ജിദ്ദ: ഇന്ത്യയടക്കം 20 രാജ്യങ്ങളിൽനിന്നും സൗദിയിലേക്ക് പ്രവേശിക്കുന്നതിന് ബുധനാഴ്ച മുതൽ താൽക്കാലിക വിലക്കേർപ്പെടുത്തിയത് കേരളത്തിൽനിന്നുള്ള പതിനായിരക്കണക്കിന് പ്രവാസികളെ അനിശ്ചിതത്വത്തിലും ആശങ്കയിലുമാക്കി. കോവിഡ് കേസുകൾ വീണ്ടും സൗദിയിൽ വർധിച്ചുവരുന്നത് കണക്കിലെടുത്താണ് ഇപ്പോൾ താൽക്കാലിക യാത്രാവിലക്ക് നിലവിൽവന്നത്. നേരത്തേ പൂർണമായും നിലനിന്നിരുന്ന യാത്രാവിലക്ക് മാസങ്ങൾക്ക് മുമ്പാണ് പുനരാരംഭിച്ചത്.
അപ്പോഴും ഇന്ത്യയിൽനിന്ന് സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിന് വിലക്ക് ഒഴിവാക്കിയിരുന്നില്ല. ഇന്ത്യയിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലായിരുന്നു ഇത്. അതിനാൽ തന്നെ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യയിൽ നിന്നുള്ള പ്രവാസികൾ 75,000 രൂപയോളം മുടക്കി ദുബൈ വഴിയും മറ്റും 14 ദിവസം ക്വാറൻറീൻ പൂർത്തിയാക്കിയായിരുന്നു സൗദിയിൽ പ്രവേശിച്ചിരുന്നത്.
കോവിഡ് സാഹചര്യത്തിൽ ജോലി ഇല്ലാതെ ൈകയിൽ പണമില്ലാഞ്ഞിട്ടും റീ-എൻട്രി, ഇഖാമ കാലാവധി തീരുന്നതിനുമുമ്പ് സൗദിയിലെത്തുന്നതിനായി പലരിൽ നിന്നും കടം വാങ്ങിയും ലോൺ എടുത്തുമൊക്കെയാണ് ഇത്തരക്കാർ സൗദിയിലെത്തിയിരുന്നത്. പതിനായിരക്കണക്കിന് പ്രവാസികൾ നിലവിൽ ദുബൈയിൽവന്ന് സൗദിയിലേക്ക് പ്രവേശിക്കാൻ ദിനങ്ങളെണ്ണി കാത്തിരിക്കുന്നതിനിടയിലാണ് ഇത്തരക്കാരെ വീണ്ടും ദുരിതത്തിലാക്കി പുതിയ യാത്രാവിലക്ക് നിലവിൽ വന്നത്. ഇനി എന്തുചെയ്യുമെന്നറിയാതെ കുടുങ്ങിയിരിക്കുകയാണ് ഇവരെല്ലാവരും.
ജനിതകമാറ്റം വന്ന കോവിഡ് ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ കണ്ടെത്തിയ സന്ദർഭത്തിലും ഇതുപോലെ സൗദിയിലേക്ക് താൽക്കാലിക വിലക്ക് വന്നപ്പോൾ ദുബൈയിലെത്തിയ പ്രവാസികളിൽ ചിലരെല്ലാം നാട്ടിലേക്ക് മടങ്ങുകയായിരുന്നു. കുറച്ചു പേരെങ്കിലും അന്ന് ദുബൈയിൽ തന്നെ കാത്തിരിക്കുകയും വിലക്ക് നീക്കിയപ്പോൾ സൗദിയിലേക്ക് പ്രവേശിക്കുകയുമായിരുന്നു.
ഇപ്രാവശ്യവും ഏതാനും ദിവസങ്ങൾ കഴിഞ്ഞാൽ വിലക്ക് പിൻവലിക്കും എന്ന പ്രതീക്ഷയിൽ ദുബൈയിൽ തന്നെ കഴിച്ചുകൂട്ടാനായിരിക്കും ഇവരിൽ മഹാഭൂരിപക്ഷവും തീരുമാനിക്കുക. എന്നാൽ, ഇവരിൽ തന്നെ വരും ദിവസങ്ങളിൽ റീ-എൻട്രി വിസയും ഇഖാമയുടെ കാലാവധി തീരുന്നവരുമെല്ലാം ഉണ്ട്. ഇത്തരക്കാരാണ് ഇപ്പോൾ ഏറെ പ്രതിസന്ധിയിലായിരിക്കുന്നത്. ഗൾഫ് രാജ്യങ്ങളിൽ യാത്രാവിലക്ക് നിലനിൽക്കുന്ന ഏക രാജ്യം യു.എ.ഇ മാത്രമാണ്.
