റിയാദ്: ഫലസ്തീന് രാഷ്ട്ര പദവി നൽകുന്ന പ്രമേയം വൻ ഭൂരിപക്ഷത്തോടെ ഐക്യരാഷ്ട്ര പൊതുസഭ അംഗീകരിച്ചതിനെ സൗദി അറേബ്യ സ്വാഗതം ചെയ്തു. ആർട്ടിക്കിൾ നാല് അനുസരിച്ച് ഫലസ്തീൻ രാഷ്ട്രം ഐക്യരാഷ്ട്രസഭയിൽ പൂർണ അംഗത്വത്തിന് യോഗ്യമാണെന്ന് അംഗീകരിക്കുന്ന പ്രമേയം യു.എൻ പൊതുസഭ വൻ ഭൂരിപക്ഷത്തോടെ അംഗീകരിച്ചതിനെ സൗദി അറേബ്യ സ്വാഗതം ചെയ്യുന്നതായി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. ഇതിലൂടെ ഫലസ്തീന് അധിക അവകാശങ്ങളും ആനുകൂല്യങ്ങളും കൈവരും. സുരക്ഷാ കൗൺസിൽ ഇക്കാര്യം ക്രിയാത്മകമായി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുന്നു. ദ്വിരാഷ്ട്ര പരിഹാരത്തിന്റെ ചട്ടക്കൂടിനുള്ളിൽ സ്വയം നിർണയാവകാശത്തിനും സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുന്നതിനുമുള്ള ഫലസ്തീൻ ജനതയുടെ അവകാശത്തോടുള്ള അന്താരാഷ്ട്ര യോജിപ്പാണ് ഈ തീരുമാനം വ്യക്തമാക്കുന്നതെന്നും സൗദി അറേബ്യ പ്രസ്താവനയിൽ പറഞ്ഞു. പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്ത രാജ്യങ്ങളുടെ അനുകൂല നിലപാടിനെ അഭിനന്ദിക്കുന്നു.
സെക്യൂരിറ്റി കൗൺസിലിലെ അംഗരാജ്യങ്ങളോട് അവരുടെ ചരിത്രപരമായ ഉത്തരവാദിത്തം നിറവേറ്റാനും അന്താരാഷ്ട്ര സമവായത്തെ എതിർക്കാതിരിക്കുകയും ഫലസ്തീൻ ജനതയുടെ ധാർമികവും നിയമപരവുമായ അവകാശങ്ങൾക്കുവേണ്ടി നിലകൊള്ളാനും ആവശ്യപ്പെടുന്നുവെന്നു സൗദി വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഫലസ്തീന് രാഷ്ട്ര പദവി നൽകുന്ന പ്രമേയത്തിലുള്ള വോട്ടെടുപ്പിൽ 143 രാജ്യങ്ങളാണ് അനുകൂലിച്ചു വോട്ട് ചെയ്തത്. അമേരിക്കയും ഇസ്രായേലും ഉൾപ്പെടെ ഒമ്പത് രാജ്യങ്ങൾ പ്രമേയത്തെ എതിർത്തു. 25 രാജ്യങ്ങൾ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. യു.എൻ ഗ്രൂപ്പിലെ നിലവിലെ ചെയർമാനായ യു.എ.ഇയാണ് പ്രമേയം തയാറാക്കിയത്. യു.എന്നിൽ പൂർണ അംഗത്വം ലഭിക്കുന്നതിനുള്ള ആദ്യ ചുവടുവെപ്പാണിത്. യു.എൻ സുരക്ഷ കൗൺസിലിന്റെ അംഗീകാരം ലഭിച്ചാൽ മാത്രമേ ഒരു രാഷ്ട്രത്തിന് പൂർണ അംഗത്വം നൽകാൻ യു.എന്നിന് കഴിയുകയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.