റിയാദ്: നാട്ടിലേക്കുള്ള യാത്രക്കിടെ പാസ്പോർട്ട് കാണാതായ മലയാളി രണ്ടര ദിവസം റിയാദിലെ വിമാനത്താവളത്തിൽ കുടുങ്ങി. ദമ്മാമിൽനിന്ന് അവധിക്കു പോകാൻ പുറപ്പെട്ട മലപ്പുറം സ്വദേശിയാണ് റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുങ്ങിയത്. സാമൂഹിക പ്രവർത്തകെൻറ ഇടപെടലിനാൽ രണ്ടര ദിവസത്തിനുശേഷം മോചിതനായി.
കഴിഞ്ഞ വ്യാഴാഴ്ച പുലർച്ച ദമ്മാമിൽനിന്ന് റിയാദ് വഴി നാട്ടിലേക്കു യാത്ര തീരുമാനിച്ച ഇദ്ദേഹം ദമ്മാമിൽനിന്ന് റിയാദിൽ വിമാനം ഇറങ്ങിയശേഷം കോഴിക്കോേട്ടക്കു പോകാൻ അന്താരാഷ്ട്ര ടെർമിനലിൽ വിമാനം കാത്തിരിക്കുേമ്പാഴാണ് പാസ്പോർട്ട് കൈയിലില്ലെന്ന് അറിയുന്നത്. ദമ്മാം വിമാനത്താവളത്തിൽനിന്ന് റിയാദിലേക്കും നാട്ടിലേക്കുമുള്ള ബോർഡിങ് പാസുകൾ ലഭിച്ചിരുന്നു. റിയാദ് െഡാമസ്റ്റിക് ടെർമിനലിൽ ഇറങ്ങി അവിടെനിന്നും ഇൻറർനാഷനൽ ടെർമിനലിൽ എത്തി ബോർഡിങ് പരിശോധനയും എമിഗ്രേഷൻ പരിശോധനയും കഴിഞ്ഞ് വിമാനത്തിനായുള്ള കാത്തിരിപ്പിനിടയിലാണ് പാസ്പോർട്ട് നഷ്ടപ്പെട്ടത്. ടോയ്ലറ്റിൽ പോകാനായി ലാപ്ടോപ് ബാഗിൽ പാസ്പോർട്ട് വെക്കുകയായിരുന്നെന്നു ഇദ്ദേഹം പറയുന്നു. എന്നാൽ, ബാഗ് മാറി മറ്റാരുടെയെങ്കിലും ബാഗിലാകാം വെച്ചത് എന്നാണ് ജീവനക്കാർ പറയുന്നത്. അവിടെയുണ്ടായിരുന്ന മുഴുവൻ യാത്രക്കാരോടും അന്വേഷിച്ചെങ്കിലും പാസ്പോർട്ട് കണ്ടെത്താനായില്ല.
ബോർഡിങ് നൽകിയെങ്കിലും പാസ്പോർട്ടില്ലാത്തതിനാൽ യാത്രക്കാരനെ കൊണ്ടുപോകൻ കഴിയാത്ത വിവരം എയർപോർട്ട് അധികൃതരെ അറിയിച്ച് വിമാനം പോയി. എമിഗ്രേഷൻ കഴിഞ്ഞതിനാൽ വിമാനത്താവളത്തിന് പുറത്തിറങ്ങാൻ നിയമം അനുവദിക്കാത്ത സാഹചര്യത്തിൽ അവിടെതന്നെ കുടുങ്ങിപ്പോവുകയായിരുന്നു. വിവരമറിഞ്ഞ കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി വെൽെഫയർ വിങ് ചെയർമാൻ സിദ്ദീഖ് തൂവൂർ വിഷയത്തിൽ ഇടപെടുകയും വിവിധ മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട് ഇയാളെ പുറത്തിറക്കാൻ ശ്രമം നടത്തുകയും ചെയ്തു. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥനെ നേരിട്ട് വിഷയം ബോധിപ്പിച്ചു വിമാനത്താവളത്തിൽ എത്തിച്ചു യാത്രക്കാരനെ രണ്ടര ദിവസത്തിനുശേഷം ശനിയാഴ്ച രാത്രിയോടുകൂടി മോചിപ്പിക്കുകയായിരുന്നു.
പാസ്പോർട്ട് നഷ്ടപ്പെട്ടതിനെക്കുറിച്ചു കൂടുതൽ അന്വേഷണങ്ങൾ നടക്കുമെന്നും മറ്റാരെങ്കിലും പാസ്പോർട്ട് ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്നറിയാൻ വിമാനത്താവള അധികൃതർ അന്വേഷണം നടത്തുന്നുണ്ടെന്നും സിദ്ദീഖ് തൂവൂർ 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. വിമാനത്താവളത്തിൽ എത്തി നടപടി പൂർത്തിയായാലും പാസ്പോർട്ടും മറ്റു രേഖകളും നഷ്ടപ്പെടാതെ സൂക്ഷിച്ചില്ലെങ്കിൽ കുടുങ്ങുമെന്നും ഇക്കാര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.