ജിദ്ദ: തുർക്കിയയിൽ ഭൂകമ്പത്തെ തുടർന്ന് കാണാതായ സൗദി വനിതയുടെ മൃതദേഹം കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കണ്ടെത്തി. സ്ത്രീയെ കാണാനില്ലെന്ന് ബന്ധുക്കളിൽ നിന്ന് വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ തെരച്ചിലിനിടയിലാണ് തുർക്കിയയിലെ അന്തോക്യ നഗരത്തിൽ ഇവർ താമസിച്ചിരുന്ന കെട്ടിടത്തിെൻറ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെത്തിയത്.
കാണാതായ സ്ത്രീയുടെ മരണം സ്ഥിരീകരിച്ചതായി തുർക്കിയയിലെ സൗദി എംബസി ഉദ്യോഗസ്ഥൻ ഫഹദ് അൽഹഖ്ബാനി അറിയിച്ചു. അടുത്ത ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞു. ഉമ്മയെ കാണാതായ വിവരം ഇവരുടെ പെൺമക്കൾ എംബസിയുടെ ചുമതലയുള്ള മുഹമ്മദ് അൽഹർബിയെ അറിയിക്കുകയായിരുന്നു.
തുർക്കിയ സർക്കാർ അനുവദിച്ച രക്ഷാസംഘമാണ് തെരച്ചിൽ നടത്തിയതെന്ന് എംബസി ഉദ്യോഗസ്ഥൻ മുഹമ്മദ് അൽഹർബി പറഞ്ഞു. രണ്ട് ദിവസമായി തെരച്ചിൽ തുടരുകയായിരുന്നു. സംഭവമറിഞ്ഞ ഉടനെ മൂന്ന് മക്കളും തുർക്കിയയിൽ എത്തിയിരുന്നു. രണ്ട് പേർ സൈപ്രസിൽ നിന്നും മൂന്നാമത്തെ ആൾ സൗദി അറേബ്യയിൽ നിന്നുമാണ് എത്തിയത്. സൗദി എംബസി അവരെ അദാനയിൽ വെച്ച് സ്വീകരിച്ചു.
മാതാവിനെ തിരിച്ചറിയാൻ അവരെ അന്തോക്യയിലെ അപകട സ്ഥലത്തേക്ക് കൊണ്ടുപോയി. മൂന്നുമണിക്കൂർ എടുത്ത ആ യാത്രക്കിടെ മൃതദേഹം കണ്ടെത്തിയതായി വിവരം ലഭിക്കുകയായിരുന്നു. കെട്ടിടം തകർന്നുവീണ സ്ഥലത്തായിരുന്നു മൃതദേഹം. മക്കൾ എത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നെന്ന് മുഹമ്മദ് അൽഹർബി പറഞ്ഞു.
ഭൂകമ്പ ബാധിത പ്രദേശങ്ങളിൽനിന്ന് ഇതുവരെ സൗദി എംബസി പുരുഷന്മാരും സ്ത്രീകളുമായി 45 പൗരന്മാരെ ഒഴിപ്പിച്ചു. ഇൗ പ്രദേശങ്ങളിലുള്ളവർ എത്രയും വേഗം എംബസിയുമായി ബന്ധപ്പെടാൻ ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.