ജിദ്ദ: അറബ് ഇന്ത്യാ സൗഹൃദപ്പെരുമയുടെ അഞ്ച് സഹസ്രാബ്ദങ്ങള്‍ നെഞ്ചേറ്റി ചരിത്രത്തിലാദ്യമായി നടന്ന സൗദി-ഇന്ത്യ സാംസ്‌കാരിക മഹോത്സവത്തിന് ഒഴുകിയെത്തിയത് അയ്യായിരത്തോളം പേര്‍. ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റും ഗുഡ്‌വില്‍ ഗ്ലോബല്‍ ഇനിഷ്യേറ്റീവും (ജി.ജി.ഐ) ചേര്‍ന്ന് വെള്ളിയാഴ്ച വൈകീട്ട് ജിദ്ദ ഇന്റർനാഷനൽ ഇന്ത്യന്‍ സ്‌കൂളിലാണ് അഞ്ചര മണിക്കൂറോളം നീണ്ട സാംസ്‌കാരികോത്സവം ഒരുക്കിയത്. അറബ്-ഇന്ത്യന്‍ സംസ്‌കാരങ്ങളുടെ സമ്പന്നമായ പൈതൃകവും തന്ത്രപ്രധാന പങ്കാളിത്തവും അടയാളപ്പെടുത്തുന്നവയായിരുന്നു പരിപാടികള്‍. സംഘാടകരുടെ മുഴുവന്‍ കണക്കുകൂട്ടലുകളും തെറ്റിച്ച് ആബാലവൃദ്ധം ഇന്ത്യന്‍ പ്രവാസികളും നൂറുക്കണക്കിന് സൗദി പൗരന്മാരും ഒഴുകിയെത്തിയപ്പോൾ, സ്‌കൂള്‍ ഓഡിറ്റോറിയവും അങ്കണവും നിറഞ്ഞുകവിഞ്ഞു. സൗദി-ഇന്ത്യ ചരിത്രത്തില്‍ തങ്കലിപികളില്‍ അടയാളപ്പെടുത്തിയ മഹോത്സവം ആയിരങ്ങള്‍ മനംനിറഞ്ഞാസ്വദിച്ചപ്പോള്‍, ജനബാഹുല്യം കാരണം സ്‌കൂള്‍ അങ്കണത്തിലേക്ക് പ്രവേശിക്കാനാവാതെ നൂറുകണക്കിനു പേര്‍ തിരിച്ചുപോവേണ്ടി വന്നത് സംഘാടകര്‍ക്കും വേദനയായി.
അറബ് കലാകാരന്മാരന്മാരോടൊപ്പം, ഇന്ത്യന്‍ കൗമാരപ്രതിഭകളും ഒരുക്കിയ ഉജ്ജ്വല കലാവിരുന്ന് ഇന്ത്യക്കാര്‍ക്കൊപ്പം സ്വദേശികളും മതിമറന്നാസ്വദിച്ചു. ഇന്ത്യന്‍ ഉപഭൂഖണ്ഡ-ഗള്‍ഫ് കുടിയേറ്റ ഇടനാഴിയുടെ സ്പന്ദനങ്ങള്‍ സ്വാംശീകരിക്കുന്നതും പ്രവാസചരിതത്തിന്റെ ഉജ്ജ്വല ഏടുകള്‍ അനാവൃതമാവുന്നതുമായിരുന്നു ആഘോഷ പരിപാടികള്‍. പൗരാണികകാലം മുതലുള്ള അറബ് ഇന്ത്യാ സാംസ്‌കാരിക വിനിമയത്തിന്റെയും വ്യാപാര കൊള്ളക്കൊടുക്കലുകളുടെയും ഈടുവെപ്പുകള്‍ക്ക് ദൃശ്യാവിഷ്‌കാരമേകികൊണ്ട് 5,000 വര്‍ഷത്തെ അറബ് ഇന്ത്യ ബന്ധത്തിന്റെ നാള്‍വഴികളിലേക്കും തങ്കത്താളുകളിലേക്കും വെളിച്ചം വിതറിയ ഡോക്യുമെന്ററി, വിനോദത്തോടൊപ്പം കാണികൾക്ക് വിജ്ഞാനവിരുന്നുമായി.
