മൂന്ന്​ ഘട്ടങ്ങളായി 21 വിമാനങ്ങൾ മാത്രം; തങ്ങളോടെന്തിനീ അവഗണനയെന്ന് സൗദിയിലെ പ്രവാസികൾ

ജിദ്ദ: വിദേശ നാടുകളിൽ ദുരിതത്തിലായ പ്രവാസി ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ ആരംഭിച്ച വന്ദേഭാരത് മിഷനിൽ സൗദി അറേബ്യക്ക്​ ​ പ്രാധാന്യം കുറഞ്ഞതിൽ പ്രതിഷേധം പുകയുന്നു. ഇതുവരെ വന്ന വിമാന ഷെഡ്യൂളുകളിൽ വളരെ കുറച്ച്​ സർവിസുകൾ മാത്രമാണ്​ സൗദിക്കായി മാറ്റിവെച്ചത്​. 26 ലക്ഷം ഇന്ത്യക്കാരാണ് സൗദിയിലുള്ളത്. ഇതിൽ 14 ലക്ഷത്തോളമാണ്​ മലയാളികൾ. 60,000ൽപരം ആളുകളാണ് അടിയന്തിരമായി ഇന്ത്യയിലേക്ക് മടങ്ങാൻ എംബസിയിൽ രജിസ്​റ്റർ ചെയ്തു കാത്തിരിക്കുന്നത്. 

ഗർഭിണികളും അടിയന്തിര ചികിത്സ ആവശ്യമുള്ളവരും ജോലി നഷ്​ടപ്പെട്ട് മാസങ്ങളോളമായി ശമ്പളമില്ലാതെ റൂമിലിരിക്കുന്നവരും സന്ദർശന വിസയിലെത്തി രാജ്യത്ത് കുടുങ്ങിപ്പോയ വൃദ്ധരുൾപ്പെടെയുള്ളവരുമാണ്​ മഹാഭൂരിപക്ഷവും. ഇത്രയും അപേക്ഷകരുണ്ടായിട്ടും ഇതുവരെ സൗദിയിൽനിന്ന്​ ഇന്ത്യയിലേക്ക് അനുവദിച്ച വിമാനസർവിസുകളുടെ എണ്ണമാവട്ടെ വളരെ പരിമിതവും. 

സൗദി അറേബ്യയിൽനിന്ന്​ മൂന്ന് ഘട്ടങ്ങളായി ഇതുവരെ അനുവദിച്ച സർവിസുകളുടെ എണ്ണം കേവലം 21 മാത്രമാണ്. എന്നാൽ, യു.എ.ഇയിൽനിന്ന്​ ഇതിനകം 114 വിമാനങ്ങളാണ് ഇന്ത്യയിലേക്ക് സർവിസ്  നടത്തിയത്. അതിൽ 73 സർവിസുകൾ കേരളത്തിലേക്ക് മാത്രമായിരുന്നു. സൗദിയെ അപേക്ഷിച്ച് വളരെ കുറഞ്ഞ പ്രവാസികളുള്ള ഒമാനിൽനിന്ന്​ 18, കുവൈത്തിൽനിന്നും ഖത്തറിൽനിന്നും​ 10 വീതം, ബഹ്‌റൈനിൽനിന്ന്​ എട്ട്​ എന്നിങ്ങനെ സർവിസുകൾ നടത്തിയതായാണ് കണക്കുകൾ. 

മൂന്നാം ഘട്ടത്തിൽ ഈ രാജ്യങ്ങളിൽ നിന്നെല്ലാം പുതിയ ഷെഡ്യൂളുകൾ വരാനിരിക്കുന്നതെയുള്ളൂ. തീർച്ചയായും ഈ സർവിസുകളെല്ലാം ആവശ്യമുള്ളത് തന്നെ. എന്നാൽ, എന്തുകൊണ്ടാണ് സൗദിയിൽ നിന്നുള്ള സർവിസുകളിൽ കുറവ്​ എന്നതിനെക്കുറിച്ച്​ കൃത്യമായ മറുപടി അധികാരികളുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. നിരന്തര പ്രയത്നത്തിലൊടുവിൽ ആദ്യമായി ഗൾഫിൽ നിന്നുള്ള ചാർട്ടേഡ് വിമാനം ചൊവ്വാഴ്ച ജിദ്ദയിൽനിന്ന്​ സർവിസ് ആരംഭിച്ചിട്ടുണ്ടെങ്കിലും ദുരിതത്തിലായ സാധാരണ പ്രവാസികളെസംബന്ധിച്ച് ഉയർന്ന നിരക്കിലുള്ള ടിക്കറ്റെടുത്ത് അതിൽ യാത്ര ചെയ്യുക പ്രയാസമാണ്. 

അതിനാൽ വന്ദേ ഭാരത് മിഷൻ പദ്ധതിക്ക് കീഴിൽ തന്നെ കൂടുതൽ വിമാനസർവിസുകൾ സൗദിയിൽനിന്ന്​ നടത്തണം എന്നാണ് പ്രവാസികൾ ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നത്. ഇതുസംബന്ധിച്ച നിരവധി നിവേദനങ്ങൾ വിവിധ സംഘടനകളും കൂട്ടായ്മകളുമെല്ലാം കേന്ദ്ര, കേരള സർക്കാറുകൾക്കും രാഷ്​ട്രീയ നേതാക്കൾക്കുമെല്ലാം അയച്ചു കാത്തിരിക്കുകയാണ്. ഇതിനിടക്കാണ് കേരളത്തിലേക്കുള്ള പ്രവാസികളുടെ മടക്കം കുറക്കണമെന്ന് കേരളം കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടതായി കേന്ദ്രമന്ത്രി വി. മുരളീധര​​െൻറ പ്രസ്താവന വരുന്നത്. 

സൗദിയിൽ ദിനംപ്രതി മലയാളികളിൽ കോവിഡ് പോസിറ്റീവ് കേസുകൾ വർധിച്ചുവരികയാണ്. ഇവരിൽ ചിലരുടെ സ്ഥിതി ഗുരുതരമാണ്. 42 മലയാളികളാണ് സൗദിയിൽ മാത്രമായി ഇതുവരെ കോവിഡ് ബാധിച്ച്​ മരിച്ചത്. ഗുരുതര സ്ഥിതിയിൽ പോലും ആവശ്യമുള്ള വൈദ്യസഹായം സമയത്തിന് കിട്ടാതെയാണ് പലരുടെയും ജീവൻ നഷ്​ടപ്പെട്ടത്. ഗൾഫിലാകെ 160ഒാളം മലയാളികൾ കോവിഡ് ബാധിച്ച്​ മരിച്ചതായാണ് കണക്കുകൾ. 

ഹൃദയാഘാതവും മറ്റുമായി ദിനംപ്രതി നിരവധി പേർ മരണത്തിന് കീഴടങ്ങിക്കൊണ്ടിരിക്കുന്നു. ഇങ്ങനെയുള്ള ഗുരുതര സ്ഥിതിയിൽ അടിയന്തിരമായി പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് പകരം ഈ സമയത്തും രാഷ്​ട്രീയ നേതാക്കൾ വില കുറഞ്ഞ രാഷ്​ട്രീയം കളിച്ചു പരസ്പരം കുറ്റപ്പെടുത്തി ദിവസങ്ങൾ തള്ളിനീക്കുകയാണെന്നാണ്​ പ്രവാസികളിൽ നിന്നുയരുന്ന ധാർമികരോഷം.

Tags:    
News Summary - very few flights to saudi arabia from india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.