ജിദ്ദ: സിറിയൻ സയാമീസ് ഇരട്ടകളായ ഇഹ്സാൻ, ബസ്സാം എന്നിവരെ വേർപെടുത്തുന്ന ശസ്ത്രക്രിയ വിജയകരം. വ്യാഴാഴ്ച രാവിലെ റിയാദിലെ നാഷനൽ ഗാർഡിന്റെ കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിക്ക് കീഴിലെ കുട്ടികൾക്കായുള്ള കിങ് അബ്ദുല്ല സ്പെഷലിസ്റ്റ് ആശുപത്രിയിലാണ് നെഞ്ചിന്റെ താഴത്തെ ഭാഗം, വയർ, കരൾ, കുടൽ എന്നിവ ഒട്ടിച്ചേർന്ന സിറിയൻ സയാമീസ് കുട്ടികളുടെ ശസ്ത്രക്രിയ ആരംഭിച്ചത്. അഞ്ച് ഘട്ടങ്ങളിലായി നടത്തിയ ശസ്ത്രക്രിയ ഏഴര മണിക്കൂർ നീണ്ടു.
സയാമീസ് ശസ്ത്രക്രിയ തലവൻ ഡോ. അബ്ദുല്ല അൽറബീഅയുടെ നേതൃത്വത്തിൽ വിദഗ്ധരായ 26 പേരടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും നിർദേശത്തെ തുടർന്ന് കഴിഞ്ഞ മേയ് 22 നാണ് മാതാപിതാക്കളോടൊപ്പം തുർക്കിയയിലെ അങ്കാറയിൽ നിന്ന് എയർ മെഡിക്കൽ ഇവാക്വേഷൻ വിമാനത്തിൽ സിറിയൻ സയാമീസ് ഇരട്ടകളെ റിയാദിലെത്തിച്ചത്.
ശസ്ത്രക്രിയ വിജയിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് വാർത്തക്കുറിപ്പിൽ മെഡിക്കൽ, സർജിക്കൽ സംഘത്തലവൻ ഡോ. അബ്ദുല്ല അൽറബീഅ പറഞ്ഞു. ദൈവത്തിന് സ്തുതി. പ്രത്യേക ശസ്ത്രക്രിയ സംഘത്തിന് നന്ദി. അഞ്ച് ഘട്ടങ്ങളിലായി നടന്ന ശസ്ത്രക്രിയ ഏഴര മണിക്കൂർ നീണ്ടു. സയാമീസ് ഇരട്ടകളെ വേർപെടുത്താനുള്ള സൗദി പദ്ധതിയുടെ വിജയ പരമ്പരയിൽ 58ാമത്തേതാണ് ഇതെന്നും ഡോ. അബ്ദുല്ല അൽറബീഅ പറഞ്ഞു.
ശസ്ത്രക്രിയക്ക് വേണ്ട പിന്തുണ നൽകിയ സൽമാൻ രാജാവിനും കിരീടാവകാശിക്കും നന്ദി പറയുന്നു. സയാമീസ് ഇരട്ടകളിൽ ഇഹ്സാൻ എന്ന കുട്ടിക്ക് വൃക്കകൾ, മൂത്രാശയങ്ങൾ, മൂത്രസഞ്ചി, പുരുഷ പ്രത്യുൽപാദന അവയവങ്ങളുടെ അഭാവവും ഹൃദയത്തിന് ചില തകരാറുകളും കുടലിൽ ചില അപര്യാപ്തതയും അനുഭവിക്കുന്നുണ്ട്. അവയങ്ങളിലെ പ്രധാന കുറവ് കുട്ടിയുടെ ആയുസ്സിനെ സാരമായി ബാധിക്കുമെന്നാണ് മെഡിക്കൽ സംഘം വിലയിരുത്തുന്നത്.
ബസ്സാമിന്റെ അവസ്ഥ തൃപ്തികരമാണ്. ശസ്ത്രക്രിയ എല്ലാ മാനദണ്ഡങ്ങളും അനുസരിച്ച് വിജയകരമാണെന്ന് കണക്കാക്കുന്നുവെന്നും ഡോ. റബീഅ പറഞ്ഞു. ഈ അവസരത്തിൽ രാജ്യത്തിനായി രേഖപ്പെടുത്തിയിട്ടുള്ള മെഡിക്കൽ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച മെഡിക്കൽ, സർജിക്കൽ ടീമിലെ അംഗങ്ങൾക്ക് നന്ദി പറയുന്നുവെന്നും ഡോ. റബീഅ പറഞ്ഞു.
സിറിയൻ ഇരട്ടകളെ വേർപെടുത്താനുള്ള ശസ്ത്രക്രിയ നടത്താൻ ആവശ്യമായ എല്ലാ സഹായവും നൽകിയതിന് കുട്ടികളുടെ മാതാപിതാക്കൾ സൽമാൻ രാജാവിനോടും കിരീടാവകാശിയോടും നന്ദിയും കടപ്പാടും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.