'അഞ്ച് സഹസ്രാബ്ദത്തെ ഉറ്റ സൗഹൃദപ്പെരുമ' എന്ന ശീര്‍ഷകത്തില്‍ നടന്ന ഉത്സവത്തിന്റെ ഉദ്ഘാടന സെഷനില്‍ മുഖ്യാതിഥിയായ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം മുഖ്യപ്രഭാഷണം നടത്തി. 5,000 വര്‍ഷത്തിലേക്ക് നീളുന്ന ഇന്ത്യ, അറബ് പുഷ്‌ക്കല ചരിത്രവും സംസ്‌കാരവും സൗഹൃദപ്പെരുമയും സംബന്ധിച്ച പാഠങ്ങള്‍ പുതുതലമുറക്ക് പകര്‍ന്നുനല്‍കണമെന്നും ഭാവിയിലേക്കുള്ള ഈടുവെപ്പായി കാത്തുസൂക്ഷിക്കേണ്ടതുണ്ടെന്നും ഷാഹിദ് ആലം നിര്‍ദേശിച്ചു. ഈ പൊക്കിള്‍ക്കൊടി ബന്ധമാണ് ഇന്ത്യാ സൗദി ബന്ധങ്ങളുടെ കാമ്പും കാതലുമെന്നത് ഒരു ഇന്ത്യന്‍ പൗരനും കോണ്‍സല്‍ ജനറലുമെന്ന നിലയില്‍ അത്യധികം ആഹ്ലാദമേകുന്നു. ആ ബന്ധമിന്നിപ്പോള്‍ തന്ത്രപ്രധാന പങ്കാളിത്തത്തിലും സാമ്പത്തിക ബന്ധങ്ങളിലെ കുതിച്ചുചാട്ടത്തിലും വന്നെത്തിനില്‍ക്കുന്നു. തുടര്‍ച്ചയായുള്ള ഉഭയകക്ഷി ഉന്നതതല സന്ദര്‍ശനങ്ങള്‍ ഇതിന്റെ ഉത്തമ നിദര്‍ശനമാണ്. അറബ് ഇന്ത്യാ സൗഹൃദപ്പെരുമയുടെ പ്രശോഭിതചരിതം വിസ്മൃതിയിലാണ്ടുകിടന്ന വേളയില്‍ ഈ പൊന്നേടുകള്‍ തേച്ചുമിനുക്കി പ്രദീപ്തമാക്കുന്നതുമായി ബന്ധപ്പെട്ട് ഒരു വര്‍ഷത്തോളമായി ജി.ജി.ഐ സാരഥികള്‍ നടത്തുന്ന ഭഗീരഥയത്‌നങ്ങളുടെ പരിണിതഫലമായാണ് സൗദിയുടെ ചരിത്രത്തിലാദ്യമായി ഇത്തരമൊരു മഹോത്സവത്തിന് അരങ്ങൊരുങ്ങിയതെന്നും ജി.ജി.ഐയുടെ നിസ്തുലമായ ഈ നീക്കം ഏറെ ശ്ലാഘനീയമാണെന്നും കോണ്‍സല്‍ ജനറല്‍ പറഞ്ഞു. ഒരു നൂറ്റാണ്ടിനു മുമ്പ് സൗദി അറേബ്യയിലേക്ക് കുടിയേറുകയും ഈ രാജ്യത്തിന്റെ വളര്‍ച്ചയില്‍ സുപ്രധാന പങ്ക് വഹിച്ചുപോരുകയും ചെയ്യുന്ന ഇന്ത്യന്‍ വംശജരായ ആയിരക്കണക്കിന് സൗദികളെ അദ്ദേഹം അഭിനന്ദിച്ചു. ഇന്ത്യന്‍ വംശജരായ സൗദികളും പ്രവാസികളും സൗദി അറേബ്യയുടെ വളര്‍ച്ചയിലും പുരോഗതിയിലും അര്‍പ്പിച്ചുപോരുന്ന കനപ്പെട്ട സംഭാവനകള്‍ ആഘോഷിക്കുന്നതിനു വേണ്ടി കൂടിയാണ് സൗദി ഇന്ത്യാ മഹോത്സവം സംഘടിപ്പിച്ചിരിക്കുന്നതെന്നും കോണ്‍സല്‍ ജനറല്‍ ചൂണ്ടിക്കാട്ടി. ഉദ്ഘാടന സെഷനില്‍ ജി.ജി.ഐ പ്രസിഡന്റ് ഹസന്‍ ചെറൂപ്പ സ്വാഗതവും ജനറല്‍ സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി നന്ദിയും പറഞ്ഞു.
