ത്വാഇഫ്: ഹൃദയാഘാതത്തെതുടർന്ന് ത്വാഇഫിൽ മരിച്ച മലപ്പുറം വണ്ടൂർ വാണിയമ്പലം സ്വദേശി കൊട്ടാടൻ വീട്ടിൽ പ്രതീഷിന്റെ (46) മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. ത്വാഇഫ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റും ജിദ്ദ ഇന്ത്യന്‍ കോൺസുലേറ്റ് കമ്യൂണിറ്റി വെൽഫെയർ പ്രതിനിധിയുമായ നാലകത്ത് മുഹമ്മദ് സാലിഹ് ഇന്ത്യന്‍ കോൺസുലേറ്റുമായി ബന്ധപ്പെട്ട് രേഖകളും സൗദി ഡിപ്പാർട്ട്മെന്റിലെ നടപടികളും പൂര്‍ത്തിയാക്കിയാണ് മൃതദേഹം നാട്ടിലയച്ചത്. ഈ മാസം 24ന് വ്യാഴാഴ്ച പുലർച്ച 4.40ന് കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയ മൃതദേഹം തൃക്കലങ്ങോട് പഞ്ചായത്ത് ഗ്ലോബൽ കെ.എം.സി.സി പ്രസിഡന്റ് കെ.ടി. ജലീൽ, ഒഴുകൂർ സി.എച്ച് സെന്റർ ആംബുലൻസ് ഡ്രൈവർ അലി മുണ്ടോടൻ, വൈറ്റ് ഗാർഡ് അംഗം ഹമീദ് എന്ന അംബി, സി.എച്ച് സെന്റർ വളന്റിയർ ബാബു മുക്കോളി, പ്രതീഷിന്റെ കുടുംബാംഗങ്ങളായ ശശി, പ്രജിത്ത്, ജിനേഷ് എന്നിവരുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങി വണ്ടൂർ വാണിയമ്പലത്തെ വീട്ടിലെത്തിച്ചു.
നെഞ്ചുവേദനയെ തുടർന്ന് ത്വാഇഫ് കിങ് ഫൈസൽ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം. അൽ മജാൽ മാൻപവർ കോൺടാക്റ്റ് കമ്പനിയിൽ ആറ് വർഷമായി ഇലക്ട്രീഷ്യനായിരുന്നു. ഒരുവർഷം മുമ്പാണ് ലീവ് കഴിഞ്ഞ് തിരിച്ചെത്തിയത്. പിതാവും മാതാവും ഭാര്യയും 19 വയസ്സായ മകനും 10 വയസ്സായ മകളുമടങ്ങുന്നതാണ് കുടുംബം.
മരണാനന്തര നടപടികൾ പൂർത്തീകരിക്കാൻ കൂടെ ജോലിചെയ്യുന്ന സുഹൃത്ത് തമിഴ്നാട് സ്വദേശി സുലൈമാന്റെ പേരിൽ പവർ ഓഫ് അറ്റോണി നൽകുകയും അൽ മജാൽ കമ്പനി മാനേജർ സാമി അല്‍ അധ്വാനി നടപടികൾ പൂർത്തീകരിക്കാൻ വേണ്ട സഹായങ്ങളും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.