ജിദ്ദ: ‘എ.ആർ.എം’ (അജയന്റെ രണ്ടാം മോഷണം) എന്ന പുതിയ ത്രീ ഡി സിനിമയുടെ പ്രചാരണവുമായി ജിദ്ദയിലെത്തിയ സൂപ്പർതാരം ടൊവിനോയേയും ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ് സുരഭി ലക്ഷ്മിയേയും സിനിമാ പ്രേമികൾ ഹർഷാരവത്തോടെ എതിരേറ്റു. ജിദ്ദ അൽ റവാബിയിലുള്ള ലുലു ഹൈപ്പർ മാർക്കറ്റ് പ്രവേശന കവാടത്തിനു സമീപം മി ഫ്രൻഡ് ആപ്പും ലുലു ഗ്രൂപ്പും സംയുക്തമായൊരുക്കിയ പരിപാടി വീക്ഷിക്കാൻ സ്ത്രീകളും കുട്ടികളുമടക്കം നൂറ് കണക്കിന് സിനിമ പ്രേമികളാണ് തടിച്ചുകൂടിയത്.
സിനിമയുടെ ടീസർ ചടങ്ങിൽ പ്രദർശിപ്പിച്ചു. മലയാളം, തമിഴ്, കന്നട, തെലുഗു, ഹിന്ദി എന്നീ ഭാഷകളിൽ പുറത്തിറങ്ങുന്ന സിനിമയെക്കുറിച്ചുള്ള തങ്ങളുടെ അനുഭവങ്ങൾ ടൊവിനോയും, സുരഭിയും സദസ്സുമായി പങ്കുവെച്ചു.
സിനിമക്കായി രണ്ട് ദിവസങ്ങൾകൊണ്ടാണ് കുതിരയോട്ടം പഠിച്ചതെന്ന് ടോവിനോ പറഞ്ഞു. സിനിമയിലെ കഥാപാത്രത്തെ പരമാവധി മികവുറ്റതാക്കാൻ സാധാരണയിൽ കവിഞ്ഞ പരിശീലനവും പ്രയത്നവും ഉണ്ടായിട്ടുണ്ട്. അതിന് സഹായിച്ച സിനിമയുടെ പിന്നിൽ പ്രവർത്തിച്ച എല്ലാവരോടും പ്രത്യേകം നന്ദി പറയുന്നതായും ടോവിനോ പറഞ്ഞു. ആടി ആടിയെ ആട്ടം വരൂ, പാടി പാടിയെ പാട്ട് വരൂ എന്നതാണ് അഭിനയത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടെന്ന് സുരഭി പറഞ്ഞു.
ഒരു നല്ല നടനോ നടിയോ ഒക്കെ ആവണമെങ്കിൽ ആദ്യം നല്ലൊരു മനുഷ്യനാവുക എന്നതാണ് പ്രധാനം. ഈഗോ മാറ്റിവെച്ചുകൊണ്ട് ആ കഥാപാത്രത്തിനായി എല്ലാ നിലക്കും പ്രയത്നിക്കുക എന്നതാണ് പ്രധാനം. ആ ഗുണം ഉള്ളതുകൊണ്ടാണ് ടോവിനോയുടെ എ.ആർ.എം സിനിമയലടക്കമുള്ള എല്ലാ കഥാപാത്രങ്ങളും ശ്രദ്ധേയമാവുന്നതെന്നും സുരഭി അഭിപ്രായപ്പെട്ടു. യോദ്ധാവ്, കള്ളൻ, ട്യൂഷൻ മാസ്റ്റർ എന്നിങ്ങനെ മൂന്ന് കഥാപാത്രങ്ങളെയാണ് ടൊവിനോ സിനിമയിൽ അവതരിപ്പിക്കുന്നത്.
സദസ്സിൽ നിന്നുള്ള ചോദ്യങ്ങൾക്ക് ഇരുവരും കൃത്യമായ മറുപടി നൽകി. എല്ലാവരെയും സിനിമ കാണുന്നതിനായി നേരിട്ട് ക്ഷണിക്കുന്നതായും ഇരുവരും പറഞ്ഞു. ഗുഡ് ഹോപ്പ് അക്കാദമിയിലെ നർത്തകിമാർ നൃത്തച്ചുവടുകൾ വെച്ചു. ‘ഗൾഫ് മാധ്യമം’ റിയാദിൽ മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന പുതിയ മെഗാ ഇവന്റായ ‘ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റി’ന്റെയും ലുലു ഹൈപ്പർ മാർക്കറ്റ് അടുത്ത മൂന്ന് ദിവസങ്ങളിൽ നൽകുന്ന 50 ശതമാനം ഓഫറുകളുടെയും പ്രോമോ വിഡിയോ ചടങ്ങിൽ പ്രദർശിപ്പിച്ചു.
ലുലു സൗദി മാർക്കറ്റിങ് മാനേജർ മുഹമ്മദ് സച്ചിൻ, വെസ്റ്റേൺ റീജനൽ ഡയറക്ടർ റഫീഖ് മുഹമ്മദലി, വെസ്റ്റേൺ റീജനൽ മാനേജർ റിൽസ് മുസ്തഫ, മീ ഫ്രണ്ട് സൗദി മാർക്കറ്റിങ് മാനേജർ ഹിലാൽ ഹുസൈൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ദുബൈയിൽനിന്നുള്ള നിശാ യൂസുഫ് അവതാരകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.