കോൺസൽ ജനറലിന്റെ പത്നി ഡോ. ഷക്കീല ഷാഹിദ്, മക്കയിലെ സൗലത്തിയ മദ്രസ ജനറല്‍ സൂപ്പര്‍വൈസറും മലൈബാരിയ മദ്രസ സൂപ്പര്‍വൈസറുമായ ആദില്‍ ഹംസ മലൈബാരി, മലയാളം ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് താരിഖ് മിശ്ഖസ്, അറബ് ന്യൂസ് മാനേജിംങ് എഡിറ്റര്‍ സിറാജ് വഹാബ്, ഇഫത്ത് യൂനിവേഴ്‌സിറ്റി എന്‍ജിനീയറിംങ് കോളേജ് ഡീന്‍ ഡോ. അകീല സാരിറെറ്റെ, ഉമ്മുല്‍ ഖുറാ യൂനിവേഴ്‌സിറ്റി അസി. പ്രൊഫസര്‍ ഡോ. ഗദീര്‍ തലാല്‍ മലൈബാരി എന്നിവര്‍ പ്രത്യേക അതിഥികളായി സംബന്ധിച്ചു.
ഫെസ്റ്റിവൽ കോണ്‍സുലേറ്റ് കോർഡിനേറ്റര്‍ കൂടിയായ ഹജ്ജ് കോണ്‍സല്‍ മുഹമ്മദ് അബ്ദുല്‍ ജലീല്‍, മീഡിയ, കള്‍ച്ചര്‍ കോണ്‍സല്‍ മുഹമ്മദ് ഹാശിം, അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് പ്രസിഡന്റും ജി.ജി.ഐ രക്ഷാധികാരിയുമായ മുഹമ്മദ് ആലുങ്ങല്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഹമ്മദ് ആലുങ്ങല്‍, വൈസ് പ്രസിഡന്റ് ഡോ. ജംഷിത്ത് അഹമ്മദ്, ക്ലസ്റ്റര്‍ അറേബ്യ സി.ഇ.ഒയും ജി.ജി.ഐ ഉപരക്ഷാധികാരിയുമായ റഹീം പട്ടര്‍കടവന്‍, ഇന്ത്യ, സൗദി പ്രമുഖരായ അതാഉല്ല ഫാറൂഖി, ശൈഖ് അബ്ദുറഹീം മൗലാന, മുഹമ്മദ് സഈദ് മലൈബാരി, അബ്ദുല്‍റഹ്‌മാന്‍ അബ്ദുല്ല യൂസുഫ് ഫദ്ല്‍ മലൈബാരി, ലുലു ഗ്രൂപ്പ് റീജിയനല്‍ ഡയറക്ടര്‍ റഫീഖ് മുഹമ്മദ് അലി, ഇഗ്നോ റീജിയനല്‍ സെന്റര്‍ ജനറല്‍ മാനേജര്‍ റിയാസ് മുല്ല, ഇന്ത്യന്‍ സ്‌കൂള്‍ മാനേജിംങ് കമ്മിറ്റി ചെയര്‍മാന്‍ പ്രിന്‍സ് മുഫ്തി സിയാവുല്‍ ഹസന്‍, പ്രിന്‍സിപ്പല്‍ ഡോ. മുസഫര്‍ ഹസന്‍, അബ്ദുല്ല ഹാഷിം കമ്പനി ജനറല്‍ മാനേജര്‍ അസീസുറബ്ബ്, ഇന്‍സാഫ് കമ്പനി ജനറല്‍ മാനേജറും ജി.ജി.ഐ വൈസ് പ്രസിഡന്റുമായ കെ.ടി അബൂബക്കര്‍, എന്‍കണ്‍ഫോര്‍ട്ട്‌സ് ജനറല്‍ മാനേജര്‍ അബ്ദുല്ലത്തീഫ് കാപ്പുങ്ങല്‍ എന്നിവര്‍ അതിഥികളായിരുന്നു. സൗദി, ഇന്ത്യന്‍ സാസ്‌കാരിക പ്രമുഖര്‍, മാധ്യമ പ്രവര്‍ത്തകര്‍, വ്യവസായ പ്രമുഖര്‍, വിദ്യാഭ്യാസ വിചക്ഷണര്‍, കലാകാരന്മാര്‍ തുടങ്ങിയവര്‍ ആദ്യന്തം പരിപാടികളുടെ ശ്രോതാക്കളായുണ്ടായിരുന്നു.
