ജിദ്ദ: രണ്ട് ദിവസത്തെ സന്ദർശനത്തിനായി സൗദിയിലെത്തിയ ഒമാൻ സുൽത്താൻ ഹൈസം ബിൻ താരിഖിന് ഉജ്ജ്വല സ്വീകരണം. സൽമാൻ രാജാവിെൻറ ക്ഷണം സ്വീകരിച്ച് അദ്ദേഹം ഞായറാഴ്ച ഉച്ചക്ക് ശേഷമാണ് എത്തിയത്. നിയോം ഖലീജ് വിമാനത്താവളത്തിലെത്തിയ സുൽത്താനെ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ സ്വീകരിച്ചു.
ഇൗ സമയം ആദരസൂചകമായി സൗദി എയർഫോഴ്സ് വിമാനങ്ങൾ വ്യോമാഭ്യാസ പ്രകടനം നടത്തി.മാനത്ത് വർണങ്ങൾ വിതറി ഒമാൻ പതാകയുടെ നിറങ്ങൾ വരച്ചു. 21 പീരങ്കി വെടികളും മുഴങ്ങി. ഇരുരാജ്യങ്ങളുടെയും ദേശീയ ഗാനങ്ങൾ ആലപിച്ചു. തുടർന്ന് ഗാർഡ് ഒാഫ് ഒാണർ നൽകി. ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഉൗദ് ബിൻ നാഇഫ്, സൗദിയിലെ ഒമാൻ അംബാസഡർ സയ്യിദ് ഫൈസൽ ബിൻ തുർക്കി എന്നിവരും വിമാനത്താവളത്തിൽ സ്വീകരിക്കാനെത്തിയിരുന്നു. സുൽത്താനോടൊപ്പം എത്തിയ മന്ത്രിമാരടങ്ങുന്ന സംഘത്തെ കിരീടാവകാശി സ്വാഗതം ചെയ്തു.
വിമാനത്താവള ഹാളിലെ ചെറിയ വിശ്രമത്തിനു ശേഷം കിരീടാവകാശിയും ഒമാൻ സുൽത്താനും നിയോം കൊട്ടാരത്തിലെത്തി. ഒമാൻ സുൽത്താനായി അധികാരമേറ്റ ശേഷം ആദ്യമായാണ് സുൽത്താൻ ഹൈസം ബിൻ താരിഖ് സൗദിയിലെത്തുന്നത്.
രണ്ട് സഹോദര രാജ്യങ്ങൾ തമ്മിലുള്ള ചരിത്രപരവും സാഹോദര്യവുമായ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സംയുക്ത സഹകരണത്തിെൻറ ചക്രവാളങ്ങൾ വികസിപ്പിക്കാനും ഇരുരാജ്യങ്ങളിലെ ജനങ്ങളുടെ ക്ഷേമവും പുരോഗതിയും വികസിപ്പിക്കുന്നതിനും ഒമാൻ സുൽത്താെൻറ സന്ദർശനം നിമിത്തമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മേഖലയുടെ സുരക്ഷയെയും സ്ഥിരതയെയും കുറിച്ചുള്ള പൊതുവായ കാഴ്ചപ്പാടിനെ പ്രതിഫലിപ്പിക്കുന്നതാണ് ഒമാൻ സുൽത്താെൻറ സന്ദർശനമെന്ന് വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.