ജുബൈൽ: നാട്ടിലേക്ക് മടങ്ങുന്ന ജുബൈൽ മലയാളം ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ് സ്ഥാപക പ്രസിഡൻറും കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന നൂഹ് പാപ്പിനിശ്ശേരിക്ക് ക്ലബ് അംഗങ്ങൾ യാത്രയയപ്പ് നൽകി. നാല് പതിറ്റാണ്ട് നീണ്ട പ്രവാസത്തിനിടയിൽ ടോസ്റ്റ് മാസ്റ്റേഴ്സ് കൂട്ടായ്മയുടെ മേഖല ഡയറക്ടർ, കോൺഫറൻസ് അധ്യക്ഷൻ, ക്ലബ് അധ്യക്ഷൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഹോഷൻകോ കമ്പനിയിൽ ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം ജുബൈലിലെ സാധാരണക്കാരന്റെ പ്രശ്നങ്ങളിൽ ഇടപെട്ട് പ്രവർത്തിച്ചിരുന്ന നേതാവായിരുന്നു. പൊതുവായ പ്രശ്നങ്ങളിൽ ക്രിയാത്മകമായി പ്രവർത്തിക്കുന്ന ജുബൈലിലെ മുഴുവൻ മലയാളി സംഘടനകളുടെയും കൂട്ടായ്മയായ ജുബൈൽ വെൽഫെയർ അസോസിയേഷന്റെ (ജുവ) രൂപവത്കരണത്തിൽ മുഖ്യ പങ്കുവഹിച്ചു.
ഒ.ഐ.സി.സി പ്രസിഡൻറ്, സെക്രട്ടറി, ഇന്ത്യൻ എംബസി ഹെൽപ് ഡെസ്ക് വളന്റിയർ, ജുബൈൽ ഇന്ത്യൻ സ്കൂൾ പാരന്റ്സ് ഫോറം അംഗം, സിജി ജുബൈൽ ഭാരവാഹി, ജുവ കൺവീനർ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. ഒ.ഐ.സി.സി കുടുംബവേദി അധ്യക്ഷനായി പ്രവർത്തിച്ചു കൊണ്ടിരിക്കെയാണ് നാട്ടിലേക്ക് മടങ്ങുന്നത്.
ജുബൈൽ കിംസ് ആശുപത്രി ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പിൽ ടോസ്റ്റ് മാസ്റ്റർ ക്ലബ് പ്രസിഡൻറ് നജീബ് നസീർ അധ്യക്ഷത വഹിച്ചു. ക്ലബ് രക്ഷാധികാരികളായ സഫയർ മുഹമ്മദ്, സനിൽ കുമാർ, ഇർഷാദ് മുഹമ്മദ്, വൈസ് പ്രസിഡന്റുമാരായ കുഞ്ഞിക്കോയ, പ്രശാന്ത്, നൗഫൽ, ഹാഷിർ അലി, ട്രഷറർ നഹാസ്, മുൻ പ്രസിഡൻറുമാരായ തോമസ്, സുജിത്ത് മാത്യു, നൗഷാദ്, ടോസ്റ്റ്മാസ്റ്റർ അംഗങ്ങളായ ഷൈജു, അസ്ലം, ഹരിത, രഞ്ജിത് മാത്യൂസ്, ഷാഹിദ്, മുജീബ് എന്നിവർ നേതൃത്വം നൽകി. ഡോ. സാബു മുഹമ്മദ്, സജീർ (കിംസ്), അജ്മൽ സാബു, ആദിൽ, വിന്ദുജ, ഡോ. ഹദീൽ ഇർഷാദ് എന്നിവർ അതിഥികളായിരുന്നു. നൂഹ് പാപ്പിനിശ്ശേരിയും പത്നി ജമീലയും നടത്തിയ മറുപടി പ്രസംഗത്തിൽ തങ്ങളുടെ പ്രവാസ ജീവിതാനുഭവങ്ങൾ സദസ്സിനോട് പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.