200 ലേറെ അറബ്, ഇന്ത്യന്‍ കലാപ്രതിഭകളുടെ മിന്നും പ്രകടനം ആസ്വാദകരുടെ മനം കവരുന്നതായിരുന്നു. ദുബായ് എക്‌സ്‌പോയില്‍ ഏഴ് മാസക്കാലം സൗദി അറേബ്യയെ പ്രതിനിധീകരിച്ച സൗത്തുല്‍ മംലക്ക ഫോക് ആര്‍ട്‌സ് ട്രൂപ്പിന്റെ കണ്ണഞ്ചിപ്പിക്കുന്ന തനത് സൗദി നൃത്തരൂപങ്ങള്‍ സദസ്സിനെ ഇളക്കിമറിച്ചു. ഫാദി സഅദ് അല്‍ഹൗസാവിയുടെ നേതൃത്വത്തില്‍ 16 അംഗ സംഘം ബഹ് രി, മിസ്മാരി, കുബെത്തി, ദോസരി, ഖത് വ ജനൂബിയ എന്നീ അഞ്ചിനം പാരമ്പര്യ സംഗീത നൃത്തരൂപങ്ങളുമായി തിമിര്‍ത്താടിയപ്പോള്‍ സദസും താളത്തിനൊത്ത് നൃത്തംവെച്ചു. കോണ്‍സല്‍ ജനറല്‍ അടക്കമുള്ള അതിഥികളും ഒരുവേള അവരോടൊപ്പം ചുവടുവെച്ചു. ഇന്ത്യന്‍ കുരുന്നു പ്രതിഭകള്‍ക്കൊപ്പം മുതിര്‍ന്ന കലാകാരന്മാരും അരങ്ങില്‍ വിസ്മയപ്രകടനം നടത്തി. ഭരതനാട്യം, ഗുജറാത്തി, പഞ്ചാബി, രാജസ്ഥാനി, കാശ്മീരി നൃത്തങ്ങള്‍, കേരള നടനം, വെല്‍ക്കം ഡാന്‍സ്, ഫ്യൂഷന്‍ ഒപ്പന, മാർഗംകളി, ദഫ് മുട്ട്, ഒപ്പന, കോല്‍ക്കളി, സൂഫി ഡാന്‍സ്, ഖവാലി ഡാന്‍സ് എന്നീ പരമ്പരാഗത ഇന്ത്യന്‍ നൃത്തരൂപങ്ങളും മാപ്പിള കലാരൂപങ്ങളും ആഘോഷത്തിന് കൊഴുപ്പേകി. മിർസ ശരീഫ്, കമാൽ പാഷ, സിക്കന്ദർ, മുംതാസ് അബ്ദുറഹ്മാൻ എന്നിവരുടെ ഹിന്ദി ഗാനങ്ങളും സ്വദേശികൾ ഉൾപ്പെടെ സദസ്സ് നന്നായാസ്വദിച്ചു.
