സൗദിയിൽ ബൂസ്റ്റർ ഡോസ് എടുക്കാത്തവർക്ക് ചൊവ്വാഴ്ച മുതൽ തവക്കൽനയിൽ 'ഇമ്യൂൺ' നില നഷ്ടമാവും

ജുബൈൽ: സൗദിയിൽ കോവിഡ് വാക്‌സിൻ രണ്ടാം ഡോസ് എടുത്ത് എട്ട് മാസം പിന്നിട്ടിട്ടും ബൂസ്റ്റർ ഡോസ് സ്വീകരിക്കാത്തവർക്ക് ഫെബ്രുവരി ഒന്ന് മുതൽ തവക്കൽനയിൽ 'ഇമ്യൂൺ' വാക്‌സിനേറ്റ് നില കാലഹരണപ്പെടും. പൊതു സ്ഥലങ്ങൾ, വിനോദ കേന്ദ്രങ്ങൾ, വിമാനങ്ങൾ, പൊതുഗതാഗതം എന്നിവയിൽ പ്രവേശിക്കുന്നതിന് 18 വയസും അതിനു മുകളിലും പ്രായമുള്ള എല്ലാവർക്കും ഇത് ബാധകമാണ്. ബൂസ്റ്റർ ഡോസ് സ്വീകരിക്കേണ്ടതിന്റെ കാലയളവ് എട്ട് മാസത്തിൽ കുറവാണെങ്കിൽ പ്രതിരോധ കുത്തിവയ്പ്പ് നില മാറില്ലെന്ന് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. വാക്സിൻ ആവശ്യകതയിൽ നിന്ന് ഇതിനകം ഒഴിവാക്കപ്പെട്ട ഗ്രൂപ്പുകളെ പുതിയ വ്യവസ്ഥകളിൽ നിന്നും ഒഴിവാക്കും.

രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം സൗദി സ്‌കൂളുകളിൽ നേരിട്ടുള്ള അധ്യയനം കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. കിന്‍റർ ഗാർട്ടനുകളും പ്രൈമറി ക്ലാസുകളും ഉൾപ്പെടെ എല്ലാ തലങ്ങളിലുമുള്ള സർക്കാർ, സ്വകാര്യ, വിദേശ, സ്കൂളുകളിലും മികച്ച ഹാജർ നില രേഖപ്പെടുത്തി. ആരോഗ്യകരമായ പഠന അന്തരീക്ഷം സൃഷ്ടിക്കുന്നതിനും എല്ലാവരുടെയും സുരക്ഷ ഉറപ്പുനൽകുന്നതിനും പ്രതിരോധ നടപടികളും ആരോഗ്യ പ്രോട്ടോക്കോളുകളും നടപ്പിലാക്കാൻ സ്കൂൾ അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

മുൻകരുതൽ നടപടികളുടെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാർഥികളെ ബോധവത്കരിക്കുന്നതിനു സ്കൂൾ ദിനത്തിന്‍റെ തുടക്കത്തിൽ ആദ്യ പിരീഡ് നീക്കിവെച്ചിട്ടുണ്ട്. അതേ സമയം, മദ്രസതി (മൈ സ്കൂൾ), റൗദതി (മൈ കിന്റർഗാർട്ടൻ) പ്ലാറ്റ്‌ഫോമുകളിലൂടെയും ഐ.ഇ.എൻ ലെസൺസ് ചാനലുകളിലൂടെയും വിദൂര വിദ്യാഭ്യാസത്തിന്‍റെയും ഇ-ലേണിംഗിന്‍റെയും സംവിധാനങ്ങൾ മന്ത്രാലയം സജീവമാക്കുന്നത് തുടരുന്നു.

എപ്പിഡെമിയോളജിക്കൽ കർവ് അണുബാധകരുടെ എണ്ണത്തിൽ കുറവുണ്ടെന്ന് മന്ത്രാലയത്തിന്‍റെ ഔദ്യോഗിക വക്താവ് കൂടിയായ ആരോഗ്യ സഹമന്ത്രി ഡോ. മുഹമ്മദ് അൽ അബ്ദുൽ ആൽ വിശദീകരിച്ചു. ആവശ്യമായ മുൻകരുതലുകളും വാക്സിനേഷൻ പ്രോഗ്രാമുകളും കർശനമായി പാലിക്കുന്നുണ്ട്. കേസുകളുടെ എണ്ണത്തിൽ സ്ഥിരത കൈവരിക്കും. വാക്സിനുകളുടെ ഫലപ്രാപ്തി കാരണം ഗുരുതരമായ കേസുകൾ മുൻ ഘട്ടങ്ങളേക്കാൾ വളരെ കുറവാണ്. രോഗികളുമായി സമ്പർക്കം പുലർത്തുന്നവർ, രോഗ ലക്ഷണങ്ങൾ കാണിക്കുന്നവർ തുടങ്ങിയവർക്ക് വീട്ടിൽ പരിശോധന നടത്തുകയോ ലബോറട്ടറിയിൽ പോകുകയോ ചെയ്യാം. രോഗലക്ഷണങ്ങളില്ലാത്തവർക്ക് പരിശോധനയുടെ ആവശ്യമില്ല. രോഗലക്ഷണങ്ങളും ആരോഗ്യപ്രശ്‌നങ്ങളും ഉള്ളവരുമായി സമ്പർക്കം പുലർത്തിയിരുന്ന വാക്സിൻ എടുക്കാത്തവർ നാല് ദിവസം ക്വാറന്റൈനിൽ തുടരുകയും അഞ്ചാം ദിവസം ലബോറട്ടറി പരിശോധന നടത്തുകയും വേണമെന്നും ഡോ. മുഹമ്മദ് അൽ അബ്ദുൽ ആൽ വ്യക്തമാക്കി.

Tags:    
News Summary - Those who do not take booster dose in Saudi will lose 'immune' status in Tawakkalna from Tuesday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.