റിയാദ്: കാലത്തിെൻറ ആവശ്യങ്ങൾക്ക് അനുസൃതമായി കോൺഗ്രസിനെ ശക്തിപ്പെടുത്താൻ ഉതകുന്ന നിലക്ക് ഒ.ഐ.സി.സിയുടെ പ്രവർത്തനങ്ങൾ പുനരാവിഷ്കരിക്കുമെന്ന് കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ പറഞ്ഞു. തന്നെ സന്ദർശിച്ച ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി സംഘത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് നേരിടുന്ന വെല്ലുവിളികൾ അതിെൻറ കാര്യകാരണങ്ങൾ കണ്ടെത്തി പരിഹരിക്കുന്നതിന് പ്രവാസ ലോകത്ത് പ്രവർത്തിക്കുന്ന കോൺഗ്രസ് പ്രവർത്തകരുടെ നിർദേശങ്ങളും അഭിപ്രായങ്ങളും ക്രോഡീകരിക്കുമെന്നും വിഭാഗീയ പ്രവർത്തനവും താൻപോരിമയും അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം അറിയിച്ചു. തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന കമ്മിറ്റികൾ നടത്തുന്ന പ്രവർത്തങ്ങൾ ശ്ലാഘനീയമാണെന്നും അംഗത്വ കാമ്പയിനിലൂടെ പുതിയ നേതൃത്വം നിലവിൽ വരുത്താനുള്ള ആലോചനകൾ തകൃതിയായി നടക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ഒ.ഐ.സി.സി നടത്തിയ പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു. പ്രവാസികളുടെ പ്രശ്നങ്ങൾ അധികാര കേന്ദ്രങ്ങളെ കൃത്യമായി അറിയിക്കാനും യുക്തമായ തീരുമാനങ്ങളെടുപ്പിക്കാനും കെ.പി.സി.സി പ്രതിജ്ഞാബദ്ധമാണെന്നും അതിനുള്ള പവർത്തനങ്ങൾ കൂടുതൽ ഉർജ്ജസ്വലമായി മുന്നോട്ട് കൊണ്ട് പോകുമെന്നും അദ്ദേഹം അറിയിച്ചു.
സൗദിയിൽ തെരഞ്ഞെടുക്കപ്പെട്ടിട്ടുളള കമ്മിറ്റികൾ പുതിയ ഒരു സംവിധാനം ഉണ്ടാകുന്നത് വരെ നിലവിലുള്ള സ്റ്റാറ്റസ്കോ നിലനിർത്തി മുന്നോട്ട് പോകുമെന്നും ഒ.ഐ.സി.സി തെരഞ്ഞെടുപ്പ് ഉടൻ ഉണ്ടാവുമെന്നും അദ്ദേഹം സൂചന നൽകിയതായി സംഘത്തിലുളളവർ അറിയിച്ചു.
റിയാദ് സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് രാഘുനാഥ് പറശിനിക്കടവ്, മുൻ സൗദി നാഷനൽ കമ്മിറ്റി വൈസ് പ്രസിഡൻറ് മുഹമ്മദലി കൂടാളി, റിയാദ് കണ്ണൂർ ജില്ലാ കമ്മിറ്റി മുൻ വൈസ് പ്രസിഡൻറ് ലതീഷ് പിണറായി തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.