റിയാദ്: ‘നിങ്ങളുടെ ഈദ് ഇവിടെ’ എന്ന തലക്കെട്ടിൽ സ്പിരിറ്റ് ഓഫ് സൗദി (റൂഹ് സൗദി) ഈദുൽ ഫിത്ർ പ്രമോഷനൽ കാമ്പയിൻ ആരംഭിച്ചു. സൗദി ടൂറിസം അതോറിറ്റിയും പൊതു-സ്വകാര്യ മേഖലകളിൽനിന്നുള്ള ടൂറിസം പങ്കാളികളും സഹകരിച്ചാണ് കാമ്പയിൻ. സൗദിയിൽ വെച്ച് ഈദ് ആഘോഷിക്കാനും വിവിധ പ്രദേശങ്ങളിലെ പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കുമിടയിൽ സന്തോഷം പകരുന്നതിനും ലക്ഷ്യമിട്ടാണിത്.
120ലധികം ഉൽപന്നങ്ങളും ഓഫറുകളും വിവിധ ടൂറിസം പാക്കേജുകളും അടങ്ങുന്നതാണ് ഈ വർഷത്തെ ഈദുൽ ഫിത്ർ പരിപാടികൾ. റിയാദ്, ദമ്മാം, ജിദ്ദ, അസീർ എന്നിവിടങ്ങളിലാണ് പ്രധാന ആഘോഷപരിപാടികൾ. കൂടാതെ നിരവധി വ്യതിരിക്തമായ വിനോദ പ്രവർത്തനങ്ങൾക്കും ഇവൻറുകൾക്കും സൗദിയിലെ 13 പ്രദേശങ്ങൾ സാക്ഷ്യം വഹിക്കും. വെടിക്കെട്ട്, കച്ചേരികൾ, നാടകങ്ങൾ തുടങ്ങിയവ പരിപാടികളിലുൾപ്പെടും. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ സൗദി അറേബ്യയുടെ സ്ഥാനം മെച്ചപ്പെടുത്തുകയും വർഷം മുഴുവനും സ്വദേശത്തുനിന്നും വിദേശത്തുനിന്നും വിനോദസഞ്ചാരികളുടെ ഒരു ലക്ഷ്യസ്ഥാനമാക്കുകയുമാണ് ഇതിലൂടെ ടൂറിസം അതോറിറ്റി ലക്ഷ്യമിടുന്നത്. രാജ്യത്തേക്ക് വരാൻ വിസ നൽകുന്നത് മുമ്പത്തേക്കാൾ എളുപ്പവും സൗകര്യപ്രദവുമായി മാറിയ സമയത്താണ് ടൂറിസം വകുപ്പിന് കീഴിൽ ഈദ് പ്രവർത്തന കാമ്പയിൻ നടക്കുന്നത്. സൗദി ടൂറിസം അതോറിറ്റിയുടെ മേൽനോട്ടത്തിലുള്ള സൗദി ടൂറിസത്തിന്റെ ഔദ്യോഗിക ഐഡൻറിറ്റിയാണ് ‘റൂഹ് സൗദിയ’.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.