ജുബൈൽ: പ്രശസ്തമായ വിദേശ സർവകലാശാലകളെ ആകർഷിക്കാനുള്ള പദ്ധതികളുമായി സൗദി വിദ്യാഭ്യാസ മന്ത്രാലയം രംഗത്ത്. പ്രമുഖ അന്താരാഷ്ട്ര സർവകലാശാലകളുടെ വിവിധ കോഴ്സുകൾ സ്വദേശികളായ വിദ്യാർഥികൾക്ക് പ്രയോജനപ്പെടുത്താൻ ലക്ഷ്യമിട്ടാണ് നടപടി.
വിവിധ മേഖലകളിൽ രാജ്യം സാക്ഷ്യം വഹിച്ച നവോത്ഥാനത്തിനൊപ്പം ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനും തൊഴിൽ വിപണി സജീവമാക്കുന്നതിനും സ്വദേശികൾക്ക് നൂതനവും ലോകോത്തരവുമായ വിദ്യാഭ്യാസം നൽകുന്നതിനുമുള്ള സർക്കാർ താൽപര്യത്തിെൻറ ചട്ടക്കൂടിനുള്ളിലാണ് പുതിയ തീരുമാനം. പുതിയ യൂനിവേഴ്സിറ്റി നിയമത്തിൽ സർവകലാശാലകൾക്കും അവയുടെ ബ്രാഞ്ചുകൾക്കും സ്വകാര്യ കോളജുകൾക്കും വിദേശ സർവകലാശാലകളുടെ ശാഖകൾ സ്ഥാപിക്കുന്നതിനോ ലയിപ്പിക്കുന്നതിനോ അനുമതി നൽകുന്ന ചട്ടം ചേർക്കാനും യൂനിവേഴ്സിറ്റി അഫയേഴ്സ് കൗൺസിലിന് ഇതിനുള്ള അധികാരം നൽകാനുമുള്ള ശിപാർശ മന്ത്രിസഭയുടെ അംഗീകാരത്തിനായി സമർപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
2019ൽ മന്ത്രിസഭ പുതിയ സർവകലാശാല നിയമം പുറപ്പെടുവിച്ചതിനെത്തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ യൂനിവേഴ്സിറ്റി അഫയേഴ്സ് കൗൺസിൽ രൂപവത്കരിക്കുന്നതിന് സൽമാൻ രാജാവ് അനുമതി നൽകിയിരുന്നു. സർവകലാശാല വിദ്യാഭ്യാസത്തിനുള്ള നയങ്ങളുടെയും തന്ത്രങ്ങളുടെയും അംഗീകാരം, സർവകലാശാലകൾ, സ്വകാര്യ കോളജുകൾ, വിദേശ സർവകലാശാലകളുടെ ശാഖകൾ, സർവകലാശാലകൾക്കുള്ള സാമ്പത്തിക, ഭരണ, അക്കാദമിക് നിയന്ത്രണങ്ങൾ തുടങ്ങിയവയാണ് യൂനിവേഴ്സിറ്റി അഫയേഴ്സ് കൗൺസിലിെൻറ ഏറ്റവും പ്രധാനപ്പെട്ട ചുമതലകൾ.
സംഭാവനകൾ, സമ്മാനങ്ങൾ, അവ ചെലവഴിക്കുന്നതിനുള്ള സംവിധാനം എന്നിവയുടെ ജനറൽ അതോറിറ്റി ഓഫ് ഒൗഖാഫുമായുള്ള ഏകോപനം, സർവകലാശാലകളിലെ എൻഡോവ്മെൻറുകൾ കൈകാര്യം ചെയ്യുന്ന ചട്ടങ്ങളുടെ അംഗീകാരം, സർവകലാശാല പ്രസിഡൻറുമാരെ നാമനിർദേശം ചെയ്യുന്നതിനുള്ള നിയമങ്ങൾ അംഗീകരിക്കൽ, സർവകലാശാലകളുടെയും അവയുടെ ശാഖകളുടെയും സ്വകാര്യ കോളജുകളുടെയും വിദേശ സർവകലാശാലകളുടെ ശാഖകളുടെയും നടത്തിപ്പ്, നിർത്തലാക്കൽ, ലയിപ്പിക്കൽ എന്നിവക്ക് അംഗീകാരം ശിപാർശ ചെയ്യൽ, കോളജുകൾ, ഡീൻഷിപ്പുകൾ, ഇൻസ്റ്റിറ്റ്യൂട്ടുകൾ, കേന്ദ്രങ്ങൾ, ശാസ്ത്ര വകുപ്പുകൾ എന്നിവ സ്ഥാപിക്കുന്നതിന് അംഗീകാരം നൽകൽ, അല്ലെങ്കിൽ അവയെ ലയിപ്പിക്കൽ, നിർത്തലാക്കൽ, പേരുമാറ്റം എന്നീ ചുമതലകളും കൗൺസിലിെൻറ പരിധിയിൽ വരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.