ജിദ്ദ: രാജ്യത്ത് പ്രീമിയം ഇഖാമ ഹോൾഡർമാർക്ക് മക്ക, മദീന ഒഴികെ രാജ്യത്തെവിടെയും ഭൂമിയും കെട്ടിടങ്ങളും വാങ്ങാൻ കഴിയുന്നതടക്കമുള്ള സുപ്രധാന പരിഷ്കരണം പ്രാബല്യത്തിൽ. സൗദി ദേശീയ പരിവർത്തന പദ്ധതിയുടെ ഭാഗമായി രാജ്യത്തേക്ക് വിദേശ നിക്ഷേപകരെ ആകർഷിക്കുന്നതിന് പ്രഖ്യാപിച്ച പ്രീമിയം ഇഖാമ ഹോൾഡർക്കുള്ള ആനുകൂല്യങ്ങളിലാണ് പരിഷ്കരണം. സ്വദേശികൾക്ക് സമാനമായ എല്ലാ ആനുകൂല്യങ്ങളും പ്രീമിയം റസിഡൻസി നേടുന്ന വിദേശിക്കും ലഭ്യമാകും. ഭൂമിയും കെട്ടിടങ്ങളും വാങ്ങുന്നതിനുള്ള അനുമതി നിബന്ധനകൾക്ക് വിധേയമായിരിക്കും.
ഹ്രസ്വ, ദീർഘ കാലാവധികളോട് കൂടിയാണ് പ്രീമിയം ഇഖാമകൾ അനുവദിക്കുക. കുടുംബസമേതം രാജ്യത്ത് തങ്ങുന്നതിനും ബിസിനസ് സംരംഭങ്ങൾ ആരംഭിക്കുന്നതിനുമുള്ള അനുവാദം, രാജ്യത്തെ വിദ്യാഭ്യാസ ആരോഗ്യ ആനുകൂല്യങ്ങൾ ഉപയോഗപ്പെടുത്തുന്നതിനുള്ള അവകാശം, സ്വകാര്യ മേഖലയിൽ സ്വദേശിവത്കരിക്കപ്പെട്ട തസ്തികകളിലുൾപ്പെടെ ജോലി ചെയ്യുന്നതിനുള്ള അനുവാദം തുടങ്ങിയവയും ലഭ്യമാകും.
പ്രീമിയം ഇഖാമക്കുള്ള അപേക്ഷ നടപടികൾ വേഗത്തിലാക്കാൻ പുതിയ സംവിധാനങ്ങളും പ്രത്യേക ഓഫിസുകളും ആരംഭിച്ചതായും ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.