തബൂക്ക്: സാങ്കേതിക കരണങ്ങളാൽ നാല് വർഷമായി നാട്ടിലേക്ക് പോകാൻ കഴിയാത്ത യു.പി സ്വദേശി മലയാളി സാമൂഹിക പ്രവർത്തകന്റെ ഇടപെടലിൽ നാടണഞ്ഞു. യു.പി സ്വദേശിയായ സൂരജ് പ്രസാദ് തബൂക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു കോൺട്രാക്ടിങ് കമ്പനിയിൽ നാലു വർഷം മുമ്പാണ് തൊഴിൽ വിസയിലെത്തിയത്. താമസരേഖയും ഇൻഷുറൻസും മറ്റും നൽകാതെയാണ് ജോലി ചെയ്യിപ്പിച്ചിരുന്നത്.
സൂരജ് അറിയാതെ നാലു വർഷം മുമ്പ് തന്നെ കമ്പനി ഫൈനൽ എക്സിറ്റ് അടിച്ചിരുന്നു. വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ മകളുടെ ശാസ്ത്രക്രിയക്ക് നാട്ടിൽ പോകാൻ രണ്ടു മാസം മുമ്പ് സൂരജ് കമ്പനിയോട് ആവശ്യപ്പെട്ടെങ്കിലും കമ്പനി തയാറായില്ല. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ ഫൈനൽ എക്സിറ്റിനു അപേക്ഷ നൽകിയെങ്കിലും രണ്ട് മൂന്ന് വർഷം മുൻപ് തന്നെ കമ്പനി ഫൈനൽ എക്സിറ്റ് അടിച്ചതിനാൽ ആ വഴിയും അടഞ്ഞു. സൂരജ് തർഹീൽ വഴിയും ലേബർകോടതി വഴിയും എക്സിറ്റിനു ശ്രമിച്ചെങ്കിലും വിഫലമാകുകയായിരുന്നു. കോൺസുലേറ്റ് കമ്യൂണിറ്റി വെൽഫെയർ അംഗം ഉണ്ണി മുണ്ടുപറമ്പിലിനെ സമീപിക്കാൻ നിർദേശിക്കുകയായിരുന്നു.
പ്രശ്നത്തിൽ ഇടപെട്ട ഉണ്ണി ലേബർ കോടതി മേധാവിയുമായി സംസാരിച്ച് കേസ് ഫയലിൽ സ്വീകരിച്ചു. നാല് വർഷം മുമ്പ് കമ്പനി നൽകിയ ഫൈനൽ എക്സിറ്റ് കാൻസൽ ചെയ്യാൻ 1000 റിയാൽ സൂരജിന്റെ സുഹൃത്തുക്കൾ നൽകി. തർഹീലിൽ നിന്നും കഴിഞ്ഞദിവസം ഫൈനൽ എക്സിറ്റ് വാങ്ങി നൽകി. തന്നെ നാട്ടിലെത്തിക്കാൻ കൂടെനിന്ന് സഹായിച്ച ഉണ്ണിക്കും ഒരു മാസത്തോളം താമസത്തിനും ഭക്ഷണത്തിനും സാഹചര്യമൊരുക്കിയ നൗഫലിനും നന്ദി പറഞ്ഞ് കഴിഞ്ഞ ദിവസം ദമ്മാം വഴി സൂരജ് ലഖ്നോവിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.