ജിദ്ദ: സൗദി അറേബ്യയിൽ താമസിക്കുന്ന ഉംറ വിസക്കാർക്ക് വിസ ഉപയോഗിച്ച് ഹജ്ജ് ചെയ്യാൻ കഴിയില്ലെന്ന് ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഉംറ തീർഥാടകർ വിസയുടെ കാലാവധി പാലിക്കണം. കാലാവധി അവസാനിക്കുന്നതിനു മുമ്പ് മക്ക വിടണം. പ്രത്യേകിച്ച് മസ്ജിദുൽ ഹറാം പരിസരത്തുണ്ടാവരുത്. അല്ലാത്തപക്ഷം നിയമനടപടി നേരിടേണ്ടിവരുമെന്നും മന്ത്രാലയം വ്യക്തമാക്കി. അതേസമയം ഹജ്ജുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ലംഘിക്കുന്നത് തടയാൻ സുരക്ഷ വകുപ്പ് തീവ്രശ്രമം തുടരുകയാണ്.
മക്കക്കടുത്തുള്ള ചെക്ക് പോസ്റ്റുകളിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്. വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഹജ്ജ് പ്രചാരണങ്ങളുടെ പ്രമോട്ടർമാരെ പിടികൂടാൻ വ്യാപകമായ നിരീക്ഷണവും ആരംഭിച്ചിട്ടുണ്ട്. വ്യാജ ഹജ്ജ് പരസ്യങ്ങൾ നൽകിയ ചിലയാളുകൾ ഇതിനകം പൊലീസ് പിടിയിലായിട്ടുണ്ട്. അനുമതിയില്ലാതെ ഹജ്ജ് ചെയ്യാനെത്തുന്നതുൾപ്പടെ നിയമ ലംഘനം നടത്തുന്നവർക്കുള്ള ശിക്ഷ ദുൽഖഅദ് 25 മുതൽ അടുത്ത വർഷം ദുൽഹജ്ജ് 14 വരെയുള്ള കാലാവധിയിൽ നടപ്പാക്കാൻ തുടങ്ങുമെന്ന് ആഭ്യന്തര മന്ത്രാലയം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
ഹജ്ജിന്റെ ഈ ദിവസങ്ങളിൽ ഹജ്ജ് പെർമിറ്റ് കൈവശമുള്ളവർക്കൊഴികെ മറ്റാർക്കും ഉംറ പെർമിറ്റ് അനുവദിക്കുകയില്ല. മക്ക, മധ്യമേഖല, പുണ്യസ്ഥലങ്ങൾ, റുസൈഫയിലെ ഹറമൈൻ ട്രെയിൻ സ്റ്റേഷൻ, സുരക്ഷാ നിയന്ത്രണ കേന്ദ്രങ്ങൾ, സോർട്ടിങ് സെന്ററുകൾ, താൽക്കാലിക സുരക്ഷാ നിയന്ത്രണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ വെച്ച് ഹജ്ജ് പെർമിറ്റ് ഇല്ലാതെ പിടിയിലാകുന്നവർക്ക് 10,000 റിയാൽ പിഴയായി ചുമത്തും. കൂടാതെ വിദേശികളാണെങ്കിൽ നാടുകടത്തലും സൗദിയിലേക്ക് പുനഃപ്രവേശന വിലക്കും ശിക്ഷയായുണ്ടാവും. നിയമലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.