മക്ക: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ. സലാം പറഞ്ഞു. മക്ക കെ.എം.സി.സി കാക്കിയ സെൻട്രൽ കമ്മിറ്റി ഓഫിസ് ഓഡിറ്റോറിയത്തിൽ നടത്തിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉപതെരഞ്ഞെടുപ്പ് ഫലം കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ വൻ മാറ്റങ്ങളുണ്ടാക്കും. ആദ്യം തീരുമാനിച്ച സ്ഥാനാർഥിയെ മാറ്റി രാഷ്ട്രീയത്തിൽ പരിചയമില്ലാത്ത മറ്റൊരാളെ സ്ഥാനാർഥിയായി കൊണ്ടുവന്ന സി.പി.എം അവസരവാദ രാഷ്ട്രീയം കളിക്കുകയാണ്. എന്തുവന്നാലും കെ-റെയിൽ നടപ്പാക്കുമെന്ന് പറഞ്ഞ് ജനങ്ങളെ വെല്ലുവിളിച്ച സി.പി.എം തൃക്കാക്കരയിൽ കെ-റെയിലിനെക്കുറിച്ച് ഒരക്ഷരം മിണ്ടുന്നേയില്ല.
രണ്ടാം പിണറായി സർക്കാർ ജനദ്രോഹ നടപടികളുമായി മുന്നോട്ടുപോകുന്നപക്ഷം ശക്തമായ ജനകീയ പ്രക്ഷോഭങ്ങളെ നേരിടേണ്ടി വരുമെന്നും വഖഫ് ബോർഡ് നിയമത്തിൽ മുസ്ലിം സംഘടനകൾക്ക് നൽകിയ ഉറപ്പ് ലംഘിച്ച സർക്കാറിനെതിരെ ശക്തമായ മൂന്നാംഘട്ട സമരം ഉടൻ മുസ്ലിംലീഗ് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ട്രഷറർ സുലൈമാൻ മാളിയേക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്തു.
മുഹമ്മദലി മൗലവി അധ്യക്ഷത വഹിച്ചു. തിരൂരങ്ങാടി മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് അഫ്സൽ, കുഞ്ഞാപ്പ പൂക്കോട്ടൂർ, മുസ്തഫ മുഞ്ഞകുളം എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി മുജീബ് പൂക്കോട്ടൂർ സ്വാഗതവും നാസർ കിൻസാറ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.