അബഹ: രക്തസമ്മർദ്ദവും പ്രമേഹവും മൂർച്ഛിച്ച് പക്ഷാഘാതമുണ്ടായി ശരീരത്തിന്റെ ഇടതുഭാഗം ചലനമറ്റ് ഒരു മാസമായി അസീർ സെൻട്രൽ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലായ ഉത്തർപ്രദേശ്, ആസാദ് മാർക്കറ്റ് സ്വദേശി അഷ്റഫ് അലിഖാൻ (60) നാടണഞ്ഞു. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന്റെ ഇടപെടലാണ് തുണയായത്. ഗാർഹിക തൊഴിലാളിയായി സൗദിയിൽ വന്ന അഷ്റഫ് അലി കഴിഞ്ഞ കുറേവർഷമായി കൃത്യമായ ജോലിയോ ശമ്പളമോ ഇല്ലാതെ പരിചയക്കാരായ നാട്ടുകാർക്ക് ഭക്ഷണമുണ്ടാക്കികൊടുത്തും അവർക്കൊപ്പം താമസിച്ചും കഴിയുകയായിന്നു. തന്റെ കീഴിൽനിന്ന് ഒളിച്ചോടിയെന്ന് സ്പോൺസർ പരാതിനൽകി ഒളിച്ചോട്ടക്കാരൻ (ഹൂറൂബ്) ഗണത്തിൽപ്പെടുത്തിയതിനാൽ അതിന്റെ നിയമക്കുരുക്കിലായിരുന്നു.
നാട്ടിൽ ഭാര്യയും അഞ്ചു പെൺമക്കളും ഒരു മകനും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയാമായിരുന്നു. അപ്രതീക്ഷിതമായി ഉണ്ടായ അസുഖത്തെ തുടർന്ന് അസീർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇയാളുടെ സുഹൃത്ത് ബിലാൽ സഹായം തേടി ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെടുകയായിരുന്നു. അബഹയിലെ സാമൂഹികപ്രവർത്തകനും കോൺസുലേറ്റ് കമ്യൂണിറ്റി വെൽഫെയർ മെമ്പറുമായ അഷ്റഫ് കുറ്റിച്ചലിനെ ചുമതലയേൽപിച്ചു. അദ്ദേഹം സ്പോൺസറെ ബന്ധപ്പെട്ട് പാസ്പോർട്ട് തിരിച്ചുവാങ്ങി. എന്നാൽ 'ഹുറൂബ്' ആയതിനാൽ ജവാസത്തിന്റെ നാടുകടത്തൽ കേന്ദ്രത്തിൽ നിന്നായിരുന്നു എക്സിറ്റ് നടപടികൾ പൂർത്തീകരിക്കേണ്ടിയിരുന്നത്. എന്നാൽ അവിടെ കൊണ്ടുപോയി കൈരേഖ പതിപ്പിച്ച് എക്സിറ്റ് അടിക്കാൻ കഴിയുന്ന ശാരീരികാരോഗ്യം ഇല്ലാത്തതിനാൽ കോൺസുലേറ്റിൽനിന്നും സഹായം അഭ്യർഥിച്ചുള്ള കത്ത് വാങ്ങി നാടുകടത്തൽ കേന്ദ്രം മേധാവി കേണൽ മുഹമ്മദ് മാന അൽ-ഖഹ്താനിയോടും ഉപമേധാവി കേണൽ സാലിം ഖഹ്താനിയോടും രോഗിയുടെ അവസ്ഥ ധരിപ്പിക്കുകയും അവരുടെ സഹായത്തോടെ ഫൈനൽ എക്സിറ്റ് തരപ്പെടുത്തുകയും ചെയ്തു.
തുടർന്ന് അഷ്റഫ് കുറ്റിച്ചലും യു.പി സ്വദേശികളായ സയ്യദ് ജാവേദ്, മഹറൂഫ്, ബിലാൽ അൻസാരി, മിത്താബ് തുടങ്ങിയവർ രോഗിക്കും കൂടെ പോകുന്ന ആളിനുമുള്ള ബിസിനസ്സ് ക്ലാസ്സ് ടിക്കറ്റ് എടുത്തു നൽകി. സൗദി എയർലൈൻസ് വിമാനത്തിൽ ജിദ്ദ വഴി ഡൽഹിയിലേക്ക് അയക്കാൻ അബഹ എയർപ്പോർട്ടിൽ എത്തിച്ചെങ്കിലും ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് യാത്രക്ക് അനുമതി കിട്ടിയില്ല. തുടർന്നു വീണ്ടും അസീർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം സൗദി എയർലൈൻ വിമാനത്തിൽ ജിദ്ദയിലേക്കും അവിടെ നിന്നും രാത്രി 8.30 നുള്ള വിമാനത്തിൽ ഡൽഹിയിലേക്കും കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.