ജിദ്ദ: സൗദിയിൽ നിന്നും കേരളത്തിലേക്കു പോകാൻ യു.എ.ഇ വഴി വിമാനങ്ങൾ ലഭ്യമായതോടെ പ്രവാസികൾ ചാർട്ടേഡ് വിമാനങ്ങളെ കൈയൊഴിയുന്നു. യു.എ.ഇയിലെ വിവിധ വിമാനത്താവളങ്ങൾ വഴി കേരളത്തിലേക്ക് ഇേപ്പാൾ സർവിസ് ലഭ്യമാണ്. നിലവിൽ ഇന്ത്യയും സൗദിയും തമ്മിൽ എയർ ബബ്ൾ കരാർ ഇല്ലാത്തതിനാൽ സൗദിയിൽ നിന്നും ഇന്ത്യയിലേക്ക് റഗുലർ വിമാനസർവിസ് ലഭ്യമല്ല. വന്ദേഭാരത് വിമാനസർവിസും ഇപ്പോൾ നിലച്ച അവസ്ഥയിലാണ്. അതിനാൽ അവധിയിൽ പോകുന്നവർക്ക് വിവിധ വിമാനക്കമ്പനികളുടെ ചാർട്ടേഡ് വിമാനങ്ങളായിരുന്നു ഏക ആശ്രയം. സ്‌പൈസ് ജെറ്റ്, ഇൻഡിഗോ, സൗദി എയർലൈൻസ് തുടങ്ങിയ വിമാനക്കമ്പനികളുടെ ചാർട്ടേഡ് വിമാനങ്ങളിൽ ഉയർന്ന ടിക്കറ്റ് നിരക്ക് നൽകിയായിരുന്നു യാത്ര. ഉയർന്ന ടിക്കറ്റ് നിരക്ക് കൊടുത്താലും മറ്റു മാർഗങ്ങളൊന്നുമില്ലാത്തതിനാൽ ചാർട്ടേഡ് വിമാനങ്ങൾ പ്രവാസികൾക്ക് അനുഗ്രഹമായിരുന്നു. എങ്കിലും ഈ സർവിസുകൾ അവസാന നിമിഷം റദ്ദാകുന്ന സംഭവങ്ങൾ ഇടക്കിടെയുണ്ടാകുന്നതും കൂടെ കൊണ്ടുപോകാൻ അനുവദിക്കുന്ന ലഗേജിെൻറ അളവ് കുറവും യാത്രക്കാർക്ക് പ്രയാസമുണ്ടാക്കിയിരുന്നു. എന്നാലിപ്പോൾ ദുബൈ വഴി കേരളത്തിലേക്ക് സർവിസ് നടത്തുന്ന എയർ അറേബ്യ, ഫ്ലൈ ദുബൈ തുടങ്ങിയ വിമാനക്കമ്പനികളെ ആളുകൾ ആശ്രയിച്ച് തുടങ്ങിയതോടെ ചാർട്ടേഡ് വിമാനങ്ങൾക്ക് ശനിദശയായി. വളരെ കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാകുന്നതാണ് യാത്രക്കാരെ ഈ കമ്പനികളിലേക്ക് കൂടുതൽ ആകർഷിക്കുന്നത്. എയർ അറേബ്യക്ക് സൗദിയിൽ നിന്നും കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് 10 കിലോ ഹാൻഡ് ബാഗും 30 കിലോ ലഗേജുമായി 927 റിയാൽ മുതൽ വൺവേ ടിക്കറ്റുകൾ ലഭ്യമാണ്. 40 കിലോ ലഗേജ് അനുവദിച്ചുകൊണ്ട് 1,143 റിയാലിനും ടിക്കറ്റ് ലഭ്യമാണ്.
ഷാർജയിൽ വിമാനം മാറിക്കയറാൻ ഒന്നു മുതൽ 2.40 മണിക്കൂർ മാത്രമേ കാത്തിരിക്കേണ്ടതുള്ളൂവെന്നതും എയർ അറേബ്യ സർവിസിനെ കൂടുതൽ ആകർഷകമാക്കുന്നു. ഫ്ലൈ ദുബൈ വിമാനത്തിൽ ദുബൈ വഴി പരമാവധി 30 കിലോ ലഗേജിൽ 947 റിയാൽ മുതലാണ് ടിക്കറ്റ് നിരക്ക്. ഈ വിമാനക്കമ്പനികളുടെ വെബ്സൈറ്റിൽ നിന്നും ബാങ്ക് കാർഡുകൾ ഉപയോഗിച്ച് ടിക്കറ്റ് നേരിട്ട് എടുക്കുമ്പോഴാണ് കുറഞ്ഞ നിരക്കിൽ ലഭിക്കുക. ഇത്തിഹാദ്, എമിറേറ്റ്സ് എയർലൈൻസുകൾ കൂടി സർവിസ് ആരംഭിക്കുന്നതോടെ സൗദി പ്രവാസികളുടെ യാത്ര കൂടുതൽ എളുപ്പമാകും. മറ്റു ഗൾഫ് രാജ്യങ്ങളിലൂടെയും കേരളത്തിലേക്ക് കണക്ഷൻ വിമാനങ്ങൾ ലഭ്യമാണെങ്കിലും കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമല്ല എന്നതും യാത്രെക്കടുക്കുന്ന സമയദൂരവും ആ സർവിസുകളെ അനാകർഷകമാക്കുന്നു. നാട്ടിൽ നിന്നും സൗദിയിലേക്ക് മടങ്ങുന്നവരും ഇപ്പോൾ യു.എ.ഇ ആണ് ഇടത്താവളമായി തിരഞ്ഞെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.