സൗദി പൗരന്മാർക്ക് യു.എസ് സന്ദർശന വിസ കാലാവധി 10 വർഷമാക്കി

ബുറൈദ: സൗദി പൗരന്മാർക്കുള്ള അമേരിക്കൻ സന്ദർശന വിസയുടെ കാലാവധി അഞ്ചിൽ നിന്ന് 10 വർഷമാക്കി ഉയർത്തി. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ സൗദി സന്ദർശനം കഴിഞ്ഞ് മടങ്ങിയതിന് തൊട്ട് പിന്നാലെയാണ് റിയാദിലെ യു.എസ് സ്ഥാനപതി കാര്യാലയത്തിൽ നിന്നുള്ള അറിയിപ്പ് പുറത്ത് വന്നത്.

ടൂറിസം, വാണിജ്യം, സാമ്പത്തിക മേഖലകളിലെ പരസ്പര സഹകരണത്തിൽ ഇരുരാഷ്ട്രങ്ങളും തമ്മിൽ എത്തിച്ചേർന്ന ധാരണകളുടെ കൂടി അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. അടുത്ത മാസം ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. ഇരു രാജ്യങ്ങളുടെയും സമ്പദ്‌വ്യവസ്ഥക്ക് അനുഗുണമാകും വിധം പൗരന്മാർ തമ്മിലുള്ള പരസ്പര ധാരണകളും ഇടപാടുകളും ഊട്ടിയുറപ്പിക്കുന്നതിന് തീരുമാനം സഹായകമാകുമെന്ന് കാര്യാലയം പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നു.

ഇരു രാഷ്ട്രങ്ങൾക്കുമിടയിൽ ടൂറിസ്റ്റ്, ബിസിനസ് യാത്രകൾ സുഗമമാക്കുന്നതിന് നേരത്തെ തുടങ്ങിവെച്ച ശ്രമങ്ങളുടെ അടിസ്ഥാനത്തിലാണ് വിസ കാലാവധി വർധിപ്പിക്കുന്നത്. വർഷാരംഭത്തിൽ പ്രഖ്യാപിച്ച യു.എസ് വിസ നിബന്ധനകളിലെ 'അഭിമുഖം ഒഴിവാക്കൽ പദ്ധതി'യുടെ പൂർത്തീകരണം കൂടിയാണ് പുതിയ തീരുമാനമെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്.

ഈ പദ്ധതി പ്രകാരം 50 വയസിന് മുകളിലുള്ള സൗദി പൗരന്മാർക്ക് യു.എസ്‌ വിസ ലഭിക്കുന്നതിന് വേണ്ടിയിരുന്ന വ്യക്തിഗത അഭിമുഖം ഒഴിവാകും. ഇതിന്റെ പേരിൽ കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ കാലാവധി അവസാനിച്ചവർക്ക് പുതിയ തീരുമാന പ്രകാരം അഭിമുഖം കൂടാതെ യു.എസ് സന്ദർശന വിസ ലഭിക്കും.

Tags:    
News Summary - US visit visa validity for Saudi citizens increased to 10 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.