ജിദ്ദ: പഠിച്ചും മനസ്സിലാക്കിയതുമായ കാര്യങ്ങൾ പ്രവർത്തനത്തിൽ പ്രതിഫലിക്കണമെന്ന് ഐ.എസ്.എം മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് തൻസീർ സ്വലാഹി അഭിപ്രായപ്പെട്ടു. ജിദ്ദ ഇന്ത്യൻ ഇസ്ലാഹീ സെന്ററിൽ ‘സ്വർഗത്തിൽ കഴിയാം, നബിയോടൊപ്പം’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മനുഷ്യർ കഷ്ടപ്പെടുന്നത് ഒരിക്കലും ഇഷ്ടപ്പെടാത്ത, മനുഷ്യരോട് അതിരറ്റ സ്നേഹമുള്ളയാളായിരുന്നു പ്രവാചകൻ. അദ്ദേഹത്തിന്റെ അനുചരന്മാരെല്ലാം മരണശേഷം സ്വർഗത്തിലും പ്രവാചകന്റെ കൂടെയുണ്ടാകണമെന്നും അതിരറ്റ് ആഗ്രഹിച്ചവരായിരുന്നു.
ദൈവത്തെയും പ്രവാചകനെയും അനുസരിക്കുക, പ്രവാചകനെ അതിരില്ലാതെ സ്നേഹിക്കുക, ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങൾ സത്യപ്പെടുത്തിക്കൊണ്ട് അതനുസരിച്ച് ജീവിക്കുക, സാഷ്ടാഗം പ്രണമിക്കൽ (സുജൂതുകൾ) വർധിപ്പിക്കുക, പ്രവാചകകീർത്തനങ്ങൾ (സ്വലാത്തുകൾ) ധാരാളം ഉരുവിടുക തുടങ്ങിയ കാര്യങ്ങൾ പ്രാവർത്തികമാക്കിയാൽ വിശ്വാസികൾക്ക് സ്വർഗത്തിൽ പ്രവാചകന്റെ സാമീപ്യം ലഭിക്കും. പ്രവാസികൾ ഒഴിവുസമയങ്ങൾ പഠനത്തിന് വിനിയോഗിക്കുന്നു എന്നത് സന്തോഷകരമാണ്.
എന്നാൽ അറിവുള്ളവനും അറിവില്ലാത്തവനും സമമല്ലെന്നും നമ്മൾ പഠിച്ച കാര്യങ്ങൾ വിശ്വാസങ്ങളിലും ആരാധനകളിലും പ്രവർത്തനങ്ങളിലും നിഴലിച്ചു നിൽക്കണമെന്നും അദ്ദേഹം ഉണർത്തി. അബ്ബാസ് ചെമ്പൻ അധ്യക്ഷത വഹിച്ചു. ശിഹാബ് സലഫി സ്വാഗതവും നൂരിഷ വള്ളിക്കുന്നു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.