നീതിയിൽ അധിഷ്ഠിതമായ ലോകക്രമമുണ്ടാകാൻ ഐക്യരാഷ്​ട്രസഭ പുനഃസംഘടിപ്പിക്കണം -സൗദി അറേബ്യ

റിയാദ്​: നീതിയിൽ അധിഷ്​ഠിതമായ ലോകക്രമം ഉണ്ടാകാൻ ഐക്യരാഷ്​ട്രസഭയിൽ അടിമുടി മാറ്റം അനിവാര്യമാണെന്ന് സൗദി അറേബ്യ. 79-ാമത്​ പൊതുസഭാ സമ്മേളനത്തോടനുബന്ധിച്ച്​ ന്യുയോർക്കിലെ യു.എൻ ആസ്ഥാനത്ത്​ ഭാവികാര്യങ്ങൾ സംബന്ധിച്ച്​ നടന്ന ഉച്ചകോടിയിൽ സംസാരിക്കവേ വിദേശകാര്യ മന്ത്രി അമീർ ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ആണ്​ നിലപാട്​ വ്യക്തമാക്കിയത്​.

ഇതുവരെ കാട്ടിക്കൂട്ടിയ എല്ലാ ക്രൂര ചെയ്​തികള്‍ക്കും ഇസ്രായേലി​നോട്​ വിശദീകരണം ചോദിക്കാനോ ഉചിത നടപടി കൈക്കൊള്ളാനോ യു.എന്നിന്​ കഴിയുന്നില്ല. ഈ അന്താരാഷ്​ട്ര കൂട്ടായ്​മയിൽ ഭരമേൽപിക്കപ്പെട്ട ലക്ഷ്യവും ഉദ്ദേശ്യവും എന്താണോ അത്​ നിറവേറ്റാന്‍ നിലവിലെ സംവിധാനം യോഗ്യമല്ല. ലോക സമാധാനവും സുരക്ഷയും തകര്‍ക്കുകയും വികസന പ്രക്രിയ തടസ്സപ്പെടുത്തുകയും ചെയ്യുന്ന, ഭീഷണികള്‍ നേരിടുന്നതിലുള്ള ഉത്തരവാദിത്തങ്ങള്‍ നിർവഹിക്കാൻ സാധിക്കുംവിധം ഐക്യരാഷ്​ട്ര സംവിധാനം അടിമുടി അടിയന്തരമായി അഴിച്ചുപണിയേണ്ടിയിരിക്കുന്നു. കാലഘട്ടം അത്​ ആവശ്യപ്പെടുകയാണ്​.

ലോകമെങ്ങും സമാധാനം നടപ്പാക്കുന്നതിലും പശ്ചിമേഷ്യയിൽ സംഘര്‍ഷം പരിഹരിക്കുന്നതിലും അന്താരാഷ്​ട്ര സമൂഹം ആകെ പരാജയപ്പെട്ടിരിക്കുന്നു. വികസനം കൈവരിക്കാനുള്ള ഏത്​ സഹകരണത്തി​െൻറയും ഉറച്ച അടിത്തറ സുരക്ഷയും സ്ഥിരതയുമാണ് -അമീർ ഫൈസൽ സൗദി അറേബ്യയുടെ നയം വ്യക്തമാക്കി.

ബഹുരാഷ്​ട്ര വാദത്തെ തിരികെ കൊണ്ടുവരാനും സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കാൻ പിന്തുണ വര്‍ധിപ്പിക്കുന്നതിനുമുള്ള ‘ഭാവിയിലേക്കുള്ള കരാറി’​ന്മേൽ പൊതുസഭാ സമ്മേളനത്തിൽ അംഗരാജ്യങ്ങളുടെ വോ​ട്ടെടുപ്പ്​ നടന്നതിന്​ പിന്നാലെ ചേർന്നതാണ്​ ഭാവി ഉച്ചകോടി.

ഒരു മികച്ച ലോകം, ഹരിത ലോകം കെട്ടിപ്പടുക്കാന്‍ സാധ്യമായ എല്ലാം ചെയ്യണമെന്ന് ബോധ്യമുള്ളതിനാല്‍ ലോകത്തി​െൻറ ഭാവി സംബന്ധിച്ച കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ സൗദി അറേബ്യ സജീവമായാണ്​ പങ്കെടുത്തതെന്ന്​ ഉച്ചകോടിയിൽ സൗദി വിദേശകാര്യ മന്ത്രി വ്യക്തമാക്കി. സമകാലിക വെല്ലുവിളികളെയും ഭാവിയിലെ വെല്ലുവിളികളെയും ഫലപ്രദമായി നേരിടാനും ഭാവി തലമുറയുടെ പ്രയോജനത്തിനായി സമാധാനവും സുരക്ഷയും കൈവരിക്കാനും നാം ബഹുരാഷ്​ട്രവാദത്തെ പ്രോത്സാഹിപ്പിക്കണം. കരാര്‍ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സാധിക്കുന്നതിന് വിവിധ വെല്ലുവിളികള്‍ നേരിടാനും ലോകമെമ്പാടുമുള്ള ആളുകളുടെ ആവശ്യങ്ങള്‍ നിറവേറ്റാനുമുള്ള ശ്രമങ്ങള്‍ ഇരട്ടിയാക്കേണ്ടതുണ്ട്. അടിസ്ഥാന തത്വങ്ങളുമായി കരാറിനെ യോജിപ്പിച്ചിരിക്കുന്നു. ഈ ഉടമ്പടി ബഹുരാഷ്​ട്ര പ്രവര്‍ത്തനത്തില്‍ ഗുണപരമായ മുന്നേറ്റത്തെ അടയാളപ്പെടുത്തുന്നു. എല്ലാ രാജ്യങ്ങളുടെയും, പ്രത്യേകിച്ച് വികസ്വര രാജ്യങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന ന്യായവും തുല്യവുമായ ഒരു ലോകക്രമം ഇത് വാഗ്ദാനം ചെയ്യുന്നു.

ഡിജിറ്റൽ ലോകത്തെ വിടവ് അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുന്ന ഒരു ഉടമ്പടിയാണിത്. ഇത് വികസ്വര രാജ്യങ്ങളില്‍ സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കും. ബഹുരാഷ്​ട്ര സഹകരണം ശക്തിപ്പെടുത്താന്‍ സൗദി അറേബ്യ ശക്തമായി പ്രവര്‍ത്തിക്കുന്നു. എന്നാല്‍ ശോഭനമായ ഭാവി കൈവരിക്കാന്‍ ഐക്യരാഷ്​ട്ര സഭയുടെ പരിഷ്‌കരണം ആവശ്യമാണ്. അന്താരാഷ്​ട്ര സമാധാനവും സുരക്ഷയും ഉയര്‍ത്തിപ്പിടിക്കുന്നതി​െൻറ ഉത്തരവാദിത്തം നിർവഹിക്കാന്‍ കഴിയുംവിധം യു.എന്‍ പുനഃസംഘടിപ്പിക്കണം -അമീർ ഫൈസൽ വ്യക്തമാക്കി.

Tags:    
News Summary - United Nations must be restructured -Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.