അറഫയിൽ കടുത്ത ചൂടിനെ പ്രതിരോധിക്കാൻ അന്തരീക്ഷത്തിൽ വെള്ളം പമ്പ്​ ചെയ്യുന്നു (ഫയൽ ചിത്രം)

ഹജ്ജിനിടെ ആകെ മരണം 1301; മരിച്ചവരിൽ കൂടുതലും അനധികൃത തീർഥാടകരെന്ന് അധികൃതർ

മക്ക: ഇത്തവണത്തെ ഹജ്ജ് കാലത്ത്​ അകെ മരിച്ചത്​ 1,301 പേരാണെന്നും ഇതിൽ കൂടുതലും അനധികൃത തീർഥാടകരാണെന്നും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇങ്ങനെ മരിച്ചവരിൽ 83 ശതമാനം അനുമതിയില്ലാതെ ഹജ്ജിനെത്തിയവരാണ്​. ഇത്തരക്കാർക്ക്​ ശരിയായ താമസസൗകര്യമോ വാഹനം ഉൾപ്പടെ മറ്റ്​ സൗകര്യങ്ങളോ ലഭിക്കാൻ ഒരു സാധ്യതയുമില്ലായിരുന്നു. ഇത്തരമൊരു സാഹചര്യത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുംവിധം കഴിയേണ്ടിവന്നിട്ടുണ്ടാവാം. വാഹനസൗകര്യമൊന്നുമില്ലാതെ വെയിലേറ്റ്​ ദീർഘദൂരം നടന്ന് ക്ഷീണിക്കുകയും ചെയ്​തിരിക്കാം. അതുകൊണ്ട്​ തന്നെ അതിവേഗം ആരോഗ്യപ്രശ്​നങ്ങൾക്ക്​ അടിപ്പെടുന്ന സാഹചര്യമുണ്ടായി. മാത്രമല്ല ഇത്തരക്കാരിൽ അധികവും പ്രായം ചെന്നവരും വിട്ടുമാറാത്ത രോഗബാധയുള്ളവരുമായിരുന്നെന്നും കണ്ടെത്തിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി ഫഹദ് അൽ ജലാജിൽ ചൂണ്ടിക്കാട്ടി.

കടുത്ത ചൂട് കാരണമുള്ള സമ്മർദത്തിന്റെ അപകടങ്ങളെക്കുറിച്ചും അതിനാവശ്യമായ പ്രതിരോധ നടപടികളുടെ പ്രാധാന്യത്തെക്കുറിച്ചും ആരോഗ്യ ബോധവത്കരണത്തിന് വിവിധ വകുപ്പുകൾ നടത്തിയിരുന്ന ശ്രമങ്ങളെക്കുറിച്ചും ആരോഗ്യ മന്ത്രി ഓർമപ്പെടുത്തി. മൃതദേഹങ്ങൾ ഖബറടക്കാനുള്ള നടപടികളുടെ പൂർത്തീകരണത്തിന്​, തിരിച്ചറിയൽ രേഖയോ ഹജ്ജ് അനുമതി പത്രമോ ഇല്ലാതിരുന്നിട്ടും മരണ സർട്ടിഫിക്കറ്റുകൾ അതിവേഗം നൽകുന്നതിനുള്ള സംവിധാനം അധികൃതർ സ്വീകരിച്ചുവരുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കടുത്ത ചൂടുള്ള കാലാവസ്ഥയിൽ ഹാജിമാർ ഏറെ പ്രതിസന്ധി തരണം ചെയ്ത ഒരു ഹജ്ജ് സീസണാണ് കടന്നുപോയതെന്നും രോഗ ബാധിതരായ ചില തീർഥാടകർ ഇപ്പോഴും ചികിത്സയിലും തീവ്രപരിചരണത്തിലുമാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഈ വർഷം ഹാജിമാർക്കിടയിൽ പകർച്ചവ്യാധികളോ വ്യാപകമായ രോഗങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടില്ലെന്നും വിജയകരമായ ഹജ്ജ് സീസൺ പൂർത്തിയാക്കാൻ കഴിഞ്ഞെന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.

