ജിദ്ദ: തുർക്കിയ, സിറിയ എന്നിവിടങ്ങളിൽ ഭൂകമ്പത്തിൽ നാശനഷ്ടം സംഭവിച്ചവർക്ക് സഹായമെത്തിക്കാൻ സൗദി അറേബ്യ ഉപയോഗിക്കുന്നത് ലോകത്തെ ഏറ്റവും വലിയ ചരക്ക് വിമാനം.
സൗദി എയർലൈൻസിന് കീഴിലെ കാർഗോ വിമാനങ്ങൾക്ക് പുറമെയാണ് ഭൂകമ്പ പ്രദേശങ്ങളിലെ ദുരിതബാധിതർക്ക് വേണ്ട വസ്തുക്കൾ എത്തിക്കുന്നതിന് ‘ആന്റൊനോവ് 124’ എന്ന ലോകത്തെ ഏറ്റവും വലിയ ചരക്ക് വിമാനത്തിന്റെറ സഹായം സൗദി അറേബ്യ തേടിയിരിക്കുന്നത്. സിറിയയിലും തുർക്കിയയിലും ഭൂകമ്പം ബാധിച്ചവരെ സഹായിക്കുന്നതിന് ടൺകണക്കിന് വസ്തുക്കളാണ് ഇതിനകം സൗദി അറേബ്യ അയച്ചത്. കിങ് സൽമാൻ റിലീഫ് കേന്ദ്രം നടത്തുന്ന സൗദി റിലീഫ് ബ്രിഡ്ജിന്റെ ഭാഗമായി ഭക്ഷ്യവസ്തുക്കൾ, ടെൻറുകൾ, പുതപ്പുകൾ, ഷെൽട്ടർ ബാഗുകൾ, മെഡിക്കൽ സാമഗ്രികൾ എന്നിവ അയക്കുന്നതിലുൾപ്പെടും. കൂടാതെ റെസ്ക്യൂ, ഹെൽത്ത് ടീമുകളെയും ഭൂകമ്പബാധിത പ്രദേശങ്ങളിൽ എത്തിച്ചിട്ടുണ്ട്.
മുൻ സോവിയറ്റ് യൂനിയന്റെ ഭാഗമായിരുന്ന ഉക്രെയ്നിൽ 1980 കളിൽ രൂപകൽപന ചെയ്ത വിമാനമാണ് ആന്റൊനോവ് 124. വിമാനത്തിന് 69 മീറ്റർ നീളമുണ്ട്. പരമാവധി വേഗം മണിക്കൂറിൽ 865 കിലോമീറ്ററാണ്. 88 യാത്രക്കാരെയും വിമാനത്തിനുൾക്കൊള്ളാനാകും. രണ്ട് ചിറകുകൾ തമ്മിലുള്ള ദൂരം 73.3 മീറ്ററാണ്, ഉയരം 20.78 മീറ്ററാണ്. നാല് തരം എൻജിനുള്ള വിമാനത്തിൽ കയറ്റാവുന്ന ഭാരം 2,30,000 കിലോ ആണ്. വിമാനത്തിന്റെ ഭാരം ഉൾപ്പെടെ പരമാവധി 4,05,000 കിലോ വരെയാണ് ഭാരം വഹിക്കാനാവുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.