റിയാദ്: ഗ്ലോബൽ മലയാളി വിദ്യാർഥികളുടെ അറിവുത്സവമായ മലർവാടിയും സ്റ്റുഡൻറ്സ് ഇന്ത്യയും നയിക്കുന്ന മീഡിയവൺ ലിറ്റിൽ സ്കോളർ പ്രശ്നോത്തരിയുടെ ആദ്യഘട്ട മത്സരം വെള്ളിയാഴ്ച (ജനു. 12) ഓൺലൈനിലൂടെ നടക്കും.
മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് ഈ മാസം ഒമ്പത് മുതൽ 11 വരെയുള്ള ദിവസങ്ങളിൽ മത്സരപരിചയത്തിനായി മോക്ക് ടെസ്റ്റ് നടക്കും. തുടർച്ചയായി മൂന്ന് ദിവസങ്ങളിൽ മോക്ക് ടെസ്റ്റിന് അവസരം നൽകിയിട്ടുണ്ട്.
ആദ്യ റൗണ്ട് മത്സരം സൗദി സമയം വൈകീട്ട് മൂന്നിന് സബ് ജൂനിയർ, വൈകീട്ട് അഞ്ചിന് ജൂനിയർ, ഏഴിന് സീനിയർ എന്ന സമയക്രമത്തിലായിരിക്കും മത്സരങ്ങൾ ആരംഭിക്കുക. എല്ലാ വിഭാഗത്തിന്റെയും സമയദൈർഘ്യം ഒരു മണിക്കൂറാണ്. ഒബ്ജക്ടിവ് ടൈപ്പ് ചോദ്യങ്ങളായിരിക്കും ഉണ്ടാവുക. കാമറയുള്ള ഡിവൈസ് ഉപയോഗിച്ചാണ് മത്സരത്തിൽ പങ്കെടുക്കേണ്ടതെന്നും എത്രയും വേഗം കൂടുതൽ ഉത്തരം നൽകുന്നവർക്കാണ് അടുത്ത റൗണ്ടിലേക്ക് മുൻഗണനയെന്ന് ലിറ്റിൽ സ്കോളർ വൃത്തങ്ങൾ അറിയിച്ചു.
നേരത്തെ രജിസ്ട്രേഷൻ പൂർത്തിയാക്കി മത്സര ഫീസ് അടച്ച വിദ്യാർഥികൾക്കാണ് ലിറ്റിൽ സ്കോളറിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക. ഫീസടച്ചവർക്ക് ഹാൾ ടിക്കറ്റ് സൈറ്റിൽനിന്ന് ഡൗൺ ലോഡ് ചെയ്യാവുന്നതാണ്. മത്സരസംബന്ധമായ നിർദേശങ്ങൾ ഹാൾ ടിക്കറ്റിനൊപ്പം ലഭിക്കും. സൗദിയിലെ വിവിധ പ്രോവിൻസുകളിൽനിന്നുള്ള വിദ്യാർഥികളാണ് മത്സരിക്കുന്നത്. അറിവിനോടൊപ്പം തിരിച്ചറിവും സാമൂഹികവും സാംസ്കാരികവുമായ ഉൾക്കാഴ്ചയും പ്രദാനം ചെയ്യുന്നതായിരിക്കും ചോദ്യോത്തരങ്ങൾ.
രണ്ട് ദശകങ്ങളായി നാട്ടിലും മറുനാടുകളിലും നടക്കാറുള്ള വിജ്ഞാനോത്സവമാണ് പുതിയ രൂപത്തിലും ഭാവത്തിലും മീഡിയവൺ മേൽനോട്ടത്തിൽ നടക്കുന്നത്. ലോകമെമ്പാടുമുള്ള പ്രവാസി ബാല്യവും നാട്ടിലെ കൂട്ടുകാരോടൊപ്പം ഈ വിജ്ഞാന വിരുന്നിൽ പങ്കു ചേരുകയാണ്. റോബോട്ടടക്കം വൈവിധ്യമാർന്ന സമ്മാനങ്ങളാണ് വിജയികൾക്കായി മീഡിയവൺ ഒരുക്കിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.