ദമ്മാം: മലഞ്ചരിവിൽ കുടുങ്ങി മരണം മുന്നിൽക്കണ്ട് സുഡാനി ഇടയൻ. ഇയാളെ സൗദി സന്നദ്ധസംഘം രക്ഷപ്പെടുത്തി. റിയാദിൽനിന്ന് 320 കി.മീ. തെക്കുപടിഞ്ഞാറ് അൽഖസ്റ പട്ടണത്തിനടുത്തുള്ള മലഞ്ചരുവിലാണ് വഴിതെറ്റി സുഡാനി ആട്ടിടയൻ തളർന്നുവീണത്. പർവതനിരയിൽ തിരച്ചിൽ നടത്തുന്നതിനുവേണ്ടി പ്രത്യേകം സജ്ജീകരിച്ച വാഹനങ്ങളും ഗ്ലൈഡറുകളും ഉപയോഗിച്ച് സംഘം നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതപ്രായനായ നിലയിൽ ഇയാളെ കണ്ടെത്തിയത്.
ഇയാളെ കാണാനില്ലെന്ന് ബുധനാഴ്ചയാണ് സൗദി പൊലീസിന് കുടുംബം പരാതി നൽകിയത്. പൊലീസ് നൽകിയ ഔദ്യോഗിക കത്തുമായി കുടുംബം സൗദി സന്നദ്ധ സംഘത്തിന്റെ സഹായം തേടുകയായിരുന്നു. കടുത്ത ചൂടും വരണ്ട കാറ്റുമുണ്ടായിരുന്നെങ്കിലും തിരച്ചിൽ ആരംഭിച്ച് ഒരുമണിക്കുറിനകം ഇയാളെ കണ്ടെത്താൻ കഴിഞ്ഞു. രണ്ടുദിവസത്തോളം മലമുകളിൽപെട്ടുപോയ ഇയാൾ കടുത്ത ചൂടിൽ നിർജലീകരണം സംഭവിച്ച സ്ഥിതിയിലായിരുന്നു.
ഉടൻ പ്രാഥമികശുശ്രൂഷകൾ നൽകിയശേഷം ആശുപത്രിയിലേക്ക് മാറ്റി. ഇത് തങ്ങൾക്ക് ഏറെ സന്തോഷം നൽകുന്നതാണെന്ന് ടീമിലെ അംഗമായ അബു അബ്ബാസ് പറഞ്ഞു. രക്ഷപ്പെടുത്തുന്ന വിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ സന്നദ്ധസംഘത്തിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് അനുമോദന പ്രവാഹമാണ്. പർവതങ്ങളിലേക്കോ മരുഭൂമിയിലേക്കോ പോകാൻ ആഗ്രഹിക്കുന്ന ആളുകൾ യാത്രക്കുമുമ്പ് ഉപഗ്രഹങ്ങൾവഴി മൊബൈൽ നെറ്റ്വർക്കുകൾ പ്രവർത്തിക്കുന്ന സ്മാർട്ട് ഉപകരണങ്ങൾ, നാവിഗേഷൻ ആപ്പുകൾ എന്നിവ ഡൗൺലോഡ് ചെയ്യണമെന്നും അബ്ബാസ് ആവശ്യപ്പെട്ടു.
മൊബൈൽ നെറ്റ്വർക്കുകൾ കിട്ടാത്തിടങ്ങളിലേക്ക് പോകുമ്പോൾ കുടുംബത്തെ യാത്രയുടെ വിശദവിവരങ്ങൾ അറിയിക്കണമെന്നും സംഘം ആവശ്യപ്പെട്ടു. കൂടാതെ വെള്ളവും ഭക്ഷണവും കൂടുതലായി കരുതുകയും വേണം. രണ്ടുവർഷംമുമ്പ് രൂപവത്കരിച്ച ഈ സന്നദ്ധസംഘം, മരുഭൂമിയിലോ പർവതങ്ങളിലോ കുടുങ്ങിപ്പോയ 120 ആളുകളെ രക്ഷപ്പെടുത്തി ജീവിതത്തിലേക്ക് തിരികെ എത്തിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.