ജി.ജി.ഐ ഉപരക്ഷാധികാരി അസീം സീഷാന്‍, കഹൂത്ത് പ്‌ളാറ്റ്‌ഫോമില്‍ അവതരിപ്പിച്ച ക്വിസ് പ്രോഗ്രാം വേറിട്ട അനുഭവമായി. പ്രവിശാലമായ സ്‌കൂള്‍ അങ്കണത്തില്‍ 20 ഓളം സ്റ്റാളുകളിലായി ഒരുക്കിയ ബി റ്റു സി വ്യാപാരമേളയിലും ഭക്ഷണശാലകളിലും അഭൂതപൂര്‍വമായ തിരക്കായിരുന്നു. കളറിംങ്, പോസ്റ്റര്‍ നിര്‍മാണ മത്സരങ്ങളില്‍ നൂറുകണക്കിന് കുരുന്നുപ്രതിഭകള്‍ മാറ്റുരച്ചു. സൗദി, ഇന്ത്യന്‍ കലാകാരന്മാരുടെ സൃഷ്ടികളുടെ പ്രദശര്‍നവും സന്ദര്‍ശകരെ ഹഠാദാകര്‍ഷിച്ചു.
സ്‌പോണ്‍സര്‍മാര്‍, കലാവിരുന്ന് അണിയറയില്‍ ഒരുക്കിയ കൊറിയോഗ്രഫറും ജി.ജി.ഐ ലേഡീസ് വിംങ് കണ്‍വീനറുമായ റഹ്‌മത്ത് മുഹമ്മദ് ആലുങ്ങല്‍, സുമിജ സുധാകരൻ, അക്ഷയ അനൂപ്, ജയശ്രീ പ്രതാപൻ, ഫെനോം, ഗുഡ്‌ഹോപ് ആര്‍ട്ട്‌സ് അക്കാദികൾ, കോൽക്കളി ടീം പി.എസ്.എം. കോളേജ് അലുംനി, ദഫ്‌മുട്ട് സംഘം കലാലയം സാംസ്‌കാരിക വേദി, മീര്‍ ഗസന്‍ഫര്‍ അലി സാകി, അവതാരകരായ മാജിദ് അബ്ദുല്ല അല്‍യാസിദെ, ഹബീബാ യാസ്മിനി എന്നിവര്‍ക്ക് മെമന്റോയും കലാപ്രതിഭകള്‍ക്ക് ട്രോഫിയും കോണ്‍സല്‍ ജനറല്‍ സമ്മാനിച്ചു.
ജലീല്‍ കണ്ണമംഗലം, അല്‍മുര്‍ത്തു, കബീര്‍ കൊണ്ടോട്ടി, അബു കട്ടുപ്പാറ, സാദിഖലി തുവ്വൂര്‍, അരുവി മോങ്ങം, ചെറിയ മുഹമ്മദ് ആലുങ്ങല്‍, ശിഫാസ്, എ.എം അബ്ദുല്ലക്കുട്ടി, നൗഫല്‍ പാലക്കോത്ത്, ഇബ്രാഹിം ശംനാട്, ഹുസൈന്‍ കരിങ്കറ, നജീബ് പാലക്കോത്ത്, എം.സി മനാഫ്, മുബശിര്‍, ഹഷീര്‍, നൗഷാദ് താഴത്തെവീട്ടില്‍, സുല്‍ഫിക്കര്‍ മാപ്പിളവീട്ടില്‍, സുബൈര്‍ വാഴക്കാട്, ആയിഷ റുഖ്‌സാന ടീച്ചര്‍, നാസിറ സുല്‍ഫിക്കര്‍, ജുവൈരിയ ടീച്ചര്‍, ഫാത്തിമ തസ്‌നി ടീച്ചര്‍, ജെസ്സി ടീച്ചര്‍, റഹ്‌മത്ത് ടീച്ചര്‍, ഷബ്‌ന കബീര്‍, റുഫ്‌ന ഷിഫാസ്, ഷിബ്‌ന ബക്കര്‍, നുജൈബ ഹസന്‍ എന്നിവര്‍ക്കൊപ്പം ഇതര ഒഫീഷ്യലുകളും ഉത്സവ സംഘാടനത്തിന് നേതൃത്വമേകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.