റിയാദ്: സൗദിയിൽ ഒരു വർഷത്തോളം നീണ്ടുനിന്ന അന്താരാഷ്ട്ര യാത്രാവിലക്ക് പൂർണമായും പിൻവലിച്ച നടപടിയിൽ ഏറെ പ്രതീക്ഷയിലാണ് നാട്ടിൽ കുടുങ്ങിയ പ്രവാസികൾ. തങ്ങൾക്ക് സൗദിയിലേക്ക് നേരിട്ട് മടങ്ങാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അവർ. മാസങ്ങളായി അവധിയിൽ നാട്ടിലെത്തിയ ശേഷം യാത്രാവിലക്ക് കാരണം കുടുങ്ങിയിരിക്കുകയാണ് മിക്കവരും. കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ സൗദി അറേബ്യ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിെൻറ ഭാഗമായാണ് കര, വ്യോമ, കടൽ മാർഗങ്ങളിലൂടെ രാജ്യത്ത് പ്രവേശിക്കുന്നതിനു വിലക്ക് ഏർപ്പെടുത്തിയിരുന്നത്.
മാസങ്ങൾ നീണ്ടുനിന്ന വിലക്ക് പ്രവാസികളായ നിരവധി പേരുടെ കുടുംബങ്ങളിൽ കരിനിഴൽ വീഴ്ത്തുകയായിരുന്നു. പലതവണ വിലക്ക് നീട്ടിയതും പ്രവാസികളുടെ യാത്രക്ക് തടസ്സമായി. ഒന്നും രണ്ടും മാസത്തെ വാർഷിക അവധികളിലും അടിയന്തര ചികിത്സക്കും മറ്റുമായി നാട്ടിലെത്തിയ പ്രവാസികൾക്ക് മടക്കയാത്ര ഈ വിലക്ക് കാരണം പ്രയാസമായി. ഭീമമായ തുക വാങ്ങി ട്രാവൽ ഏജൻസികൾ ദുബൈ, ഒമാൻ, മസ്‌കത്ത്, നേപ്പാൾ, മാലദ്വീപ്, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങളിലൂടെ ഇന്ത്യക്കാരെ സൗദിയിൽ എത്തിച്ചിരുന്നു. ഇതിൽ ബഹ്‌റൈൻ ഒഴികെ മറ്റെല്ലാ വഴികളും ഇപ്പോൾ അടഞ്ഞിരിക്കുകയുമാണ്.
ഇങ്ങനെ ഭീമമായ തുക നൽകി യാത്രചെയ്യുക എന്നത് സാധാരണക്കാരായ പ്രവാസികൾക്ക് താങ്ങാൻ കഴിയുന്നതുമല്ല. കോവിഡും യാത്രാവിലക്കും ഇത്തരം പ്രവാസികളെ വരിഞ്ഞുമുറുക്കിയിരിക്കുകയാണ്. രണ്ടുതവണ മാറ്റിവെച്ചെങ്കിലും തങ്ങൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മേയ് 17നു യാത്രാ വിലക്ക് പിൻവലിച്ചെങ്കിലും ഇന്ത്യ ഉൾപ്പെടെയുള്ള 20 രാജ്യങ്ങളിൽനിന്ന് സൗദിയിൽ പ്രവേശിക്കുന്നതിനുള്ള വിലക്ക് ഇപ്പോഴും തുടരുകയാണ്. എങ്കിലും സൗദി ഭരണകൂടത്തിെൻറ ഭാഗത്തുനിന്ന് ഉടൻ അനുകൂല നടപടികൾ ഉണ്ടാകുമെന്നും തങ്ങൾക്ക് സൗദിയിലേക്ക് നേരിട്ടുതന്നെ ഉടൻ മടങ്ങാനാകുമെന്ന ശുഭ പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് പ്രവാസികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.