റിയാദ്: കോവിഡ് മൂലം നാട്ടിലകപ്പെട്ട പ്രവാസികൾക്ക് വാക്സിൻ സംബന്ധമായ ആശങ്കൾക്ക് ഉടൻ പരിഹാരം കാണണമെന്നും യാത്രാമധ്യേ ബഹ്റൈനിൽ കുടുങ്ങിയ പ്രവാസികളെ സൗദിയിലെത്തിക്കണമെന്നും കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി, വിദേശകാര്യമന്ത്രി, മുഖ്യമന്ത്രി, അംബാസഡർ, നോർക്ക സി.ഇ.ഒ എന്നിവർക്ക് അടിയന്തര സന്ദേശങ്ങൾ അയച്ചു.
സൗദിയിൽ കോവാക്സിന് അംഗീകാരമില്ലാത്ത സാഹചര്യത്തിൽ നാട്ടിൽ ഈ വാക്സിൻ എടുത്ത ഭൂരിഭാഗം പ്രവാസികളുടെയും ആശങ്ക മാറ്റാൻ സൗദിയുമായി നയതന്ത്രതലത്തിൽ ബന്ധപ്പെട്ട് നടപടികൾ നീക്കണം. സൗദി പ്രവാസികൾക്ക് ആസ്ട്രസെനക വാക്സിൻ നൽകാനും വാക്സിനേഷൻ മുൻഗണനയിൽ രാജ്യത്തെ പ്രായഭേദെമന്യെ എല്ലാ പ്രവാസികളെയും ഉൾപ്പെടുത്തണമെന്നും കെ.എം.സി.സി ആവശ്യപ്പെട്ടു.
സൗദിയിൽ കോവിഷീൽഡ് വാക്സിൻ എടുത്തവർക്കുള്ള സർട്ടിഫിക്കറ്റിൽ സൗദിയിൽ അംഗീകാരമുള്ള ആസ്ട്രെസനക്കയുടെ ശാസ്ത്രീയനാമം രേഖപ്പെടുത്താത്തതുമൂലം സൗദിയിൽ എത്തുന്ന പ്രവാസികൾ അമിത ചെലവുണ്ടാക്കുന്ന ഇൻസ്റ്റിറ്റ്യൂഷൻ ക്വാറൻറീനിലേക്ക് പോകേണ്ട സാഹചര്യം നിലവിലുള്ളതും കത്തിൽ വ്യക്തമാക്കി. അതോടൊപ്പം ബഹ്റൈനിൽ കുടുങ്ങിയ 1500ഓളം പ്രവാസികളെ സൗദിയിലെത്തിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
കോവിഡ് പ്രതിസന്ധിമൂലം നാട്ടിലെത്തി തിരിച്ചുപോരാൻ കഴിയാതെ കുടുങ്ങിക്കഴിയുന്ന പ്രവാസികളുടെ കുടുംബങ്ങൾക്ക് അടിയന്തര സഹായം എത്തിക്കാനും സർക്കാർ നടപടികൾ ആവിഷ്കരിക്കണമെന്ന് കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റിയുടെ ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു. ലക്ഷദ്വീപ് വിഷയത്തിൽ അഡ്മിനിസ്ട്രേറ്ററെ അടിയന്തരമായി തിരിച്ചുവിളിക്കണമെന്നും അവിടെ സ്വൈര ജീവിതം പുനഃസ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
നാട്ടിൽ കുടുങ്ങിക്കഴിയുന്ന പ്രവാസികളുടെ രേഖകൾ പുതുക്കിനൽകാനുള്ള സൗദി ഭരണാധികാരി സൽമാൻ രാജാവിെൻറ നടപടികളെ യോഗം പ്രശംസിച്ചു. യോഗത്തിൽ ചെയർമാൻ എ.പി. ഇബ്രാഹീം മുഹമ്മദ് അധ്യക്ഷതവഹിച്ചു. അഷ്റഫ് വേങ്ങാട്ട്, ഖാദർ ചെങ്കള, കുഞ്ഞിമോൻ കാക്കിയ, അഹമ്മദ് പാളയാട്ട്, അഷ്റഫ് തങ്ങൾ ചെട്ടിപ്പടി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.