ജിദ്ദ: പരീക്ഷണങ്ങളുടെ അവസാന ഘട്ടത്തിലെത്തിയ, കോവിഡിനെതിരെയുള്ള രണ്ടോ മൂന്നോ വ്യത്യസ്ത വാക്സിനുകൾ ആദ്യം സ്വന്തമാക്കുന്ന രാജ്യങ്ങളിലൊന്നാവാൻ ഒരുങ്ങി സൗദി അറേബ്യ. ഇതിനു വേണ്ടിയുള്ള കരാറിൽ സൗദി അറേബ്യ ഒപ്പുവെച്ചതായി പ്രതിരോധ ആരോഗ്യ അസി. ഡെപ്യൂട്ടി മന്ത്രി അബ്ദുല്ല അൽഅസിരി പറഞ്ഞു. വാക്സിനുകൾ സ്വീകരിക്കുന്ന ആദ്യത്തെ രാജ്യങ്ങളിലൊന്നാവാനാണ് സൗദി അറേബ്യ ഒരുങ്ങുന്നതെന്ന് പ്രാദേശിക ടി.വി ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
അതേസമയം, സൗദി അറേബ്യയിൽ പ്രതിദിന കോവിഡ് കേസുകൾ 400ൽനിന്ന് 311 ആയി കുറയുകയും ദിനേനയുള്ള രോഗമുക്തി കണക്കുകൾ ക്രമാതീതമായി വർധിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്. കോവിഡ് രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവർ പരിശോധനക്കായി 'തത്മൻ' ക്ലിനിക്കുകളിലൊന്ന് സന്ദർശിക്കാൻ മന്ത്രാലയം ആവശ്യപ്പെട്ടു. ഏകദേശം 235 ക്ലിനിക്കുകൾ രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട്. 'സിഹത്തി' മൊബൈൽ ആപ് വഴി കോവിഡ് പരിശോധനക്ക് ബുക്ക് ചെയ്യാം. എന്നിരുന്നാലും ഉയർന്ന താപനില, ശ്വാസതടസ്സം, നെഞ്ചുവേദന, ചുമ, തൊണ്ടവേദന, വയറിളക്കം, മണം, രുചി എന്നിവയുടെ നഷ്ടം തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കുകയോ അണുബാധയുണ്ടെന്ന് കരുതുന്നുവെങ്കിലോ ആർക്കും ബുക്കിങ് ഇല്ലാതെതന്നെ ക്ലിനിക്കുകൾ സന്ദർശിക്കാവുന്നതാണ്.
രോഗത്തിെൻറ നേരിയ ലക്ഷണങ്ങളോ രോഗം ബാധിച്ച ഒരാളുമായി ബന്ധപ്പെട്ടിരിക്കാമെന്ന് സംശയിക്കുകയോ ചെയ്യുന്ന ആളുകളെ പരിചരിക്കുന്നതിനായി ആരോഗ്യ മന്ത്രാലയം 'തക്കാദ്' എന്ന പേരിലുള്ള ആരോഗ്യ കേന്ദ്രങ്ങളും സ്ഥാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.