എന്നാൽ ഒമാൻ, ഖത്തർ, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങൾ വഴി 14 ദിവസം ക്വാറൻറീൻ പൂർത്തിയാക്കി ഇന്ത്യക്കാർക്ക് സൗദിയിലേക്ക് പ്രവേശിക്കാൻ സാധിക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.ഇത്തരത്തിൽ വരുന്നതിന് അനുമതി ഉണ്ടെങ്കിൽ ഇപ്പോൾ ദുബൈയിലുള്ളവർക്കും നാട്ടിൽ നിന്നും സൗദിയിലേക്ക് വരാൻ ആഗ്രഹിക്കുന്നവർക്കും ഈ രാജ്യങ്ങളിലൂടെ സൗദിയിലേക്ക് വരാം എന്നുള്ളതാണ് ഏകമാർഗം. പക്ഷേ, ഇക്കാര്യത്തിലെ അനിശ്ചിതത്വം നീങ്ങുന്നതിനും വ്യക്തതക്കും കാത്തിരിക്കേണ്ടിവരും.
ജിദ്ദ: കോവിഡ് കേസുകൾ സൗദിയിൽ വീണ്ടും ഉയരുന്ന പശ്ചാത്തലത്തിൽ ഇന്ത്യ ഉൾപ്പെടെ 20 രാജ്യങ്ങളിൽനിന്ന് സൗദിയിൽ പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയ താൽക്കാലിക വിലക്ക് ബുധനാഴ്ച രാത്രി ഒമ്പതുമുതൽ പ്രാബല്യത്തിലായി. സൗദി ആഭ്യന്തരമന്ത്രാലയമാണ് വിലക്കേർപ്പെടുത്തിയത്. താൽക്കാലികമാണെങ്കിലും അനിശ്ചിത കാലത്തേക്കാണ്. ഇന്ത്യ, യു.എ.ഇ, ജർമനി, അമേരിക്ക, ഇന്തോനേഷ്യ, ഇറ്റലി, പാകിസ്താൻ, ബ്രിട്ടൻ, ദക്ഷിണ ആഫ്രിക്ക, ഫ്രാൻസ്, ലബനാൻ, ഈജിപ്ത്, ജപ്പാൻ, അർജൻറീന, അയർലൻഡ്, ബ്രസീൽ, പോർചുഗൽ, തുർക്കി, സ്വീഡൻ, സ്വിസർലൻഡ് എന്നീ രാജ്യങ്ങളിൽനിന്നുള്ള സൗദി പൗരന്മാരല്ലാത്തവർക്കാണ് വിലക്ക്.
എന്നാൽ ഈ രാജ്യങ്ങളിൽ നിന്നുള്ള സൗദി പൗരന്മാർ, വിദേശ നയതന്ത്രജ്ഞർ, ആരോഗ്യ പ്രവർത്തകർ, ഇവരുടെയെല്ലാം കുടുംബങ്ങൾ എന്നിവർക്ക് സൗദി ആരോഗ്യ മന്ത്രാലയം നിഷ്കർഷിക്കുന്ന കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിച്ചുകൊണ്ട് സൗദിയിലേക്ക് പ്രവേശിക്കുന്നതിന് വിലക്ക് ബാധകമല്ല. എന്നാൽ ഇങ്ങനെ വരുന്നവർ യാത്രക്ക് മുമ്പ് കോവിഡ് പരിശോധന നടത്തി നെഗറ്റീവ് ഫലം തെളിയിക്കുന്ന രേഖകൾ ൈകയ്യിൽ കരുതണം. ഇവർ സൗദിയിലെത്തിയാൽ 14 ദിവസം ക്വാറൻറീൻ പൂർത്തിയാക്കുകയും വേണം. മറ്റു രാജ്യങ്ങളിൽ നിന്നുള്ളവരാണെങ്കിലും വിലക്ക് ഏർപ്പെടുത്തിയ രാജ്യങ്ങളിൽ കഴിഞ്ഞ 14 ദിവസം സന്ദർശനം നടത്തിയവരാണെങ്കിൽ അവർക്കും സൗദിയിലേക്ക് വരുന്നതിന് വിലക്ക് ബാധകമാണ്. എന്നാൽ ഇന്ത്യ അടക്കം വിലക്ക് ഏർപ്പെടുത്തിയ രാജ്യങ്ങളിൽനിന്നുള്ള പൗരന്മാർക്ക് വിലക്ക് ബാധകമല്ലാത്ത രാജ്യങ്ങളിൽ 14 ദിവസം ക്വാറൻറീൻ പൂർത്തിയാക്കി സൗദിയിൽ പ്രവേശിക്കാനാവുമോ എന്ന കാര്യത്തിൽ അവ്യക്തത നിലനിൽക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.