സൗദിയിൽ ആംബുലൻസുകൾക്ക്​ വഴി മാറികൊടുത്തില്ലെങ്കിൽ വാഹനങ്ങൾക്ക്​ പിഴ

ജിദ്ദ: സൗദി അറേബ്യയിൽ ആംബുലൻസുകൾക്ക് വഴി മാറികൊടുക്കാത്ത വാഹനങ്ങൾക്കെതിരെ നിയമനടപടി കർശനമാക്കി. ഇത്തരം വാഹനങ്ങളെ നിരീക്ഷിക്കുന്ന ഓ​ട്ടോമാറ്റിക്​ സംവിധാനം ആരംഭിച്ചതായി സൗദി റെഡ്​ക്രസൻറ്​ അതോറിറ്റി അറിയിച്ചു. ട്രാഫിക്​ വകുപ്പി​ന്‍റെ സഹകരണത്തോടെയാണ്​ ഇത്​ നടപ്പാക്കുന്നത്​. ഞായറാഴ്​ച (മാർച്ച്​ 26) മുതൽ ഇത്​ നടപ്പായി.​

ആംബുലൻസുകൾക്ക്​ വഴി നൽകാതെ തടസ്സപ്പെടുത്തുന്നവരെയും അതിനെ പിന്തുടരുന്നവരെയും ഈ ഓ​ട്ടോമാറ്റിക്​ സംവിധാനം സ്വയമേവ നിരീക്ഷിക്കുകയും നിയമലംഘനം രേഖപ്പെടുത്തുകയും ചെയ്യുന്നതിനാണ്​ തുടക്കമായത്​. ജീവൻ സംരക്ഷിക്കുക, ട്രാഫിക് സുരക്ഷ വർധിപ്പിക്കുക, ഡ്രൈവർമാർ നിർദ്ദിഷ്​ട റോഡിലെ നിർദ്ദിഷ്​ട ട്രാക്കുകൾ തന്നെ പാലിക്കുന്നു എന്ന്​ ഉറപ്പാക്കുകയും അതി​ന്‍റെ ശതമാനം വർധിപ്പിക്കുകയും ചെയ്യുക എന്നിവ ലക്ഷ്യമിട്ടാണിത്​.


ഇത്​ ആംബുലൻസ് സേവനങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും വർധിപ്പിക്കുന്നതിന് സഹായിക്കുമെന്നും റെഡ്​ക്രസൻറ്​ വ്യക്തമാക്കി​. രണ്ട്​ ട്രാക്ക്​ മാത്രമുള്ള റോഡാണെങ്കിൽ വാഹനങ്ങൾ ഇടതുവലത്​ ഭാഗത്തേക്ക് കഴിയുന്നത്ര​ മാറി കൊടുത്ത്​ മധ്യ ട്രാക്ക്​ ആംബുലൻസിന്​ പോകാനായി ഒഴിവായികൊടുക്കണം. ഇനി റോഡ്​ മൂന്നോ അതിലധികമോ ട്രാക്കുകളു​ള്ളതാണെങ്കിൽ വലത്​, മധ്യ ട്രാക്കുകളിലെ വഹനങ്ങൾ കഴിയുന്നത്ര വലതു വശേത്തക്കും ഇടത്​ പാതയിലോടുന്ന വാഹനങ്ങൾ കഴിയുന്നത്ര ഇടത്​ ഭാഗത്തേക്കും നീങ്ങി ആംബുലൻസിന് പോകാൻ വഴിയൊരുക്കണമെന്നും റെഡ്​ക്രസൻറ്​ നിർദേശിക്കുന്നു​.

തുടക്കത്തിൽ ആംബുലൻസുകളുടെ സഞ്ചാരം തടസ്സപ്പെടുത്തുക അല്ലെങ്കിൽ ആംബുലൻസിനെ പിന്തുടരുക എന്നീ നിയമലംഘനങ്ങളാണ്​ നിരീക്ഷിക്കുക. ‘വഴി വിശാലമാക്കി കൊടുക്കുക’ എന്ന ശീർഷകത്തിൽ കഴിഞ്ഞ ഫെബ്രുവരിയിലാണ്​ ഇത്​ സംബന്ധിച്ച ബോധവത്​കരണം ആ​രംഭിച്ചത്​. ജീവൻ രക്ഷിക്കാൻ ആംബുലൻുകൾക്ക്​ വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായ ബോധവത്​കരണം നടത്തിയിരുന്നു. ആംബുലൻസുകൾക്ക്​ മുൻഗണന നൽകണമെന്നും ‘ഒരു മിനിറ്റ്’ പോലും​ ജീവൻ രക്ഷിക്കാൻ വിലപ്പെട്ടതാകുമെന്നും ബോധവത്​കരണ സന്ദേശത്തിൽ പറഞ്ഞിരുന്നു.

Tags:    
News Summary - Vehicles will be fined if they do not give way for ambulances

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.