മക്ക: റമദാനിൽ ഹറമിലെത്തുന്ന തീർഥാടകരുടെ സേവനത്തിന് ട്രാഫിക് സുരക്ഷ വിഭാഗം സജ്ജമാണെന്ന് പൊതുസുരക്ഷ മേധാവി ലെഫ്റ്റനൻറ് ജനറൽ മുഹമ്മദ് അൽബസ്സാമി പറഞ്ഞു. റമദാനിലെ മന്ത്രാലയത്തിന്റെ പദ്ധതികളും തയാറെടുപ്പുകളും വിശദീകരിക്കാൻ മക്കയിലെ യൂനിഫൈഡ് ഓപറേഷൻസ് സെന്ററിൽ ഉംറ സുരക്ഷാസേന മേധാവികളുടെ വാർത്തസമ്മേളനത്തിലാണ് പൊതുസുരക്ഷ മേധാവി ഇക്കാര്യം വ്യക്തമാക്കിയത്.
സുരക്ഷ, ജനക്കൂട്ടത്തെ നിയന്ത്രിക്കുക, പോക്കുവരവുകൾ വ്യവസ്ഥാപിതമാക്കുക, ട്രാഫിക് നിയന്ത്രിക്കുക, മാനുഷിക സേവനങ്ങൾ നൽകുക, പദ്ധതി നടപ്പാക്കുന്നതിൽ പങ്കാളികളായ വകുപ്പുകളെ പിന്തുണക്കുക തുടങ്ങിയവ റമദാൻ പദ്ധതികളിലുൾപ്പെടും. ഉംറ നിർവഹിക്കുന്നതിന് ബുക്കിങ് ആവശ്യമാണ്. എല്ലാവരും സമയം പാലിക്കണം. ഹജ്ജ് ഉംറ മന്ത്രാലയം, ഇരുഹറം കാര്യാലയം എന്നിവയുമായി സഹകരിച്ചുള്ള സംഘാടനം മികച്ചതാക്കാൻ അത്യാവശ്യമാണെന്നും പൊതുസുരക്ഷ മേധാവി പറഞ്ഞു.
ഹറമിനകത്തും മുറ്റങ്ങളിലും തീർഥാടകർ കടന്നുപോകുന്ന പാതകളിലും ബസ് സ്റ്റേഷനുകളിലും സേവനത്തിനായി സുരക്ഷ ഉദ്യോഗസ്ഥർ രംഗത്തുണ്ടാകും. ഹറമിലെ മത്വാഫ്, താഴത്തെ നില, കിങ് ഫഹദ് കവാടം, ഉംറ കവാടം, കിങ് അബ്ദുൽ അസീസ് കവാടം, അൽസലാം കവാടം, മർവ പ്രവേശന കവാടം എന്നിവ ഉംറ നിർവഹിക്കുന്നവർക്ക് മാത്രമാക്കിയിട്ടുണ്ട്.
ത്വവാഫിനു ശേഷം രണ്ട് റക്അത്ത് നമസ്കാരം ‘മഖാമു ഇബ്രാഹിമി’ന് പിറകിലായിരിക്കും. വലിയ തിരക്കുണ്ടെങ്കിൽ മർവക്കും കിങ് അബ്ദുല്ല കവാടത്തിനും ഇടയിലുള്ള താഴത്തെ നിലയിലേക്ക് ജനക്കൂട്ടത്തെ തിരിച്ചുവിടും.
ഒന്നാം നിലയും മൂന്നാമത്തെ സൗദി വിപുലീകരണ ഭാഗവും പുറത്തെ മുറ്റങ്ങളും നമസ്കരിക്കുന്നവർക്ക് മാത്രമാക്കിയിട്ടുണ്ട്. ഭിക്ഷാടനം നടത്തുന്നവർക്കെതിരെ കർശന നടപടികളുണ്ടാകുമെന്നും പൊതുസുരക്ഷ മേധാവി പറഞ്ഞു. ആരോഗ്യപരമായ നിർദേശങ്ങൾ എല്ലാവരും പാലിക്കണം. മാസ്ക് ധരിക്കേണ്ടതിന്റെ പ്രാധാന്യം പൊതുസുരക്ഷ മേധാവി ഊന്നിപ്പറഞ്ഞു. തീർഥാടകരും സന്ദർശകരും എത്തുന്ന എല്ലാ സ്ഥലങ്ങളിലും ഒരുക്കങ്ങൾ പൂർത്തിയായതായി സിവിൽ ഡിഫൻസ് മേധാവി മേജർ ജനറൽ ഡോ. ഹമൂദ് ബിൻ സുലൈമാൻ അൽഫറജ് പറഞ്ഞു. ഉദ്ദേശിച്ച സ്ഥലങ്ങളിൽ പ്രത്യേകിച്ച് തിരക്കേറുന്ന സ്ഥാപനങ്ങളിലെല്ലാം അഗ്നിപ്രതിരോധ സുരക്ഷ സംവിധാനം ഉറപ്പുവരുത്തിയിട്ടുണ്ട്. ഇരുഹറമുകൾക്ക് ചുറ്റും ഏത് അടിയന്തരഘട്ടം നേരിടാനും സേനയുണ്ടാകുമെന്നും സിവിൽ ഡിഫൻസ് മേധാവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.