അബഹ: തെരുവുനായ്ക്കളുടെ വ്യാപനത്തിലും ആക്രമണത്തിലും പൊറുതിമുട്ടിയിരിക്കുകയാണ് അബഹയിലെ 'സുൽത്താൻ' എന്ന പേരിലറിയപ്പെടുന്ന പ്രദേശം. പ്രദേശവാസികൾക്ക് തെരുവുനായ്ക്കളുടെ ഭീതിയിൽ പുറത്തിറങ്ങാൻതന്നെ കഴിയാത്ത അവസ്ഥയാണ്.
പലപ്പോഴായി പ്രദേശത്തെ ചില കുട്ടികളെ നായ്ക്കൾ ഉപദ്രവിച്ചതും അത്ഭുതകരമായി രക്ഷപ്പെട്ടതും വാർത്തകളിൽ വന്നിരുന്നു. രാജ്യത്തെ വിവിധ മേഖലകളിൽനിന്നായി മാസങ്ങൾക്കിടയിൽ തെരുവുനായ്ക്കളുടെ ആക്രമണത്തി ൽ നാലു കുട്ടികൾ മരിച്ച സംഭവവും റിപ്പോർട്ട് ചെയ്തിരുന്നു.
ഇതും പ്രദേശവാസികൾക്ക് കുട്ടികളുമായി പുറത്തിറങ്ങാൻ ഏറെ ഭീതി ഉണ്ടാക്കിയിരിക്കയാണ്. അബഹയിലെ സുൽത്താൻ പ്രദേശം കൂടാതെ, അൽ മഹല്ല ഭാഗങ്ങളിലും നഗരത്തിൻെറ മറ്റു വിവിധ ഇടങ്ങളിലും നായ്ക്കളുടെ വർധനയും അവയുടെ വ്യാപനവും തടയാൻ നടപടി വേണമെന്ന ആവശ്യവുമായി പ്രദേശവാസികൾ അധികൃതരെ സമീപിച്ചിരിക്കുകയാണ്. നഗരസഭാ അധികൃതർ തെരുവു നായ്ക്കളുടെ ശല്യം പൂർണമായി ഇല്ലാതാക്കാനുള്ള വഴിയെന്താണ് എന്ന ആലോചനയും പഠനവും ഇപ്പോൾ ശക്തമായി നടത്തുന്നുണ്ട്.
രാജ്യത്തെ നിരവധി പ്രദേശങ്ങളിൽ കുറച്ചു കാലമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന തെരുവുനായ്ക്കളുടെ സാന്നിധ്യം എല്ലാവർക്കും ഇപ്പോൾ ഏറെ തലവേദന ഉണ്ടാക്കിയിരിക്കുകയാണ്. ജന ജീവിതത്തിന് പരിഭ്രാന്തി ഉണ്ടാക്കുന്ന നായ്ക്കളുടെ വ്യാപനം ഇല്ലാതാക്കാനുള്ള ശക്തമായ നടപടികൾ ആസൂത്രണം ചെയ്യാൻ സൗദി മൃഗ സംരക്ഷണ സൊസൈറ്റിയുടെ കൂടി നിർദേശപ്രകാരം നടപടി സ്വീകരിക്കാൻതന്നെയാണ് ഓരോ നഗരസഭ, മുനിസിപ്പാലിറ്റി അധികൃതരുടെയും തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.