റിയാദ്: ഇന്ത്യ -സൗദി സൗഹൃദത്തിന് ശ്രുതിമധുരം പകർന്ന 'മെമ്മറീസ് ഓഫ് ലെജൻഡ്സ്' സംഗീത പരിപാടിയുടെ വിജയത്തിനു പിന്നിൽ വളന്റിയർമാരുടെ സേവനത്തിന് വലിയ പങ്ക്. സൗദി അറേബ്യയുടെ 92ാം ദേശീയദിനത്തിൽ നടന്ന പരിപാടിയിലേക്ക് സ്വദേശികളും വിവിധ ഇന്ത്യൻ സംസ്ഥാനക്കാരും വിദേശ രാജ്യക്കാരുമായി നിരവധി പേരാണ് ഒഴുകിയെത്തിയത്. ദിവസങ്ങളായി റിയാദ് ഇന്ത്യൻ സ്കൂളിലെ വേദിയും പരിസരവും ഒരുക്കുന്നതിൽ രാപ്പകലില്ലാതെ വളന്റിയർമാർ പ്രവർത്തിച്ചിരുന്നു. രാത്രി ഏറെ വൈകുന്നതുവരെ വേദിയുടെയും പരിസരത്തിന്റെയും ക്രമീകരണങ്ങൾക്ക് ഇവർ ചുക്കാൻ പിടിക്കുകയായിരുന്നു. പരിപാടി നടന്ന വെള്ളിയാഴ്ചയാവട്ടെ, പുലർച്ചതന്നെ എല്ലാവരും എത്തി. പല ഗ്രൂപ്പുകളായി തിരിഞ്ഞു പ്രവർത്തന രംഗത്ത് സജീവമായി.
ട്രാഫിക് നിയന്ത്രണം മുതൽ ആളുകളെ പരിപാടിസ്ഥലത്തേക്ക് കടത്തിവിടലും വേദിയിലേക്ക് കലാകാരന്മാരെയും വിശിഷ്ടാതിഥികളെയും എത്തിക്കുന്നതുമടക്കമുള്ള മുഴുവൻ പ്രവർത്തനങ്ങൾക്കും 150ഓളം വരുന്ന സന്നദ്ധപ്രവർത്തകർ വിശ്രമമില്ലാതെ പണിയെടുക്കുകയായിരുന്നു. റിയാദ് നഗരമധ്യത്തിൽ നടന്ന ഈ പരിപാടിക്ക് ആളുകളെത്തിയ വാഹനങ്ങളുടെ വൻ കൂട്ടങ്ങളുണ്ടായിരുന്നെങ്കിലും അതൊന്നും തിരക്കുപിടിച്ച പ്രധാന റോഡുകളിലെ ഗതാഗതത്തെയോ യാത്രക്കാരെയോ ഒരുവിധത്തിലും ബാധിക്കുകയോ വലക്കുകയോ ചെയ്യാത്തത് വളന്റിയർമാരുടെ കർശന നിയന്ത്രണം കൊണ്ടായിരുന്നു.
ഓൺലൈൻ വഴി ലഭിച്ച പ്രവേശന പാസുമായി എത്തിയവർക്ക് അവരവരുടെ ഇരിപ്പിടങ്ങൾ കണ്ടെത്തുന്നതിനും ആവശ്യമായ സഹായങ്ങൾ ചെയ്യുന്നതിനും വനിതകൾ ഉൾപ്പെടെയുള്ള വളന്റിയർമാർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കൂടാതെ വി.വി.ഐ.പി, വി.ഐ.പി തുടങ്ങിയ വിഭാഗങ്ങൾ തരംതിരിച്ച് ഈ ഭാഗങ്ങളിൽ പ്രത്യേക പരിശീലനം ലഭിച്ച വളന്റിയർമാരുടെ സേവനം നൽകുകയുണ്ടായി.
സൗദി-ഇന്ത്യ സൗഹൃദത്തിന്റെയും ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെയും ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടി പൂർണമായും ആസ്വദിക്കാൻ കഴിഞ്ഞില്ലെങ്കിലും പരിപാടിയുടെ വിജയത്തിൽ തങ്ങളുടെ സേവനം നൽകാൻ കഴിഞ്ഞ സന്തോഷത്തിലാണ് വളന്റിയർമാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.