സാമൂഹിക മാധ്യമങ്ങളിലെ വാക്ക് തർക്കം തെരുവിൽ കയാങ്കളിയിലേക്ക് നീങ്ങുന്നു

അബഹ: വിവിധ സാമൂഹിക മാധ്യമങ്ങളിലെ അംഗങ്ങൾ നടത്തുന്ന വാക്ക് തർക്കവും വഴക്കും പരസ്പരമുള്ള അപമാനിക്കലും പോർവിളികളുമെല്ലാം ഡിജിറ്റൽ പ്ലാറ്റ് ഫോമുകളിൽ നിന്നിറങ്ങി തെരുവിൽ കയാങ്കളിയിലേക്ക് നീങ്ങുന്നതായി ആക്ഷേപം. പ്രവാസലോകത്താണ് ഇത്തരം സംഭവങ്ങൾ കൂടുതലായി നടക്കുന്നത്. അതിൽ തന്നെ ഒരു വിഭാഗം മലയാളികളാണ് ഇത്തരത്തിലുള്ള പ്രവൃത്തികളിൽ മുൻപന്തിയിൽ എന്നതാണ് ലജ്ജാകരം.

വിദ്യാഭ്യാസ നിലവാരത്തിലും പെരുമാറ്റത്തിലും മറ്റും ഉന്നതനിലവാരമുള്ള മലയാളികൾ സാമൂഹിക മാധ്യമങ്ങളിൽ നടത്തുന്ന ഇത്തരം പ്രവൃത്തികൾ വിവിധ രാജ്യങ്ങളിലെ അധികാരികൾക്ക് ഇവർക്കെതിരെ നടപടികൾ എടുക്കേണ്ട അവസ്ഥയിൽ എത്തിച്ചിട്ടുണ്ട്.

ഇങ്ങിനെയുള്ള ഒരു സംഭവമാണ് ഇപ്പോൾ സൗദിയിലെ അബഹയിൽ നടക്കുന്നത്. ഹൗസ് ഡ്രൈവർ വിസയിൽ റിയാദിൽ ജോലി ചെയ്തിരുന്നയാളും ടിക്ടോകിൽ സജീവ സാന്നിധ്യവുമായിരുന്ന ഒരു വ്യക്തി ഇപ്പോൾ ജോലി ആവശ്യാർഥം ഖമീസ് മുശൈത്തിൽ എത്തിയിട്ടുണ്ട്. അദ്ദേഹവും ടിക്ടോക്കിലെ മറ്റു ചിലരുമായുള്ള പ്രശ്‌നത്തിന്റെ പേരിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ മോർഫ് ചെയ്ത ചിത്രങ്ങൾ ചിലർ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു. അതിന് മറുപടിയായി അദ്ദേഹം ഇത് ചെയ്തതെന്ന് സംശയിക്കുന്നവർക്കെതിരെ അസഭ്യവർഷവും നടത്തി.

സംഭവത്തിന്റെ പേരിൽ ഇദ്ദേഹത്തെ ചിലർ തെരുവിൽ ചോദ്യം ചെയ്യുന്ന അവസ്ഥയുമുണ്ടായി. ഇതിന്റെ പേരിലുള്ള വാദപ്രതിവാദങ്ങൾ ഇപ്പോഴും ടിക്ടോക്കിൽ നടന്നുകൊണ്ടിരിക്കുകയാണ്. സാമൂഹിക മാധ്യമങ്ങളുടെ നല്ല വശങ്ങൾ ഉപയോഗപ്പെടുത്തുന്നതിന് പകരം തെരുവിലും അല്ലാതെയുമുള്ള ഇത്തരം പെരുമാറ്റങ്ങൾ മുഴുവൻ ഇന്ത്യൻ സമൂഹത്തിനും അപമാനകരമാണെന്നും ഇത്തരം സംഭവങ്ങളിൽ നിന്നും പ്രവാസികൾ വിട്ടുനിൽക്കണമെന്നും ഇത് അധികാരികളുടെ മുമ്പിലെത്തിയാൽ ശിക്ഷ കനത്തതായിരിക്കുമെന്നും സാമൂഹിക പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു.

Tags:    
News Summary - verbal spat on social media is spilling over into the streets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.