ഹജ്ജ് നിർവഹിക്കാനുള്ള അനുമതിപത്രം ലഭിക്കാത്തവർക്ക് 1,41,000 സേവനങ്ങൾ ഉൾപ്പെടെ 4,65,000ലധികം പ്രത്യേക ചികിത്സാസൗകര്യങ്ങൾ ആരോഗ്യ മന്ത്രാലയം ഒരുക്കിയിരുന്നു. ഹജ്ജ് പ്രദേശങ്ങളിൽ ഉയർന്ന താപനില അനുഭവപ്പെടുന്നുണ്ടെങ്കിലും തീർഥാടകരുടെ മൊത്തത്തിലുള്ള ആരോഗ്യ സ്ഥിതി തൃപ്തികരമാണ്. ആരോഗ്യ മന്ത്രാലയത്തിലെ വിവിധ മേഖലയിലുള്ള ഉദ്യോഗസ്ഥരും സന്നദ്ധ പ്രവർത്തകരും ഹജ്ജ് സുരക്ഷ സേനകളും ഫലപ്രദമായ പിന്തുണ നൽകിയതിനാൽ തീർഥാടകർക്ക് അവരുടെ ഹജ്ജ് അനുഷ്‌ഠാനങ്ങൾ സുഗമമായി നിർവഹിക്കാൻ കഴിഞ്ഞതായും അധികൃതർ വിലയിരുത്തി.

തീർഥാടകർക്ക് സൗദിയുടെ സൗജന്യ ആരോഗ്യ സേവനങ്ങൾ നൽകുന്നതായും അവർ രാജ്യത്ത് എത്തുന്നതിന് മുമ്പുതന്നെ വ്യോമ, കടൽ, കര അതിർത്തി കവാടങ്ങളിൽ ബോധവത്കരണ പരിപാടികൾ നടത്തിയതായും ഏകദേശം 13 ലക്ഷം ‘മുൻകരുതൽ സേവനങ്ങൾ’ നൽകിയതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി. തീർഥാടകർക്ക് പ്രതിരോധ കുത്തിവെപ്പുകൾ പൂർത്തിയാക്കി. ഓപൺ ഹാർട്ട് സർജറികൾ, കാർഡിയാക് കത്തീറ്ററൈസേഷൻ, ഡയാലിസിസ്, എമർജൻസി കെയർ എന്നിവ ഉൾപ്പെടെ 30,000ത്തിലധികം ആംബുലൻസ് സേവനങ്ങൾ, 95 എയർ ആംബുലൻസ് ഓപറേഷനുകൾ, രാജ്യത്തുടനീളമുള്ള മെഡിക്കൽ നഗരങ്ങളിൽ നൂതന ആരോഗ്യ സേവനങ്ങൾ എന്നിവ മന്ത്രാലയം ഉറപ്പുവരുത്തിയിരുന്നു. ഏകദേശം 6,500 കിടക്കകൾ ഉൾക്കൊള്ളുന്ന വിവിധ ആശുപത്രികളുടെ സംവിധാനം, താപ സമ്മർദത്തെ ചെറുക്കുന്നതിനുള്ള നടപടികൾ, രോഗികളെ വിവിധ രീതിയിൽ സഹായിക്കാൻ തയാറാക്കിയ ആധുനിക ഉപകരണങ്ങൾ, നൂറുകണക്കിന് വിദഗ്​ധരായ ആരോഗ്യ സന്നദ്ധ പ്രവർത്തകർ തുടങ്ങി എല്ലാവിധ മുന്നൊരുക്കവും നേരത്തേ തന്നെ മന്ത്രാലയം പൂർത്തിയാക്കിയിരുന്നു.


Tags:    
News Summary - Total deaths during Hajj 1301; Authorities said that most of the dead were illegal pilgrims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.