മക്ക: റമദാൻ മാസത്തിൽ മക്കയിലും മദീനയിലും വാഹന പരിശോധന ശക്തമാക്കി. റമദാനിന്റെ ആദ്യ ആഴ്ചയിൽ 34,000ത്തിലധികം പരിശോധനകളാണ് ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റി നടത്തിയത്. ഗതാഗത മാനദണ്ഡങ്ങളും ചട്ടങ്ങളും പാലിക്കുന്നത് വർധിപ്പിക്കുന്നതിനും തീർഥാടകരുടെ യാത്രാസുരക്ഷ ഉറപ്പാക്കുന്നതിനും മന്ത്രാലയം നടത്തുന്ന നിരന്തര ശ്രമങ്ങളുടെ ഭാഗമായാണിത്.
മക്കയിൽ 24,632 പരിശോധനകൾ നടത്തിയതായും 5,530 ലംഘനങ്ങൾ നിരീക്ഷിച്ചതായും അതോറിറ്റി വ്യക്തമാക്കി. മദീനയിൽ 9,711 പരിശോധനകൾ നടത്തി. 1,054 നിയമലംഘനങ്ങൾ കണ്ടെത്തി. ഓപറേറ്റിങ് പെർമിറ്റില്ലാത്ത ഡ്രൈവർമാർ, ബസിൽ ആവശ്യമായ സാങ്കേതിക ഉപകരണങ്ങൾ സജ്ജീകരിക്കാതിരിക്കൽ, ദീർഘദൂര യാത്രകൾക്ക് അസിസ്റ്റൻറ് ഡ്രൈവർ ഇല്ലാതിരിക്കൽ എന്നിവയാണ് മക്കയിലെ ബസുകളിൽ കണ്ടെത്തിയ ഏറ്റവും ഗുരുതരമായ ലംഘനങ്ങൾ. ഓപറേറ്റിങ് കാർഡ് ഇല്ലാതെ വാഹനങ്ങൾ ഓടിക്കുക, റദ്ദാക്കിയ ഓപറേറ്റിങ് കാർഡ് ഉപയോഗിച്ച് വാഹനമോടിക്കൽ, ചരക്ക് ഗതാഗത രേഖ ഇല്ലാതിരിക്കൽ, അത്യാവശ്യമായ അംഗീകൃത സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കൽ എന്നിവയാണ് ട്രക്കുകളിൽ കണ്ടെത്തിയ പ്രധാന നിയമലംഘനങ്ങൾ.
ടാക്സി മേഖലയിലെ നിയമലംഘനങ്ങളിൽ പ്രധാനപ്പെട്ടത് ജോലി ചെയ്യുമ്പോൾ അംഗീകൃത യൂനിഫോം ധരിക്കുന്നതിലെ വീഴ്ച, സാങ്കേതികപ്രശ്നങ്ങളുള്ളതും അറ്റകുറ്റപ്പണികൾ നടത്താത്തതുമായ വാഹനങ്ങൾ, വാഹനത്തിൽ ആവശ്യമായ സാങ്കേതിക ഉപകരണങ്ങൾ ഇല്ലാതിരിക്കൽ എന്നിവയാണ്.
വർക്ക് പെർമിറ്റ് ഇല്ലാത്ത ഡ്രൈവർമാർ, ആവശ്യമായ സാങ്കേതിക ഉപകരണങ്ങൾ ഇല്ലാതിരിക്കൽ, ബസിലെ ടോയ്ലറ്റുകൾ ഉപയോഗശൂന്യമാകൽ എന്നിവയാണ് മദീനയിൽ ബസുകളിൽ കണ്ടെത്തിയ പ്രധാനപ്പെട്ട നിയമലംഘനങ്ങൾ.
ഓപറേറ്റിങ് കാർഡ് ഇല്ലാതെ വാഹനമോടിക്കൽ, ചരക്ക് ഗതാഗത രേഖ ഇല്ലാത്തത്, അംഗീകൃത മാനദണ്ഡം പാലിക്കാത്ത ഗാർഡ് റെയിലുകൾ എന്നിവ ചരക്ക് ലോറികളുടെ ലംഘനങ്ങളിൽ ഉൾപ്പെടും. ഓപറേറ്റിങ് കാർഡ് ലഭിക്കാതെ വാഹനം ഓടിക്കൽ, സാങ്കേതികപ്രശ്നങ്ങളുള്ളതും അറ്റകുറ്റപ്പണികൾ നടത്താത്തതുമായ വാഹനങ്ങൾ, ഡ്രൈവർ അംഗീകൃത യൂനിഫോം ധരിക്കാതിരിക്കൽ എന്നിവ ടാക്സികളിലെ നിയമലംഘനങ്ങളിൽ ഉൾപ്പെടുമെന്നും ഗതാഗത അതോറിറ്റി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.