ജിദ്ദ: ഈ വർഷത്തെ ഹജ്ജ് വിജയകരമെന്ന് മക്ക ഗവർണറും സൗദി ഹജ്ജ് കമ്മിറ്റി അധ്യക്ഷനുമായ അമീർ ഖാലിദ് അൽഫൈസൽ. തീർഥാടകർക്കിടയിൽ അപകടങ്ങളോ പകർച്ചവ്യാധികളോ ഒന്നും റിപ്പോർട്ട് ചെയ്യപ്പെടാതെയും സുരക്ഷ, സേവനം, ആരോഗ്യം തുടങ്ങി എല്ലാ തലങ്ങളിലും ഒരുക്കിയ നടപടികളും ക്രമീകരണങ്ങളും വിജയകരമായും തികച്ചും സംതൃപ്തികരമായ ഒരു പരിസമാപ്തി കുറിക്കാൻ ഇത്തവണത്തെ ഹജ്ജിന് ആയെന്ന് പ്രഖ്യാപിക്കുന്നതിൽ തനിക്ക് ഏറെ സന്തോഷമുണ്ടെന്നും ദൈവത്തിന് സ്തുതിയെന്നും മക്ക ഗവർണർ പറഞ്ഞു.
സന്തോഷകരമായ ഈ അവസരത്തിൽ തീർഥാടകരുടെ സേവനത്തിനായി പ്രവർത്തിക്കുന്ന എല്ലാ സഹപ്രവർത്തകരുടെ പേരിലും സൽമാൻ രാജാവിനു വേണ്ടിയും എല്ലാവർക്കും അഭിനന്ദനങ്ങളും അനുഗ്രഹങ്ങളും അറിയിക്കുന്നു. ഈ വിജയം കൈവരിക്കുന്നതിൽ വലിയ സ്വാധീനം ചെലുത്തിയ ഈ വർഷത്തെ ഹജ്ജ് സുരക്ഷാപദ്ധതികളുടെ പിന്തുണയ്ക്കും തുടർനടപടികൾക്കും അംഗീകാരത്തിനും ആഭ്യന്തര മന്ത്രിയോടും നന്ദി പറയുന്നു.
മഹത്തായ പ്രവർത്തനങ്ങൾ ചെയ്തു തീർഥാടകരുടെ സേവനത്തിൽ അഭിമാനകരമായ പ്രവർത്തനം കാഴ്ചവെച്ച എല്ലാ വകുപ്പുകൾക്കും നന്ദിയും അഭിനന്ദനവുമുണ്ട്. പ്രത്യേകിച്ച് തീർഥാടകരെ സേവിക്കുന്നതിനും അവരെ സുരക്ഷിതരാക്കുന്നതിനും അവർക്ക് ആവശ്യമായ മെഡിക്കൽ സേവനങ്ങൾ നൽകുന്നതിനും പ്രവർത്തിച്ച സുരക്ഷാ ഉദ്യോഗസ്ഥർക്കും മെഡിക്കൽ സ്റ്റാഫുകൾക്കും പ്രത്യേകം നന്ദി പറയുന്നു. ഓരോ ഹജ്ജിലും നാം കാണുന്ന വിജയങ്ങൾ യാദൃശ്ചികമായി ഉണ്ടായതല്ല, മറിച്ച് സ്ഥാപക രാജാവായ അബ്ദുൽ അസീസ് ബിൻ അബ്ദുറഹ്മാെൻറ കാലഘട്ടം മുതൽ സൽമാൻ രാജാവിെൻറ കാലം വരെയുള്ള വിജയം ദൈവത്തിെൻറ കാരുണ്യം കൊണ്ടാണ്.
'രണ്ട് വിശുദ്ധ മസ്ജിദുകളുടെ സൂക്ഷിപ്പുകാരൻ' എന്ന പേര് തെരഞ്ഞെടുത്തത് ഇരുഹറമുകളോടും അവിടെ എത്തുന്നവരോടും കാണിക്കുന്ന കരുതലിെൻറയും ശ്രദ്ധയുടെയും ഏറ്റവും മികച്ച തെളിവാണ്. തീർഥാടകർക്ക് സേവനം ചെയ്യാനുള്ള ഭാഗ്യം സൗദി ജനതക്ക് ദൈവം നൽകിയിട്ടുണ്ട്. ആ രംഗത്ത് അതുല്യവും വിശിഷ്ടവുമായ മാതൃകയാകാൻ അവർ അശ്രാന്ത പരിശ്രമം തുടരുമെന്നും മക്ക ഗവർണർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.