ദമ്മാം: വിവിധ തൊഴിൽ പ്രശ്നങ്ങളിൽ പെട്ട് ഇന്ത്യൻ എംബസിയുടെ അഭയകേന്ദ്രത്തിൽ മാസങ്ങളോളം കഴിഞ്ഞ മൂന്ന് ഇന്ത്യൻ വീട്ടുവേലക്കാരികൾ നാട്ടിലേക്ക് മടങ്ങി. ഹൈദരാബാദ് സ്വദേശിനി സക്കീന ഫാത്തിമ, ബീഹാർ സ്വദേശിനി നജ്മിൻ ബീഗം, ബംഗളുരു സ്വദേശിനി അസ്മത് എന്നിവരാണ് സാമൂഹിക പ്രവർത്തകരുടെ ഇടപെടലിലുടെ നിയമക്കുരുക്കഴിച്ച് നാടണഞ്ഞത്. ഹഫർ അൽ ബാത്വിനിലെ സ്വദേശിയുടെ വീട്ടിൽ വേലക്കാരിയായി എത്തിയ സക്കീന ഫാത്തിമ നാലുമാസം മാത്രമേ ജോലിചെയ്തുള്ളു.
തൊഴിൽ കാഠിന്യവും മാനസിക പീഢനവും സഹിക്കാനാവാതെ ഇവർ വീട്ടിലുള്ളവരുമായി തർക്കത്തിലാവുകയും പൊലീസ് കേസാവുകയും ചെയ്തു. ഇതിനിടയിൽ സക്കീന റിയാദിലെ ഇന്ത്യൻ എംബസ്സിയുടെ അഭയ കേന്ദ്രത്തിൽ എത്തിപ്പെട്ടെങ്കിലും പൊലീസ് കേസ് ഉള്ളതിനാൽ എക്സിറ്റ് ലഭ്യമാകാതെ മാസങ്ങൾ നീണ്ടുപോവുകയായിരുന്നു. പിന്നീട് എംബസി പ്രതിനിധി ഇവരുമായി ഹഫർ അൽ ബാത്വിനിലെത്തി പൊലീസ് കേസ് പരിഹരിച്ചതിന് ശേഷം എക്സിറ്റ് ലഭ്യമാക്കാൻ ദമ്മാമിലെ സാമൂഹിക പ്രവർത്തക മഞ്ജു മണിക്കുട്ടന് കൈമാറുകയായിരുന്നു.
ജയിലിൽ കിടക്കാതെ എക്സിറ്റ് ലഭ്യമാക്കണമെങ്കിൽ ഇഖാമയുടെ പിഴ സംഖ്യ അടക്കേണ്ടതുണ്ടായിരുന്നു. ഹൈദരാബാദി റസ്റ്റോറൻറ് ഷാലിമാറിന്റെ ഉടമ സഹായവുമായി രംഗത്ത് വന്നതോടെ അതിനും പരിഹാരമായി. 10 മാസത്തിലധികം ജോലിചെയ്തിട്ടും മൂന്ന് മാസത്തെ ശമ്പളം കിട്ടാതായതോടെയാണ് എംബസിയുടെ ഔട്സോഴ്സ് സെൻററിൽ അഭയം തേടിയത്. അവർ അറിയിച്ചതനുസരിച്ച് എത്തിയ മഞ്ജു മണിക്കുട്ടൻ അവരെ രണ്ട് മാസത്തോളം വീട്ടിൽ താമസിപ്പിച്ച് രേഖകൾ പൂർത്തിയാക്കി എക്സിറ്റ് ലഭ്യമാക്കുകയായിരുന്നു.
ബംഗളുരു സ്വദേശിനി അസ്മത് എത്തിയിട്ട് നാലുവർഷം കഴിഞ്ഞു. ആദ്യത്തെ സ്പോൺസറുടെ പക്കൽ നിന്ന് ഓടിപ്പോയ അസ്മത് മറ്റൊരു സ്വദേശിയുടെ വീട്ടിൽ ജോലിചെയ്യുകയായിരുന്നു. ‘ഹുറൂബ്’ ആയതിനാൽ ഡീപോട്ടേഷൻ വഴി എക്സിറ്റ് ലഭ്യമാക്കുകയായിരുന്നു. മിർസാ ബേഗ് ഇവർക്ക് ടിക്കറ്റ് നൽകാൻ തയ്യാറായതോടെ മൂന്നുപേരുടെ യാത്രയും സുഗമമായി. ഇവർക്കാവശ്യമായ സാധനങ്ങൾ നൽകാൻ പല സുമനസ്സുകളും തയ്യാറായതോടെ ദുരിതകാലം മറന്ന് സന്തോഷത്തോടെ നാടണയാൻ സാധിച്ചത് സന്തോഷകരമെന്ന് മഞ്ജു മണിക്കുട്ടൻ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.