ദമ്മാം: ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 77ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഫോക്കസ് ദമ്മാം ചർച്ച സദസ്സ് സംഘടിപ്പിച്ചു. നൗഷാദ് കുനിയിൽ ‘നാനാത്വത്തിൽ ഏകത്വം - ഇന്ത്യയുടെ സൗന്ദര്യം’ വിഷയമവതരിപ്പിച്ചു. ബെഞ്ചാലി ബ്ലോഗർ യൂസുഫ് കൊടിഞ്ഞി മോഡറേറ്ററായിരുന്നു. അടിച്ചമർത്തപ്പെട്ട ഏത് സമുദായവും ഉയർത്തെഴുന്നേറ്റ കഥയാണ് ചരിത്രം പരതിയാൽ നമുക്ക് കാണാനാവുകയെന്ന് നൗഷാദ് കുനിയിൽ പറഞ്ഞു.
ഒരേ സ്കൂളിൽ ഒരേ ക്ലാസിൽ ജാതിയും മതവും വേർതിരിക്കാതെയും ഉച്ചനീചത്വങ്ങളില്ലാതെയും പഠിക്കുമ്പോൾ അപരമത ഭയം നീങ്ങും. അയൽപക്കത്തും അങ്ങാടികളിലും സഹവർത്തിത്വം നിലനിർത്തിയാൽ വർഗീയ രാഷ്ട്രീയത്തിന് നിലനിൽപില്ലെന്ന് നാം തിരിച്ചറിയണം. വൈവിധ്യങ്ങളെ ഉൾക്കൊള്ളാനും വ്യത്യസ്തതകൾ അംഗീകരിക്കാനും വിട്ടുവീഴ്ച ചെയ്യാനും ഓരോ പൗരനും സാധ്യമാകുമ്പോൾ മാത്രമാണ് സ്വാതന്ത്ര്യത്തിന്റെ സൗന്ദര്യം അർഥപൂർണമാവുന്നതെന്നും വിഷയാവതാരകൻ ചൂണ്ടിക്കാട്ടി.ഫോക്കസ് സൗദി സി.ഒ.ഒ നസീമുസ്സബാഹ്, അബ്ദുൽ മജീദ് ചുങ്കത്തറ, സമീർ കൈപ്പമംഗലം, അശ്വന്ത് വർമ, സജിൽ നിലമ്പൂർ, അൻഷാദ് കാവിൽ, വാസിഖ് എന്നിവർ സംസാരിച്ചു. ‘എന്റെ ഇന്ത്യ’ വിഷയത്തിൽ മുജീബുറഹ്മാൻ കുഴിപ്പുറം കവിത എഴുതി ആലപിച്ചു. ഹവ്വാ വാസിഖ് ഗാനമാലപിച്ചു. നസ്റുല്ല അബ്ദുൽ കരീം പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. ഫൈഹ സജിൽ ഖിറാഅത്തും മുജീബുറഹ്മാൻ സ്വാഗതവും പറഞ്ഞു. എൻ.വി. നൗഷാദ് കോഴിക്കോട് അധ്യക്ഷത വഹിച്ചു. സൈഫുദ്ദീൻ, പി.സി. അനീഷ്, സൈഫുസ്സമാൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.