ജിദ്ദ: വിദേശ ഉംറ തീർഥാടകരുടെ രണ്ടാമത്തെ സംഘവും പുണ്യഭൂമിയിലെത്തി. ഞായറാഴ്ച പുലർച്ച ജിദ്ദ കിങ് അബ്ദുൽ അസീസ് വിമാനത്താവളത്തിലാണ് ഇറാഖിൽനിന്നുള്ള 50 തീർഥാടകരെയും വഹിച്ചുള്ള വിമാനമെത്തിയത്. ടെർമിനൽ നമ്പർ ഒന്നിലെത്തിയ തീർഥാടകരെ പൂക്കളും ഉപഹാരങ്ങളും നൽകി സ്വീകരിച്ചു.
പ്രത്യേക വിമാനത്തിലെത്തുന്ന തീർഥാടകർ പിന്നീട് മദീന സന്ദർശത്തിനായി യാത്രതിരിച്ചു. ശനിയാഴ്ച വൈകീട്ടാണ് വിദേശ തീർഥാടകരുടെ വരവ് ആരംഭിച്ചത്. നൈജീരിയയിൽ നിന്നെത്തിയ ആദ്യസംഘത്തിൽ അഞ്ചു തീർഥാടകരാണുണ്ടായിരുന്നത്. ആരോഗ്യ മുൻകരുതൽ പാലിച്ച് തീർഥാടകരെ സ്വീകരിക്കുന്നതിന് വിമാനത്താവളത്തിലെ എല്ലാ സേവനവിഭാഗവും സജ്ജമാണെന്ന് ഹജ്ജ് മന്ത്രാലയം വ്യക്തമാക്കി.
നേരേത്ത നിശ്ചയിച്ച ഷെഡ്യൂൾപ്രകാരം മദീന സന്ദർശനം കഴിഞ്ഞശേഷമായിരിക്കും ഉംറ തീർഥാടകർ മക്കയിലേക്കു തിരിക്കുകയെന്ന് ഹജ്ജ് ഉംറ മന്ത്രാലയത്തിലെ ഹജ്ജ്, ഉംറ സേവനകാര്യ അണ്ടർ സെക്രട്ടറി എൻജി. ഹിശാം സഇൗദ് പറഞ്ഞു. എല്ലാ ഉംറ കമ്പനികളും തീർഥാടകർക്കു വേണ്ട സേവനങ്ങൾ നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതായും അണ്ടർ സെക്രട്ടറി പറഞ്ഞു. പ്രവേശനകവാടങ്ങളിൽ തീർഥാടകരെ സ്വീകരിക്കാനും അവർക്ക് സേവനങ്ങൾ നൽകാനും മാനുഷികവും സാേങ്കതികവുമായ എല്ലാ തയാറെടുപ്പുകളും പൂർത്തിയാക്കിയിട്ടുണ്ടെന്ന് സൗദി പാസ്പോർട്ട് ഡയറക്ടറേറ്റ് വ്യക്തമാക്കി.
ജിദ്ദ കിങ് അബ്ദുൽ അസീസ് വിമാനത്താവളം പാസ്പോർട്ട് വിഭാഗം ശനിയാഴ്ച മുതൽ തീർഥാടകരെ സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്. ആരോഗ്യ പ്രതിരോധ മുൻകരുതൽ നടപടികൾക്ക് അനുസൃതമായി പ്രവേശന നടപടികൾ എളുപ്പത്തിൽ പൂർത്തിയാക്കാനാവശ്യമായ എല്ലാ സംവിധാനങ്ങളുണ്ടെന്നും പാസ്പോർട്ട് ഡയറക്ടറേറ്റ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.