ജുബൈൽ: സൗദി ഷൂട്ടർ സഇൗദ് അൽ മുത്തൈരി ടോക്യോ ഒളിമ്പിക്സിൽ പുരുഷന്മാരുടെ സ്കീറ്റ് മത്സരത്തിൽ ശ്രദ്ധേയമായ തുടക്കം കുറിച്ചു. അടുത്തഘട്ടത്തിലേക്ക് മുന്നേറാമെന്ന പ്രതീക്ഷയിൽ അസാക്ക ഷൂട്ടിങ് റേഞ്ചിൽ ആദ്യദിവസം പൂർത്തിയാക്കിയപ്പോൾ 51കാരനായ സഇൗദ് 75ൽ 71 സ്കോർ നേടിയിട്ടുണ്ട്.
ഞായറാഴ്ച രാവിലെ നടന്ന യോഗ്യതാ മത്സരത്തിലെ മൂന്ന് റൗണ്ടുകളിൽ 23, 25, 23 സ്കോറുകൾ നേടിയ സഇൗദ് 22ാം സ്ഥാനത്തെത്തി. കുവൈത്ത് ഷൂട്ടർ അബ്ദുല്ല അൽ റാഷിദി ആറാം സ്ഥാനത്തെത്തി.
രണ്ടാം യോഗ്യത ദിനമായ തിങ്കളാഴ്ച രാവിലെ സൗദി സമയം പുലർച്ച നാലിന് മത്സരം ആരംഭിക്കും. ടോക്യോ ഒളിമ്പിക്സിലെ സൗദിയുടെ വലിയ പ്രതീക്ഷകളിൽ ഒരാളാണ് സഇൗദ്. ടോക്യോയിലേക്കുള്ള സൗദി പ്രതിനിധി സംഘത്തിലെ ഏറ്റവും പ്രായംചെന്ന അംഗമായ അദ്ദേഹം 1994ൽ ഹിരോഷിമയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ സൗദിക്കുവേണ്ടി ആദ്യ സ്വർണ മെഡൽ നേടിയിരുന്നു. 2003ൽ െകെറോയിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ നാലാം സ്ഥാനത്തെത്തി.
ഒരു വർഷത്തിനുശേഷം ക്വാലാലംപൂരിൽ നടന്ന ഏഷ്യൻ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി. ടോക്യോ 2020ലേക്ക് യോഗ്യത ഉറപ്പാക്കുന്നതിനുമുമ്പ് 2007ലെ പാൻ അറബ് ഗെയിമുകളിലും 10 വർഷത്തിനുശേഷം ബകുവിലെ ഇസ്ലാമിക് സോളിഡാരിറ്റി ഗെയിംസിലും അൽ മുത്തൈരി സ്വർണം കരസ്ഥമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.