്ങളിലെ ഭൗതികചിന്തകളുടെ പ്രാമുഖ്യം എടുത്തുകാട്ടുന്ന പുസ്തകം ഇന്ത്യൻ തത്ത്വചിന്ത എന്നാൽ വെറും ദൈവികമായ ആത്മീയതയാണെന്ന മിത്തിനെ നിരാകരിക്കുന്നു എന്ന് അവതാരകൻ അഭിപ്രായപ്പെട്ടു.ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന്റെ ‘മഞ്ഞുകാലം’ എന്ന കഥാസമാഹാരത്തിലെ കഥകളുടെ വായനാനുഭവം ജോമോൻ സ്റ്റീഫൻ പങ്കുവെച്ചു. പരിചിതമായ യാഥാർഥ്യത്തിന്റെ അപരിചിതമായ വശങ്ങളെ വായനക്കാരുമായി പങ്കുവെക്കുന്ന നവീന സർഗാത്മക രചനകളാണ് അദ്ദേഹത്തിന്റെ കഥകൾ. സാധാരണ ജീവിതങ്ങളുടെ അമൂര്‍ത്തങ്ങളായ ദാര്‍ശനിക പ്രശ്നങ്ങളെ കൂട്ടിയിണക്കുന്ന പ്രമേയങ്ങളാണ് സമാഹാരത്തിലെ കഥകൾ എന്ന് അവതാരകൻ അഭിപ്രായപ്പെട്ടു.
മതവും ജാതിയും മലയാളി ജീവിതത്തിന്റെയും സമൂഹികാവസ്ഥയുടെയും അപകടഘടകങ്ങളായി നിൽക്കുമ്പോൾ സ്വതസിദ്ധമായ നർമത്തിൽ അതൊക്കെ തുറന്നുകാട്ടുന്ന കൃതിയാണ് ഉണ്ണി ആറിന്റെ ‘മലയാളി മെമ്മോറിയൽ’ എന്ന കഥാസമാഹാരം. വിപിൻ കുമാറാണ് പുസ്തകം അവതരിപ്പിച്ചത്. ഉണ്ണിയുടെ കഥകൾ ശക്തമായ രാഷ്ട്രീയം വഹിക്കുന്നവയാണെന്നും ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ അത്തരം എഴുത്തുകൾ ധീരമായ സർഗാത്മക പ്രവർത്തനമാണെന്നും അവതാരകൻ അഭിപ്രായപ്പെട്ടു.ശേഷം നടന്ന ചർച്ചക്ക് ടി.ആർ. സുബ്രഹ്മണ്യൻ തുടക്കം കുറിച്ചു. ബഷീർ കാഞ്ഞിരപ്പുഴ, സജ്ന മടപ്പള്ളി, നാസർ കാരക്കുന്ന് എന്നിവർ പങ്കെടുത്തു. ചർച്ചകൾ ഉപസംഹരിച്ചുകൊണ്ട് എം. ഫൈസൽ സംസാരിച്ചു. സുരേഷ് ലാൽ മോഡറേറ്ററായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.