മദീന: ഉംറ ആൻഡ് സിയാറ ഫോറത്തിന്റെ ആദ്യ പതിപ്പിനുള്ള ഒരുക്കങ്ങൾ ഹജ്ജ് ഉംറ മന്ത്രാലയത്തിന് കീഴിൽ പൂർത്തിയായി. ഏപ്രിൽ 22ന് മദീന മേഖല ഗവർണർ അമീർ സൽമാൻ ബിൻ സുൽത്താന്റെ രക്ഷാകർതൃത്വത്തിൽ കിങ് സൽമാൻ ഇൻറർനാഷനൽ കൺവെൻഷൻ സെൻററിലാണ് ഫോറം പരിപാടികൾ നടക്കുക. സൗദിയുടെ അകത്തും പുറത്തും നിന്നുള്ള തീർഥാടകരും സന്ദർശകരും ഉൾപ്പെടെയുള്ള തീർഥാടകർക്ക് നൽകുന്ന സേവനങ്ങൾ ഫോറം അവലോകനം ചെയ്യും.
വിഷൻ 2030ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഉംറ സേവനരംഗത്തെ പങ്കാളികളുമായി ചേർന്നാണ് ഉംറ ആൻഡ് സിറായ ഫോറം സംഘടിപ്പിക്കുന്നത്. നിരവധി സർക്കാർ ഉദ്യോഗസ്ഥർ, ട്രാവൽ, ഉംറ, ടൂറിസം കമ്പനികൾ, ഏജൻസികൾ തുടങ്ങിയ സ്വകാര്യ മേഖലയിലെ സേവനദാതാക്കൾ, ഇൻഷുറൻസ്, ഹെൽത്ത് കെയർ, ഹൗസിങ്, ട്രാൻസ്പോർട്ട്, ലോജിസ്റ്റിക്സ് സേവന ദാതാക്കൾ എന്നിവരുടെ സാന്നിധ്യമുണ്ടായിരിക്കും. സാങ്കേതികവിദ്യ, ആശയവിനിമയം, നിർമാണം, റിയൽ എസ്റ്റേറ്റ് വികസനം, കാറ്ററിങ്, ഉപജീവന കമ്പനികൾ എന്നിവക്ക് പുറമെ, ധനകാര്യ സ്ഥാപനങ്ങളുടെയും ഇൻഷുറൻസ് കമ്പനികളുടെയും പങ്കാളിത്തമുണ്ടാകും. വിവിധ സെഷനുകളിലും ശിൽപശാലകളിലും പങ്കെടുക്കുന്നവർ അവരുടെ അനുഭവങ്ങൾ പങ്കുവെക്കും. പ്രദർശനത്തിൽ പങ്കെടുക്കുന്ന ഹജ്ജ് ഉംറ സേവനവുമായി ബന്ധപ്പെട്ട മേഖലകളും കമ്പനികളും അവരുടെ നൂതനമായ അനുഭവങ്ങളും സേവനങ്ങളും ഉൽപന്നങ്ങളും പ്രദർശിപ്പിക്കും. പുതിയ അവസരങ്ങളെക്കുറിച്ചും പുതിയ തൊഴിൽ മേഖലകളെക്കുറിച്ചും ഹജ്ജ്, ഉംറ മന്ത്രാലയം പ്രഖ്യാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.