റിയാദ്: തുർക്കിയുടെ പാർലമെന്ററി കമ്മിറ്റി ഉടൻ സൗദി അറേബ്യ സന്ദർശിക്കും. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ തുർക്കി സന്ദർശനവേളയിലാണ് ഇത് സംബന്ധിച്ച തീരുമാനം. ബലിപെരുന്നാളിന് ശേഷമാണ് ആദ്യ യാത്ര നിശ്ചയിച്ചിട്ടുള്ളത്. റിയാദിലെ തുർക്കി എംബസി വ്യാപാര പ്രശ്നങ്ങൾ സൗദിയുമായി നിരന്തരം ചർച്ച ചെയ്യുന്നുണ്ട്. സാമ്പത്തിക, വ്യാപാര ബന്ധങ്ങൾ പരിഹരിക്കുന്നതിന് വെല്ലുവിളികളെ തരണം ചെയ്യാൻ ഇരു രാജ്യങ്ങളും പരമാവധി ശ്രമിക്കും. സൗദി കിരീടാവകാശിയുടെ തുർക്കി സന്ദർശനം ഇരു രാജ്യങ്ങൾക്കുമിടയിൽ സൗഹൃദത്തിന്റെ പുതിയ അധ്യായത്തിന് തുടക്കമിട്ടുകഴിഞ്ഞു. തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ കിരീടാവകാശിയെ പ്രസിഡന്റിന്റെ കൊട്ടാരത്തിൽ ഔദ്യോഗിക ബഹുമതികളോടെ സ്വീകരിച്ചു. ഊർജം മുതൽ പ്രതിരോധം വരെയുള്ള മേഖലകളിലെ ബന്ധം മെച്ചപ്പെടുത്തുന്നതിനെ കുറിച്ചും നിക്ഷേപത്തെ സംബന്ധിച്ചും ഇരുവരും ചർച്ച ചെയ്തതായി സംയുക്ത പ്രസ്താവനയിൽ ഇരു രാജ്യങ്ങളും അറിയിച്ചു. കിരീടാവകാശിയുടെ സന്ദർശനം ഈ മേഖലകളിൽ വിശാലമായ കരാറുകളിലേക്ക് നയിക്കും. സാമ്പത്തിക, സൈനിക, പ്രതിരോധ മേഖലകളിൽ മൂർത്തമായ നടപടികൾ കൈക്കൊള്ളുമെന്നാണ് പ്രതീക്ഷ. തന്ത്രപരമായ പങ്കാളിത്തം ഇരു രാജ്യങ്ങളുടെയും സുസ്ഥിരതക്ക് വളരെയധികം സംഭാവന നൽകും. സൗദി അറേബ്യയും തുർക്കിയും തങ്ങളുടെ ബന്ധത്തിൽ പുതിയ അധ്യായമാണ് തുടങ്ങിയതെന്ന് തുർക്കി-സൗദി ഫ്രൻഡ്ഷിപ് കമ്മിറ്റി ചെയർമാൻ ഹലീൽ ഓസ്കാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.