അൽഖോബാർ: മൂന്നര പതിറ്റാണ്ടുകാലം കിഴക്കൻ പ്രവിശ്യയിലെ സാംസ്കാരിക രംഗത്ത് നിറഞ്ഞുനിന്ന തളിപ്പറമ്പ് സ്വദേശി വേണുഗോപാൽ നാടണയുന്നു. ദീർഘകാലം ഒ.ഐ.സി.സി കണ്ണൂർ ജില്ല പ്രസിഡൻറായി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ കഴിഞ്ഞ നിറവിലാണ് വേണുഗോപാൽ നാടണയുന്നത്. കണ്ണൂർ കൂടാളി സ്വദേശി സുധീഷിനെ നാടണയാൻ സഹായിച്ചതാണ് പ്രധാന പ്രവർത്തനം. സുധീഷ് ഓടിച്ച വാഹനം അപകടത്തിൽ പെടുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. അപകടത്തിൽ ഒരു സ്വദേശിക്കും പരിക്കേറ്റതിനാൽ 80,000 റിയാൽ നഷ്ടപരിഹാരം കൊടുക്കേണ്ടിവന്നു. കണ്ണൂർ ജില്ല ഒ.ഐ.സി.സിയാണ് ഈ സംഖ്യ പിരിച്ച് നൽകിയത്. പ്രവാസി പുനരധിവാസവുമായി ബന്ധപ്പെട്ട് 10 വർഷം മുമ്പ് കാസർകോട് ജില്ലയിൽ പ്രവാസി ഫുഡ് പ്രോസസിങ് എന്ന കമ്പനി തുടങ്ങി. ഒ.ഐ.സി.സി നാഷനൽ പ്രസിഡൻറ് പി.എം. നജീബ്, ബിജു കണ്ണൂർ, മുസ്തഫ എന്നിവരുടെ പ്രോത്സാഹനവും കണ്ണൂർ ഒ.ഐ.സി.സി പ്രവർത്തകരുടെ കൂട്ടായ പ്രവർത്തനവുമാണ് ഇതിന് സഹായിച്ചതെന്ന് വേണുഗോപാൽ പറഞ്ഞു. 1986ലാണ് വേണുഗോപാൽ സൗദിയിലെ പഴയ ദഹ്റാൻ എയർപോർട്ടിൽ വന്നിറങ്ങുന്നത്.
അന്ന് കുവൈത്ത് -ഇറാഖ് യുദ്ധത്തിൽ പല സ്ഥലങ്ങളിലായി താമസിച്ചാണ് ജോലി ചെയ്തിരുന്നത്. പ്രവാസത്തിൽനിന്ന് പിരിഞ്ഞുപോകുന്നതുവരെ ഒരേ കമ്പനിയിൽ തന്നെയായിരുന്നു ജോലി. പ്രൊക്യുർമെൻറ് മാനേജറായാണ് വിരമിക്കുന്നത്. ഖോബാർ ദോസരി ആശുപത്രിയിൽ ലാബ് സൂപ്പർവൈസറായി ജോലി ചെയ്തിരുന്ന സ്നേഹസുധയാണ് ഭാര്യ. വിപുൽ വേണുഗോപാൽ (നെതർലൻഡ്സ്), വൈഭവ് വേണുഗോപാൽ എന്നിവർ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.